കുന്നമംഗലം∙ പുലർച്ചെ കൂട്ടിയിടിയുടെ ശബ്ദംകേട്ട് ഞെട്ടി ഉണർന്ന പരിസരവാസികൾ കണ്ടത് ദേശീയപാതയിൽ പതിമംഗലത്ത് തകർന്നു കിടക്കുന്ന പിക്കപ് വാനും കാറും. ഉള്ളിൽ കുടുങ്ങിയ 5 പേരെ രക്ഷിക്കാനായി ഓടിക്കൂടിയവർക്ക് ഇടിച്ചുകയറിയ പിക്കപ് വാനും കാറും നീക്കാനാകാത്ത സ്ഥിതി. നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും കഠിന പരിശ്രമം നടത്തിയാണ് ഒരാളെ പുറത്തെടുത്ത് കാറിൽ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ഇടിച്ചുകയറിയ വാഹനങ്ങൾ മറ്റു വാഹനങ്ങൾ ഉപയോഗിച്ചു കെട്ടിവലിച്ചു വേർപെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നു വെള്ളിമാടുകുന്നിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ പൊളിച്ചുമാറ്റിയാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും മറ്റു യാത്രക്കാരും ചേർന്ന് നടത്തിയ അവസരോചിത ഇടപെടലിനെ തുടർന്ന്, അപകടം നടന്ന അര മണിക്കൂറിനുള്ളിൽ തന്നെ പരുക്കേറ്റവരെ പുറത്തെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു.
തുടർച്ചയായ വളവുകളും കയറ്റവും കാരണവും കാഴ്ചമറയുന്ന, പന്തീർപാടം മുതൽ പടനിലം വരെയുള്ള ഭാഗം ദേശീയപാതയിലെ സ്ഥിരം അപകടമേഖലയാണ്. ആഴ്ചകൾ മുൻപ് പതിമംഗലം പെട്രോൾ പമ്പിന് മുൻവശത്ത് പിക്കപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥിയായ യുവതി മരിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

