കോഴിക്കോട് ∙ ചാംപ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി ലീഗായ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരങ്ങൾ ഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളത്തിലെ വള്ളം കളി ലോകപ്രശസ്തമാണ്.
വടക്കൻ ജില്ലകളിലെ ടൂറിസം സാധ്യതകൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സിബിഎൽ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ അഴിക്കോടൻ അച്ചാം തുരുത്തി വേഗരാജാക്കൻമാരായി. പാലിച്ചോൻ അച്ചാം തുരുത്തി എ ടീമിനെ പിന്നിലാക്കിയാണ് അഴിക്കോടൻ അച്ചാം തുരുത്തി ചാംപ്യൻസ് ബോട്ട് ലീഗിലെ ജലരാജാക്കൻമാരായത്.
2.27.561 ന് ഫിനിഷ് ചെയ്താണ് അഴിക്കോടൻ അച്ചാം തുരുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അണിയത്ത് സജിരാജ്, അമരത്ത് കെ.പി.
വിജേഷും വള്ളം നിയന്ത്രിച്ചു. കെ.ദീപേഷ് ആയിരുന്നു ടീം മാനേജർ.
2.27.846 ന് ഫിനിഷ് ചെയ്താണ് പാലിച്ചോൻ അച്ചാം തുരുത്തി എ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. എകെജി പോടോത്തുരുത്തി എ ടീം 2.36.206 ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾ മന്ത്രിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മനത്തുക ലഭിച്ചത്.
പങ്കെടുത്ത വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ്.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സിബിഎൽ മൂന്നാം സീസണിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്. എകെജി പോടോത്തുരുത്തി എ ടീം, എകെജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാർ കാര്യങ്കോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എ.കെ.ജി മയിച്ച, വയൽക്കര വെങ്ങാട്ട്, വിബിസി കുറ്റിവയൽ( ഫൈറ്റിങ് സ്റ്റാർ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാം തുരുത്തി എ ടീം, പാലിച്ചോൻ അച്ചാം തുരുത്തി ബി ടീം, അഴിക്കോടൻ അച്ചാം തുരുത്തി, ഇ.എം.എസ് മുഴക്കിൽ, നവോദയ മംഗലശേരി, സുഗുണൻ മാസ്റ്റർ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മേലൂർ എന്നീ ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.
ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് മത്സരം നടത്തിയത്. ഓരോ വള്ളത്തിലും 30 തുഴച്ചിലുകാർ.
മൂന്ന് ട്രാക്കുകളിലായി അഞ്ച് ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് രണ്ട് ലൂസേഴ്സ് മത്സരങ്ങളും ഫൈനൽ മത്സരവും നടന്നു.
പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ചതിനു ശേഷം 30 കോടി രൂപ അധിക വരുമാനം സർക്കാരിന് ലഭിച്ചതായി സമ്മാനദാനച്ചടങ്ങിൽ മന്ത്രി റിയാസ് പറഞ്ഞു. ഇതിൽ ഭൂരിപക്ഷം ആളുകളും വിനോദ സഞ്ചാരികളാണ്.
ടൂറിസം സാധ്യതകൾ വികസിക്കുന്നത് നാട്ടിൽ മാറ്റമുണ്ടാക്കും. ദേശീയപാത വികസനം 450 കിലോമീറ്റർ പൂർത്തിയായി. ദേശീയപാത വികസനം ജനങ്ങളുടെ യാത്രാസൗകര്യത്തിൽ വലിയ രീതിയിലുള്ള മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ഫറോക്ക് നഗരസഭ ചെയർപേഴ്സൺ എൻ.സി.അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ വി.കെ.സി മമ്മദ് കോയ മുഖ്യാതിഥിയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.
ശൈലജ, കൗൺസിലർ കെ.ടി.എ. മജീദ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, ടൂറിസം അഡീഷനൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി.ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ.
ടി.നിഖിൽദാസ്, സിബിഎൽ സംഘാടകസമിതി കൺവീനർ ടി.രാധാഗോപി തുടങ്ങിയവർ പങ്കെടുത്തു.
വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും മലബാർ മെഹന്തി കൊടുങ്ങല്ലൂർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ചെണ്ട മേളം, സൂഫി നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
സിനിമ കഥാപാത്രങ്ങളുടെ കാർട്ടൂൺ വേഷധാരികൾ മത്സരം കാണാനെത്തിയവർക്ക് ചിരി കാഴ്ചയായി. മത്സര വേദിക്കരികിലായി പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള പോളിയോ ബൂത്തും തയാറാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]