
പുതിയ പാലം തുറന്നുകൊടുത്തു; അറപ്പുഴയിൽ കുരുക്ക് അഴിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാമനാട്ടുകര ∙ ആറുവരി ദേശീയപാതയിൽ അഴിഞ്ഞിലത്ത് പതിവായ ഗതാഗതക്കുരുക്കിന് വിരാമമിട്ട് അറപ്പുഴയിലെ പുതിയ പാലം ഗതാഗതത്തിനു തുറന്നു. ഭാര പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാവിലെയാണു നഗരത്തിലേക്കുള്ള വാഹനങ്ങൾക്കു പാലത്തിലൂടെ ഗതാഗതം അനുവദിച്ചത്.നടപ്പാതയിൽ പൂട്ടുകട്ട പാകൽ, കുറച്ചു ഭാഗങ്ങളിൽ കൈവരി സ്ഥാപിക്കുന്ന പണികൾ ബാക്കിയുണ്ട്. ഇവ പുരോഗമിക്കുകയാണ്. ചാലിയാറിനു കുറുകെ നിലവിലെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണു 3 വരി ഗതാഗതത്തിനു യോജ്യമായ പുതിയ പാലം നിർമിച്ചത്. പന്തീരാങ്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ അഴിഞ്ഞിലം മേൽപാലം ഇറങ്ങിവരുന്ന ഇടത്താണ് പാലം.
8 സ്പാനുകളോടെ 296 മീറ്റർ നീളമുണ്ട്. 15.5 മീറ്ററാണു വീതി. നേരത്തെ അഴിഞ്ഞിലം മേൽപാലം ഇറങ്ങി വരുന്ന വാഹനങ്ങൾ രണ്ടുവരി പാലത്തിനു സമീപത്തേയ്ക്കായിരുന്നു എത്തിയിരുന്നത്. ഇതായിരുന്നു അറപ്പുഴയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. പുതിയ പാലം തുറന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി.അറപ്പുഴ പാലത്തിന്റെ കിഴക്കു ഭാഗത്തു രണ്ടുവരി ഗതാഗതത്തിനു യോജ്യമായ മറ്റൊരു പാലം കൂടി നിർമിക്കുന്നുണ്ട്. ഇതിന്റെ തൂണുകളുടെ പൈലിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. നദിയിൽ 26 മീറ്റർ വരെ ആഴത്തിൽ പൈലിങ് നടത്തിയാണു പാലത്തിനു തൂണുകൾ ഒരുക്കുന്നത്. ഒരുവർഷത്തിനകം പുതിയ പാലം പൂർത്തിയാക്കാനാണ് കരാർ കമ്പനി ലക്ഷ്യമിടുന്നത്.