തൊട്ടിൽപാലം∙ കുഴികൾ നിറഞ്ഞ് പക്രംതളം ചുരം റോഡ് അപകട മേഖലയാകുന്നു.
വയനാട് അതിർത്തിയായ ചുങ്കക്കുറ്റി മുതൽ മേലെ പൂതംപാറ വരെയുള്ള സ്ഥലത്താണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. കുഴികളിൽ ചാടി ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. ചുരം ഇറങ്ങി വരുന്ന വാഹനങ്ങളാണ് പതിവായി അപകടത്തിൽ പെടുന്നത്.
ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ചുരം റോഡിൽ ഉണ്ടായിട്ടുണ്ട്. റോഡ് യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പൊട്ടിപ്പൊളിഞ്ഞ് തകരാൻ കാരണം.
15 വർഷം മുൻപ് കെഎസ്ടിപി ഏറ്റെടുത്ത് നവീകരണം നടത്തിയ റോഡിൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഇപ്പോൾ മലയോര ഹൈവേയിൽ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിന് കരാർ നൽകിയെങ്കിലും പണി ആരംഭിച്ചിട്ടില്ല. മണ്ണിടിച്ചിലിൽ അഴുക്കുചാലുകൾ നികന്നു കിടക്കുന്നത് കാരണം മഴ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതും റോഡ് തകരാൻ ഇടയാക്കിയിട്ടുണ്ട്.
റോഡിന്റെ അരിക് വശങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് അരിക് കൊടുക്കാൻ പ്രയാസപ്പെടുകയാണ്. ദീർഘദൂര കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ചുരം റോഡ് വഴി പോകുന്നുണ്ട്. അടിയന്തരമായി റോഡിലെ കുഴികൾ നികത്താൻ അധികൃതർ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]