
കലക്ടറുടെ ഉത്തരവ്: വിലങ്ങാട്ടെ നിർമാണ പ്രവൃത്തികൾ മുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിലങ്ങാട്∙ ഉരുൾ പൊട്ടലുണ്ടായ വിലങ്ങാട് മേഖലയിലെ വിവിധ വാർഡുകളിൽ നിർമാണ പ്രവൃത്തികൾ വിലക്കിക്കൊണ്ടുള്ള കലക്ടറുടെ ഉത്തരവിനെ തുടർന്ന് 3 റോഡ് പ്രവൃത്തികൾ നിർത്തി വച്ചു. വാണിമേൽ പഞ്ചായത്ത് ആറര ലക്ഷം രൂപ അനുവദിച്ചു കരാർ നൽകിയ വലിയ പാനോം കുരിശു പള്ളി റോഡ്, തൊഴിലുറപ്പ് പദ്ധതിയിൽ പണി തുടങ്ങാനിരുന്ന ആലിമൂല ഉടുമ്പിറങ്ങി റോഡ്, ഉടുമ്പിറങ്ങി സെമിത്തേരി റോഡ് എന്നിവയുടെ പണിയാണ് തുടങ്ങേണ്ടതില്ലെന്ന് കരാറുകാർക്ക് പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയത്. രണ്ടര ലക്ഷം രൂപ വീതമാണ് ഈ റോഡുകളുടെ നവീകരണത്തിന് അനുവദിച്ചിരുന്നത്.
ഉരുൾ പൊട്ടലിൽ വീട് പൂർണമായി തകർന്നവർക്ക് ഷാഫി പറമ്പിൽ എംപിയും താമരശ്ശേരി രൂപതയും നിർമാണം തുടങ്ങിയ വീടുകളും കലക്ടർ വിലക്ക് ഏർപ്പെടുത്തിയ പ്രദേശങ്ങളിലാണ് നിർമിക്കുന്നത്. ഏതൊക്കെ സ്ഥലമാണ് ഉരുൾ പൊട്ടലിനു സാധ്യതയുള്ള ഭാഗം എന്നത് എൻഐടിയുടെ നേതൃത്വത്തിൽ പഠനം നടത്തിയെങ്കിലും ഇതിന്റെ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകാത്തതിനാൽ പലരും അവരവർക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ സ്ഥലം വാങ്ങി വീടുകൾ നിർമിക്കാനുള്ള ഒരുക്കം തുടങ്ങിയതിനിടയിലാണ് കലക്ടറുടെ വിലക്ക് ഉത്തരവായി ഇറങ്ങിയത്.
ഇതോടെ വീടുകൾ നിർമിച്ചാൽ തന്നെ ഇവയ്ക്ക് നമ്പർ ലഭ്യമാകുന്നതിനും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും തടസ്സം നേരിട്ടേക്കും. വീടുകൾ പൂർണമായി നഷ്ടമായവർക്ക് 15 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചെങ്കിലും പലർക്കും ഈ തുക ലഭ്യമായിട്ടില്ല. ഇതടക്കമുള്ള നിലപാടിനെതിരെ വിലങ്ങാട്ടുകാർ രാഷ്ട്രീയം മറന്നു സമരമുഖത്തേക്ക് ഇറങ്ങാനിരിക്കെയാണ് കലക്ടറുടെ പുതിയ ഉത്തരവ്. വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലാണ് നിലവിൽ ദുരിത ബാധിതമായി പ്രഖ്യാപിച്ചതും നിർമാണ ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തിയതും.
വില്ലേജ് ഓഫിസിലേക്ക് 15ന് കോൺഗ്രസ് മാർച്ച്
വിലങ്ങാട്∙ ഉരുൾ പൊട്ടൽ ദുരിത മേഖലയിൽ നിർമാണങ്ങളൊന്നും പാടില്ലെന്ന കലക്ടറുടെ ഉത്തരവിലും സർക്കാർ സഹായം നൽകുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ചും 15ന് വിലങ്ങാട് വില്ലേജ് ഓഫിസ് ഉപരോധിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.