കോഴിക്കോട്∙ 445.95 കോടി രൂപയുടെ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ 18% മാത്രമാണ് ഇതുവരെ പൂർത്തിയായതെന്നു കണക്കുകൾ. നിർമാണം ഇഴയുന്നുവെന്ന് എം.കെ.രാഘവൻ എംപി ഉന്നയിച്ച ആശങ്ക അസ്ഥാനത്തല്ലെന്നു തെളിയിക്കുന്നതാണു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തിൽ സമർപ്പിച്ച കണക്കുകൾ.
ആകാശ ഇടനാഴിയും ആകാശ നടപ്പാതയും ഇപ്പോഴും ‘എയറിൽ’
ആകാശ ഇടനാഴി, 2 ആകാശ നടപ്പാതകൾ, സബ് സ്റ്റേഷനുകൾ എന്നിവ ഡിസൈൻ ഘട്ടത്തിൽ തന്നെയാണിപ്പോഴും.
കിഴക്ക്, പടിഞ്ഞാറ് കവാടങ്ങളുടെ നിർമാണം 15.5% മാത്രമാണു പൂർത്തിയായത്. 2 കവാടങ്ങളിലും പൈലിങ് പൂർത്തിയായി.
റെയിൽവേ ഓഫിസ് കെട്ടിടത്തിന്റെ 16 ശതമാനവും ടൈപ് 4, 5 ക്വാർട്ടേഴ്സുകളുടെ 10 ശതമാനവും മാത്രമാണു പൂർത്തിയായത്. 9 നിലകളും 3 ബ്ലോക്കുകളുമുള്ള ടൈപ് 2 ക്വാർട്ടേഴ്സുകളുടെ നിർമാണം 28.5 ശതമാനവും ടൈപ് 3 ക്വാർട്ടേഴ്സുകളുടേത് 28 ശതമാനവും പൂർത്തിയായി.
സ്റ്റേഷൻ കെട്ടിടം നിർമാണം പൂർത്തിയായി റോഡുകളും നടപ്പാതകളും നിർമിച്ചാൽ മാത്രമേ തുറന്നു കൊടുക്കാൻ പറ്റൂ എന്നിരിക്കെ സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ പണിക്കു മുൻഗണന നൽകിയത് എന്തുകൊണ്ടെന്നു വ്യക്തമല്ല.
ബഹുനില പാർക്കിങ് കെട്ടിടങ്ങളിൽ കിഴക്കേ കവാടത്തിലേത് 27.5 ശതമാനവും പടിഞ്ഞാറേ കവാടത്തിലേതു 32 ശതമാനവും പൂർത്തിയായി. രണ്ടും സെപ്റ്റംബറോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.
പ്ലാറ്റ്ഫോം നവീകരണം, റോഡുകളുടെയും നടപ്പാതകളുടെയും നിർമാണം, ലാൻഡ്സ്കേപ്പിങ് എന്നിവ അന്തിമഘട്ടത്തിലേ നിർമാണം തുടങ്ങൂ.
റെയിൽവേ ഹെൽത്ത് യൂണിറ്റ് (79%) മാത്രമാണ് 50 ശതമാനത്തിലധികം പൂർത്തിയായത്.
ഡിസൈനുകളിലെ മാറ്റവും തിരിച്ചടി
ഡിസൈനുകൾ പൂർണമായി തയാറാകാത്തതും നിർമാണം വൈകാനിടയാക്കി. ഇതിനു പുറമെ, ആകാശ ഇടനാഴിയുടെ വീതി വെട്ടിക്കുറച്ചതടക്കം റെയിൽവേ അധികൃതർ ടെർമിനൽ കെട്ടിടത്തിൽ നിർദേശിച്ച മാറ്റങ്ങളും പ്രതികൂലമായി ബാധിച്ചു.
റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള വലിയങ്ങാടി മേൽപാലം വീതി കൂട്ടി, പാലത്തിൽ നിന്നു റെയിൽവേ സ്റ്റേഷനിലേക്കു നേരിട്ടു റോഡ് നിർമിക്കുകയും വേണമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ നിർദേശിച്ചിരുന്നു.
ഇതു നടപ്പാകാൻ സംസ്ഥാന പൊതുമരാമത്തു വകുപ്പും കോർപറേഷനും സഹകരിക്കണം. ഇതിന് അനുസരിച്ചു സ്റ്റേഷൻ വികസന ഡിസൈനിലും മാറ്റം വരുത്തേണ്ടി വരും.
മതിയാകുമോ പ്രവേശന കവാടങ്ങളിലെ വീതി?
റെയിൽവേ സ്റ്റേഷൻ വികസനം മാത്രം കൊണ്ടു പ്രശ്നം തീരില്ല.
കിഴക്ക്, പടിഞ്ഞാറ് കവാടങ്ങളിലേക്കുള്ള ആനിഹാൾ റോഡ്, എസ്എം സ്ട്രീറ്റ് റോഡ് തുടങ്ങിയവയെല്ലാം ഇടുങ്ങിയതാണ്. ഇവ വീതി കൂട്ടിയില്ലെങ്കിൽ, സ്റ്റേഷൻ പരിസരം വീണ്ടും ഗതാഗതക്കുരുക്കിലാകും.
ജോലിക്കാർ കുറവ്; നിർമാണ സാമഗ്രികൾ എത്തിക്കുന്നതിലും വീഴ്ച
400 തൊഴിലാളികളെങ്കിലും ജോലി ചെയ്യേണ്ടിടത്ത് നിലവിൽ 100 പേർ മാത്രമാണുള്ളത്.
ഇതുവരെ 80 കോടി രൂപയുടെ ബില്ലുകൾ മാത്രമാണു നിർമാണക്കമ്പനി മാറിയെടുത്തത്. ആകെ അടങ്കൽ തുകയുടെ ആറിലൊന്നു മാത്രം.
അതായത്, ആറിലൊന്നു ഭാഗം മാത്രമാണ് ഒന്നര വർഷത്തിനിടെ ആകെ പൂർത്തിയായത്. നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിലും വീഴ്ചയുള്ളതായി പരാതിയുണ്ട്.
മണ്ണിന്റെ ഘടന, കാലാവസ്ഥ തുടങ്ങിയവയാണു നിർമാണം വൈകുന്നതിനു കാരണമായി നിർമാണക്കമ്പനി അധികൃതർ പറയുന്നത്.
2024 ജൂൺ ഒന്നിനാണു കരാർ നൽകിയത്. 2027 ജൂൺ ഒന്നിനു നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ.
18 മാസത്തിനകം പൂർത്തിയാകണമെങ്കിൽ ഈ വേഗം മതിയാകില്ലെന്ന് എൻജിനീയർമാർ തന്നെ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

