കോഴിക്കോട്∙ ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചിൽ 15നു രാവിലെ 8 മുതൽ ടോൾ ഈടാക്കിത്തുടങ്ങും. ടോൾനിരക്കു ഗതാഗത മന്ത്രാലയം ഈ മാസം 7ന് വിജ്ഞാപനം ചെയ്തിരുന്നു.
വിജ്ഞാപനം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങാനുള്ള നടപടി പൂർത്തിയായത്. കഴിഞ്ഞ ദിവസങ്ങളിൽ ടോൾ പ്ലാസയിൽ നടന്ന ട്രയൽ റണ്ണും വിജയകരമായിരുന്നു.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ വരുന്ന, സ്വകാര്യ കാറുടമകൾക്കുള്ള 340 രൂപയുടെ പ്രതിമാസ പാസ് ഇന്നു വിതരണം തുടങ്ങും.
വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡുമായി ടോൾ പ്ലാസയിൽ എത്തിയാൽ പ്രതിമാസ പാസ് ലഭിക്കും. ഈ പാസ് ഉപയോഗിച്ച് ഒരു മാസം എത്ര തവണ വേണമെങ്കിലും ഒളവണ്ണ ടോൾ പ്ലാസ കടന്നുപോകാം.
പ്രതിമാസ പാസുള്ളവർക്കു 3000 രൂപയുടെ വാർഷിക പാസ് വാങ്ങുന്നതിനു തടസ്സമില്ലെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു. ഈ പാസ് ഉള്ളവർ നിശ്ചിത ടോൾ പ്ലാസ കടന്നുപോകുമ്പോൾ പ്രതിമാസ പാസിൽ നിന്നാണു പണം ഈടാക്കുക.
വാർഷിക പാസ് ഉപയോഗിച്ച് സ്വകാര്യ കാറുകൾക്ക് ഇന്ത്യയിലെ ഏതു ടോൾ പ്ലാസ വഴിയും 200 തവണ കടന്നുപോകാം. ഒരു വർഷമാണു കാലാവധി.
ടോൾ പിരിവിൽ ഫാസ്റ്റാഗിനാണു മുൻഗണന.
യുപിഐ വഴി പണമടയ്ക്കുന്നവർ 0.25% അധിക തുകയും പണമായി അടയ്ക്കുന്നവർ ഇരട്ടി നിരക്കും നൽകേണ്ടി വരും. നാഷനൽ പെർമിറ്റ് വാഹനങ്ങൾ ഒഴികെ, കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത, ഫാസ്റ്റാഗ് ഉള്ള വാണിജ്യ വാഹനങ്ങൾക്ക് 50% ഇളവു നൽകും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കു വേണ്ടിയാണു പ്രതിമാസ പാസ് എന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതു തെളിയിക്കുന്നതിനാണ് ആധാർ കാർഡ് ഹാജരാക്കേണ്ടത്. മറ്റൊരു രേഖയും സ്ഥിരതാമസത്തിനു തെളിവായി സ്വീകരിക്കില്ല. അതേസമയം, വാഹനം കോഴിക്കോട് ജില്ലയിൽ തന്നെ റജിസ്റ്റർ ചെയ്തതായിരിക്കണമെന്നു നിർബന്ധമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

