കോഴിക്കോട്∙ ജില്ലയിൽ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റ സംവിധാനം അട്ടിമറിച്ചതായി ആരോപണം. ചില അധ്യാപകർക്ക് ചട്ടങ്ങൾ ലംഘിച്ച് സ്ഥലംമാറ്റം നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ ഓഫിസ് കേന്ദ്രീകരിച്ച് ഉന്നത രാഷ്ട്രീയ ഇടപെടലിലൂടെയാണ് സ്ഥലം മാറ്റങ്ങളെന്നാണ് ആരോപണം ഉയർന്നത്. കഴിഞ്ഞയാഴ്ചയാണ് ചില അധ്യാപകർക്ക് സ്ഥലംമാറ്റം നൽകിയതായി ജില്ലാതല ഓഫിസറുടെ പേരിൽ ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ സംസ്ഥാനത്ത് അധ്യാപക സ്ഥലംമാറ്റങ്ങൾ ഓൺലൈൻ പോർട്ടൽ വഴിയാണ്.
വിവിധ സ്കൂളുകളിലെ ഒഴിവുകളിലേക്ക് അധ്യാപകർ ഓൺലൈനായി അപേക്ഷ നൽകുകയും സ്ഥലംമാറ്റ പട്ടിക പുറത്തിറക്കുകയുമാണ് ചെയ്യുക.
മുൻകാലങ്ങളിൽ ഉന്നത ഇടപെടലിലൂടെ സ്ഥലംമാറ്റങ്ങൾ നടത്തിയിരുന്നതായും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സ്ഥലംമാറ്റം നടത്തിയിരുന്നതായും ആരോപണം ഉയർന്നതോടെയാണ് സ്ഥലംമാറ്റം ഓൺലൈനാക്കിയത്. ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പു പ്രകാരം ഡിവിഷൻ നഷ്ടപ്പെടുന്ന സ്കൂളുകളിലെ അധ്യാപകർക്ക് ഈ മാസം 15നു ശേഷമാണ് മാറ്റം നൽകി പുതിയ സ്കൂളിലേക്ക് നിയമിക്കേണ്ടത്.
ഈ ചട്ടങ്ങളെല്ലാം അട്ടിമറിച്ചാണ് സ്ഥലംമാറ്റം നടത്തിയതെന്നാണ് ആരോപണം.
പ്രധാനാധ്യാപകന്റെ കത്ത് അടിസ്ഥാനമാക്കിയാണ് സ്ഥലംമാറ്റം എന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു കത്ത് നൽകിയിട്ടില്ല. അധ്യാപകർക്ക് ഭരണപരമായ സൗകര്യാർഥം സ്ഥലംമാറ്റം നൽകുന്നതായാണ് ഉത്തരവിൽ പറയുന്നത്. നിലവിൽ വകുപ്പുതല നടപടിക്കല്ലാതെ ഭരണപരമായ സൗകര്യാർഥം സ്ഥലംമാറ്റം നൽകുകയെന്ന രീതി വിദ്യാഭ്യാസ വകുപ്പിലില്ല.
ഈ ഉത്തരവുകളും ചട്ടവിരുദ്ധമാണെന്നാണ് അധ്യാപകർ പറഞ്ഞത്.
ശാരീരികമായ പ്രശ്നങ്ങളോ മറ്റു പ്രതിസന്ധികളോ കാരണം സ്ഥലംമാറ്റം വേണമെങ്കിൽ അതിനുള്ള കംപാഷനേറ്റ് സ്ഥലംമാറ്റവും ഓൺലൈനായാണ് നടത്താറുള്ളത്. ഇത്തരം ചട്ടങ്ങൾ നിലവിലിരിക്കെയാണ് ജില്ലാതല ഓഫിസറുടെ പേരിൽ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]