
ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ പരിശോധന; അനുവദിച്ചതിലധികം മണ്ണ് എടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര∙ പരിസരവാസികളുടെ എതിർപ്പ് വകവയ്ക്കാതെ മണ്ണ് ഖനനം ചെയ്യുന്ന ചെമ്മരത്തൂർ ഉപ്പിലാറ മലയിൽനിന്ന് അനുവദിച്ചതിലും കൂടുതൽ മണ്ണ് എടുത്തതായി കണ്ടെത്തി. തഹസിൽദാറുടെ നേതൃത്വത്തിൽ ഇന്നലെ താലൂക്ക് സർവേയർ നടത്തിയ പരിശോധനയിലാണ് അധികം വരുന്ന 8 മീറ്റർ ഭാഗത്ത് മണ്ണ് എടുത്തത് കണ്ടെത്തിയത്. മലയിൽ നിന്ന് ഒരു ഏക്കറിൽ മണ്ണ് എടുക്കാനാണ് അധികൃതർ അനുവദിച്ചത്. അനുവദിക്കപ്പെട്ടതിലും കൂടുതൽ മണ്ണ് എടുത്തത് ഇന്ന് വില്ലേജ് ഓഫിസിൽ നടക്കുന്ന മോണിറ്ററിങ് കമ്മിറ്റി മുൻപാകെ അവതരിപ്പിക്കും.
ദേശീയപാത പ്രവൃത്തിക്ക് വേണ്ടിയാണ് ഉപ്പിലാറ മലയിൽ നിന്നു മണ്ണ് എടുക്കുന്നത്. മണ്ണെടുപ്പ് പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ വാർഡ് മെംബർ രതീഷ് അനന്തോത്തിന്റെ നേതൃത്വത്തിൽ സമര സമിതി രൂപീകരിച്ച് സമരത്തിലാണ്. മണ്ണെടുക്കുന്നത് പല തവണ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചത്. മണ്ണ് എടുക്കാൻ അനുമതി നൽകിയ സ്ഥലം അളന്നു തിട്ടപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
കലക്ടർ, ആർഡിഒ എന്നിവരുടെ ആവശ്യപ്രകാരമാണ് മണ്ണെടുക്കുന്ന ഭാഗം അളന്നത്. കഴിഞ്ഞ ദിവസം ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഉപ്പിലാറ മലയിൽ നിന്ന് 8 മീറ്ററിൽ അധികം മണ്ണ് എടുത്തതിനു പുറമേ വലിയ കുഴി എടുത്തതായും സമരസമിതി കുറ്റപ്പെടുത്തി. നേരത്തേ ഉണ്ടായിരുന്ന തട്ട് എടുത്തു മാറ്റിയിരുന്നു. അവിടെയാണ് കുഴി രൂപപ്പെട്ടത്.
മഴ ശക്തമായാൽ കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തെ വീടുകൾക്ക് ഭീഷണിയാകുമെന്ന് പരാതി ഉണ്ട്. ഭാരമേറിയ ലോറികൾ കടന്നുപോയി തകർന്ന റോഡിൽ ടാർ മിശ്രിതം ഇട്ടിരുന്നു. കഴിഞ്ഞ ദിവസം ശക്തമായി മഴ പെയ്തതിനാൽ ഇന്നലെ മലയിൽ നിന്ന് മണ്ണ് എടുത്തില്ല.