
കുന്നിടിച്ചുള്ള ദേശീയപാത നിർമാണം: പണിയെടുക്കുന്ന തൊഴിലാളികൾക്ക് എന്താണ് സുരക്ഷ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദേശീയ പാതയിൽ കുന്നിടിച്ച ഭാഗത്തു കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് കാസർകോട് മട്ടലായിയിൽ തൊഴിലാളി മരിച്ചത്. കുന്നിടിച്ചുള്ള ദേശീയ പാത നിർമാണം, നമ്മുടെ കൺമുന്നിലും നടക്കുകയാണ്. ഇവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് എന്താണ് സുരക്ഷ? ഈ കുന്നുകൾക്കു മുകളിലെ മനുഷ്യരുടെ ജീവന് എന്ത് വില? ഈ വഴി സഞ്ചരിക്കുന്നർക്ക് എന്താണ് സുരക്ഷ? ഈ ചോദ്യങ്ങൾക്കുത്തരം തേടിയുളള പരമ്പര….
കൊയിലാണ്ടി∙ കുന്ന്യോറമല– ഈ നാടിനെ ഈ പേരിൽ ഇനി വിളിക്കാമോയെന്നറിയില്ല. കാരണം, ദേശീയപാതയ്ക്കായി കുന്ന്യോറമല നെടുകെ മുറിച്ചെടുത്തു പോയി. ശുദ്ധജല ക്ഷാമം ഒഴിച്ച് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു കുന്ന്യോറമലയ്ക്ക്. 135 കുടുംബങ്ങൾ സമാധാനത്തോടെ ജീവിച്ച നാട്. മിക്കവരും 4 സെന്റ് വീതം പട്ടയം കിട്ടിയ സാധാരണ കുടുംബങ്ങൾ. അശാസ്ത്രീയമായ ദേശീയപാത നിർമാണം, മഴക്കാലമടുക്കും തോറും അവരുടെ ഉറക്കം കെടുത്തുന്നു. കുട്ടികളും യുവാക്കളും സ്ത്രീകളും അടങ്ങുന്ന നാട്ടുകാർ 5 ദിവസമായി സമരമുഖത്താണ്.
ദേശീയപാതയിൽ നന്തി–ചെങ്ങോട്ടുകാവ് ബൈപാസിനു (9 കിലോമീറ്റർ) വേണ്ടി 35 മീറ്റർ ആഴത്തിലും 45 മീറ്റർ വീതിയിലുമാണു കുന്ന്യോറമല തുരന്നത്. ദേശീയപാത വികസനത്തിനായി 3 വർഷം മുൻപാണു മല തുരന്നു തുടങ്ങിയത്. കുത്തനെ തുരന്നതോടെ, പാതയോടു ചേർന്ന് ഇരുഭാഗത്തുമുള്ള വീടുകൾ ഭീഷണയിലായി. പല വീടുകളിലും വിള്ളൽ വീണു. കഴിഞ്ഞ മഴക്കാലത്തു റോഡിന് ഇരുവശവും മണ്ണിടിഞ്ഞു. ഷീബയുടെ ശ്രീദീപം വീടിന്റെ മതിൽ ഇടിഞ്ഞു. ഇരുവശത്തും റോഡിനോടു ചേർന്ന് കുന്നിൻമുകളിലുള്ള 19 വീട്ടുകാർ വാടക വീട്ടുകളിലേക്കു മാറിത്താമസിക്കേണ്ടി വന്നു. കിണറുകളിൽ വെള്ളം വറ്റി. ഇവിടേക്കുണ്ടായിരുന്ന 2 റോഡുകളും മുറിഞ്ഞു പോയി. പടിഞ്ഞാറു ഭാഗത്തു മാത്രം, ദേശീയപാതയിൽ നിന്നു ചെറിയൊരു താൽക്കാലിക റോഡ് കുന്നിൻ മുകളിലേക്കു നിർമിച്ചെങ്കിലും സുരക്ഷിതല്ല. കുന്ന്യോറമലയിലെ 2 കോളജുകളിലേക്കുള്ള വഴി മുറിഞ്ഞുപോയി. കുറ്റ്യാടി ജലസേചന കനാൽ റോഡ് വഴി പയ്യോളിയിലേക്കുള്ള ഗതാഗതം മുടങ്ങി.
കുന്ന്യോറമല ശുദ്ധജല പദ്ധതിയുടെ സംഭരണിയിലേക്കുള്ള പമ്പിങ് ലൈൻ മുറിഞ്ഞുപോയി. റോഡില്ലാതായതോടെ, നഗരസഭയുടെ ടാങ്കർ ലോറികൾക്ക് ഇവിടെ ശുദ്ധജലം എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു വാർഡ് കൗൺസിലർ കെ.എം.സുമതി പറഞ്ഞു. മണ്ണിടിച്ചിൽ തടയാനായി സോയിൽ ലൈനിങ് നടത്തിയപ്പോൾ, പുഷ്പ ഭാസ്കരന്റെ വീട്ടിലെ കുഴൽ കിണറിൽ കോൺക്രീറ്റ് മിശ്രിതം വീണതായും പരാതിയുണ്ട്. പല തലങ്ങളിലും പരാതിയുന്നയിച്ചിട്ടും നടപടിയില്ലാതായതോടെയാണു സംയുക്ത സമരസമിതി സമരം തുടങ്ങിയത്. ഇന്നലെ, നിർമാണ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു. പൊലീസെത്തി, സമരസമിതി പ്രവർത്തകരുമായി ചർച്ച നടത്തിയാണു താൽക്കാലികമായി പ്രശ്നം പരിഹരിച്ചത്.