
കോഴിക്കോട്∙ ദേശീയപാത നിർമാണത്തിനായി എടുത്ത കുഴിയിൽ ബൈക്ക് യാത്രക്കാരൻ വീണു മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നു ദേശീയപാത അതോറിറ്റി. നിർമാണ ചുമതലയുള്ള കരാർ കമ്പനി ആവശ്യമായ സുരക്ഷ ഒരുക്കിയിരുന്നെന്നും ദേശീയപാത അതോറിറ്റി അവകാശപ്പെട്ടു.
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി ഡെലിവറി ജീവനക്കാരനായിരുന്ന വേങ്ങേരി സ്വദേശി രഞ്ജിത്ത് കുഴിയിൽ വീണു മരിച്ച സംഭവത്തിൽ ഭാര്യ പ്രിയ നൽകിയ പരാതിയിലാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.
അതേസമയം പൊലീസിന്റെ റിപ്പോർട്ടിൽ നിർമാണ സ്ഥലത്തെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കോഴിക്കോട് ചേവരമ്പലത്തിനു സമീപം പനാത്തുതാഴത്ത് ദേശീയപാത നിർമാണമേഖലയിൽ അപകടമുണ്ടായത്.
നിർമാണ ആവശ്യത്തിനായി കുഴിച്ച കുഴിയിൽ പുലർച്ചെയോടെ വീണ രഞ്ജിത്തിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അപകടം നടന്നയിടത്ത് വെള്ളം നിറച്ച ബാരിക്കേഡുകൾ, റിഫ്ലക്ടീവ് ടേപ്പുകൾ, മുന്നറിയിപ്പ് ബോർഡുകൾ, സുരക്ഷാ ബ്ലിങ്കറുകൾ, വേഗനിയന്ത്രണത്തിനുള്ള സൂചനകൾ എന്നിവയെല്ലാം സ്ഥാപിച്ചിരുന്നുവെന്നാണ് അതോറിറ്റിയുടെ വിശദീകരണം. ഹൈവേയിലും ക്രോസ് റോഡിലും യാത്രക്കാർക്ക് ജാഗ്രത നൽകുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നുവെന്നും, ഇക്കാര്യം കൺസൽറ്റന്റ് ഏജൻസി പരിശോധിച്ചുവെന്നും അതോറിറ്റി പറയുന്നു.
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതു കൊണ്ടാണ് അപകടമുണ്ടായതെന്ന് ആരോപണം ഉയർന്നിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ മെഡിക്കൽ കോളജ് പൊലീസ് സുരക്ഷാ വീഴ്ച കണ്ടെത്തുകയും ചെയ്തു. തുടർന്ന് റോഡ് പണിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു.
രഞ്ജിത്ത് മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്തു തന്നെ മറ്റൊരു യുവാവിനു വീണു പരുക്കേറ്റിരുന്നു.നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടു രഞ്ജിത്തിന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]