കോഴിക്കോട്∙ സംസ്ഥാനത്തെ വിവിധ ഗവ. മെഡിക്കൽ കോളജുകളിൽ നിന്നായി 61 പേരെ വയനാട്, കാസർകോട് മെഡിക്കൽ കോളജുകളിലേക്കു മാറ്റി നിയമിച്ചിട്ടും ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധനയിൽ അംഗീകാരം ലഭിച്ചില്ല.
കോഴിക്കോട് മെഡിക്കൽ കോളജിലെ 11 ഡോക്ടർമാരെ ഉൾപ്പെടെ 20 പേരെ കഴിഞ്ഞ ജൂൺ 4ന് ആണ് വയനാട്ടിലേക്കു മാറ്റിയത്. കോഴിക്കോടിനു പുറമേ തൃശൂർ, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ നിന്നായി 9 ഡോക്ടർമാരെയും വയനാട്ടിലേക്കു മാറ്റിയിരുന്നു.
കോഴിക്കോട്, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളജുകളിൽ നിന്നായി 41 ഡോക്ടർമാരെ ജൂൺ 17ന് ആണ് കാസർകോട് ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി നിയമിച്ചത്.
ഇതിൽ 20 പേരെയും കോഴിക്കോട്ടു നിന്നാണു മാറ്റിയത്. വയനാട്, കാസർകോട് മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തിക സൃഷ്ടിച്ചു നിയമനം നടത്താതെ, അവിടങ്ങളിൽ അധ്യാപകരുണ്ടെന്നു കാണിക്കാൻ ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമനം നടത്തുകയായിരുന്നു.
ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധന കഴിഞ്ഞു റിപ്പോർട്ട് നൽകിയിട്ടും അവരെ തിരിച്ച് അതതു മെഡിക്കൽ കോളജുകളിലേക്ക് നിയമിക്കാൻ നടപടിയാകാത്തതിനാൽ അവിടങ്ങളിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്.
2 തവണയായി 31 ഡോക്ടർമാരെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു മാത്രം മാറ്റിയത്. ഇത് കോഴിക്കോട് മെഡി.
കോളജിൽ പഠനത്തെയും ചികിത്സയെയും ബാധിച്ചിട്ടുണ്ട്.
അനസ്തീസിയ, ശിശുരോഗം, സൈക്യാട്രി, സ്ത്രീരോഗം, എല്ലുരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഫിസിയോളജി, കമ്യൂണിറ്റി മെഡിസിൻ, പാത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് വിവിധ മെഡിക്കൽ കോളജുകളിൽ നിന്നു മാറ്റിയത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധന നടന്നാൽ ആവശ്യത്തിന് അധ്യാപകരില്ലെന്നു തെളിയും.
അതു നിലവിലെ യുജി, പിജി, സീറ്റുകളെ ബാധിക്കുകയും ചെയ്യും. ആവശ്യത്തിനു അധ്യാപകർ ഉൾപ്പെടെയില്ലാത്തതിനാൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 5 ലക്ഷം രൂപ വീതവും മറ്റു മെഡിക്കൽ കോളജുകൾ 3 ലക്ഷം രൂപ വീതവുമാണ് 2024– 25ൽ ദേശീയ മെഡിക്കൽ കമ്മിഷനു പിഴ ഒടുക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]