ചക്കിട്ടപാറ(കോഴിക്കോട്) ∙ മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത സുരക്ഷിത പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡിനു സാധ്യതയേറുന്നു. കോഴിക്കോട് ജില്ലയിലെ വനഭൂമിയിൽ വ്യാഴാഴ്ച സർവേ നടത്തി.
പൂഴിത്തോട് താഴെ കരിങ്കണ്ണി മുതൽ മേലെ കരിങ്കണ്ണി വരെയുള്ള 5 കിലോമീറ്ററോളം ദൂരത്താണു സർവേ നടന്നത്. ഇതിൽ 2.50 കിലോമീറ്റർ വെസ്റ്റഡ് ഫോറസ്റ്റും 2.50 കിലോമീറ്ററോളം റിസർവ് വനവുമാണ്.
ബദൽ റോഡിന്റെ മുഴുവൻ ഏരിയയും സർവേയിൽ കവറേജ് ചെയ്തെന്നും റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു. ആദ്യ കാലഘട്ടത്തിൽ പൂഴിത്തോട് നിന്നും തരിയോടേക്കാണ് ബദൽ റോഡ് 27 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നത്.
എന്നാൽ ബാണാസുര ഡാം ജലപ്രശ്നത്തിൽ റൂട്ട് പടിഞ്ഞാറത്തറക്ക് മാറ്റിയപ്പോൾ 6 കിലോമീറ്ററോളം കുറഞ്ഞ് 21 കിലോമീറ്ററാകും. വിലങ്ങംപാറ മേഖലയിൽ 300 മീറ്ററോളം തുരങ്കപ്പാത നിർമിച്ചാൽ വീണ്ടും ദൂരം 2 കിലോമീറ്റർ കുറയുമെന്ന് നാട്ടുകാർ പറയുന്നു.
പാതയുടെ സർവേ പൂർത്തീകരിക്കാൻ 2024 മാർച്ച് മാസത്തിൽ സംസ്ഥാന സർക്കാർ 1.50 കോടി അനുവദിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത റോഡ് സാധ്യത പഠനം വയനാട് ജില്ലയിൽ ഒരു വർഷം മുൻപ് ജിപിഎസ് സർവേയിൽ നടത്തിയതാണ്.
എന്നാൽ കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതം ഉൾപ്പെടുന്ന മേഖലയിലൂടെ സർവേക്കു വനം വകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകിയതാണ് പ്രശ്നമായത്.
2025 ജൂൺ 13നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് സർവേ നടത്താൻ അനുമതി നൽകി ഉത്തരവായത്. തുടർന്ന് കാലവർഷം കനത്തതും സർവേക്കു തടസ്സമായി.
സെപ്റ്റംബർ 18ന് വനഭൂമിയിൽ സർവേക്ക് വനം വകുപ്പ് അനുവദിച്ച സമയപരിധി അവസാനിക്കും. സംസ്ഥാന സർക്കാരിന് പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡിനോടു പോസിറ്റീവായ സമീപനമാണുള്ളതെന്നും സർവേ പൂർത്തീകരിച്ച് ഡിപിആർ സമർപ്പിച്ച് പാത യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പൂഴിത്തോട്ടിൽ വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഊരാളുങ്കൽ സൊസൈറ്റി സർവേ ടീമിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് സർവേ നടപടികൾ തുടങ്ങിയത്.
പനയ്ക്കംകടവിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ സർവേ ഫ്ലാഗ് ഓഫ് ചെയ്തു. ശാസ്ത്രീയമായ ഈ ബദൽപാതയുടെ സാധ്യതാ പഠനത്തിനു ശേഷം ഡിപിആർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ച് കേന്ദ്ര സർക്കാരിനു സമർപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ സി.കെ.ശശി അധ്യക്ഷത വഹിച്ചു. മെമ്പർ കെ.എ.ജോസുകുട്ടി, കുറ്റ്യാടി പൊതുമരാമത്ത് വകുപ്പ് റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ നളിൻ, പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്.എൻ.രാജേഷ്, ഊരാളുങ്കൽ സൊസൈറ്റി സർവേയർ റിജോബ്, ഷാജൻ ഈറ്റത്തോട്ടം, ബോബൻ വെട്ടിക്കൽ, സുരേന്ദ്രൻ എള്ളിൽ, ബാബു ചീരമറ്റം, പി.കെ.മനോജ്, ബിജു മണ്ണാറശ്ശേരി, അജേഷ് ഇല്ലിമൂട്ടിൽ, സണ്ണി മങ്ങാട്ട്, വർക്കി കടപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]