കോഴിക്കോട്∙ സിൽവർ ലൈൻ വേഗ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെയും എൽഡിഎഫ് കൺവീനറുടെയും പ്രസ്താവനയോടെ ആശങ്കയിലായി ജില്ലയിലെ ഒട്ടേറെ കുടുംബങ്ങൾ. സിൽവർ ലൈനിൽ ഇനി പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നും എന്നാൽ, പദ്ധതി ആകെ ഉപേക്ഷിക്കുന്നു എന്നല്ല അതിനർഥമെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചപ്പോൾ, പദ്ധതിയുമായി മുന്നോട്ടു പോകാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണന്റെ പ്രതികരണം.
ജില്ലയിൽ 2000നു മുകളിൽ വീടുകൾ പൊളിക്കേണ്ടി വരുമെന്നും 12,000 പേർ കുടിയിറക്കപ്പെടുമെന്നാണ് അനൗദ്യോഗിക കണക്ക്.
ചേമഞ്ചേരി പഞ്ചായത്തിൽ മാത്രം 150 വീടുകൾ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണു കരുതുന്നത്. 33.97 ഏക്കർ നെൽവയൽ, 2.90 ഏക്കർ പൊക്കാളിപ്പാടം, 5 ഏക്കർ റബർ തോട്ടം, 25.30 ഏക്കർ പച്ചക്കറിത്തോട്ടം, 709 ഏക്കർ തെങ്ങിൻ തോപ്പ്, 776 ഏക്കറിലെ മറ്റു കൃഷിത്തോട്ടം എന്നിവയിലൂടെയാണു സിൽവർ ലൈൻ കടന്നുപോകുന്നതെന്നു ശാസ്ത്ര സാഹിത്യ പരിഷത് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സിൽവർ ലൈനിനും ബഫർ സോണിനും വേണ്ടി ഏറ്റെടുക്കപ്പെടുന്ന സ്ഥലങ്ങളുടെ ആകാശ സർവേയാണു നടന്നത്. സിൽവർ ലൈനിനെതിരെ രൂക്ഷമായ പ്രതികരണമുണ്ടായ ജില്ലയാണു കോഴിക്കോട്.
ഈ പദ്ധതിക്കെതിരെ സംസ്ഥാനത്തു തന്നെ ആദ്യത്തെ സമരം തുടങ്ങിയത് കാട്ടിലപ്പീടികയിലായിരുന്നു.
കല്ലായിയിൽ മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞപ്പോൾ, വടകരയിൽ ഇറക്കിവച്ച മഞ്ഞക്കുറ്റികൾ രായ്ക്കു രാമാനം ‘കാണാതെ പോയി.’ സിൽവർലൈൻ വേഗ റെയിൽപാത കടന്നുപോകുന്ന സ്ഥലങ്ങളിൽ 2023നു ശേഷം കാര്യമായ ഔദ്യോഗിക നടപടികളൊന്നുമുണ്ടായിട്ടില്ല. എന്നാൽ, പദ്ധതി ഉപേക്ഷിക്കുന്നതായി സംസ്ഥാന സർക്കാരോ കെ റെയിലോ പ്രഖ്യാപിക്കാത്തതു കാരണം നാട്ടുകാർ ഭീതിയിൽത്തന്നെയാണ്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിജ്ഞാപനം പിൻവലിച്ചിട്ടുമില്ല.
അതു കൊണ്ടു തന്നെ ഉടമകൾക്കു ഭൂമി വിൽക്കാനോ പണയം വച്ചു വായ്പയെടുക്കാനോ സാധിക്കാത്ത സാഹചര്യമുണ്ട്.
ഭൂമി പണയം വച്ച് വായ്പയെടുക്കാൻ ചെല്ലുന്നവരോട്, കെ റെയിൽ അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കാനാണു ബാങ്ക് അധികൃതർ ആവശ്യപ്പെടുന്നതെന്നു സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ നേതാവായ വടകര സ്വദേശി ടി.സി.രാമചന്ദ്രൻ പറഞ്ഞു. വിൽക്കാനോ നിർമാണത്തിനോ സാധിക്കാത്ത സ്ഥിതിയുണ്ട്. നിർദിഷ്ട
സിൽവർലൈൻ കടന്നുപോകുന്ന വഴികളിലെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം സിൽവർ ലൈൻ വിരുദ്ധ സമിതിയുടെ പ്രവർത്തകർ സ്ഥാനാർഥികളാണെന്നും ടി.സി.രാമചന്ദ്രൻ പറഞ്ഞു. അനിശ്ചിതത്വം തുടരുന്നതിനാൽ വീട് നന്നാക്കാനോ കാർ പോർച്ചുണ്ടാക്കാനോ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്നു കാട്ടിലപ്പീടിക സ്വദേശി ബി.നസീർ പറയുന്നു.
മുഖ്യമന്ത്രി വീണ്ടും തെറ്റിദ്ധാരണ പരത്തുന്നുവെന്നു ജനകീയ സമിതി
കോഴിക്കോട് ∙ സിൽവർ ലൈൻ റെയിൽ പദ്ധതി നടപ്പാക്കാൻ സാധ്യതയില്ലെങ്കിലും ഉപേക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതു ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണെന്നു സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞതു ശരിയാണെങ്കിൽ, പദ്ധതിയുടെ പേരിൽ ഇറക്കിയ എല്ലാ ഉത്തരവുകളും പിൻവലിക്കുകയും പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ റദ്ദാക്കുകയുമാണു ചെയ്യേണ്ടത്.
പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു പ്രഖ്യാപിക്കുന്നതിലൂടെ ജനവിരുദ്ധ നടപടികളിൽ നിന്നു പിന്നോട്ട് പോകാൻ തയാറല്ല എന്നാണു സർക്കാർ വ്യക്തമാക്കുന്നത്.
പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് എൽഡിഎഫ് കൺവീനറും പറഞ്ഞിട്ടുണ്ടെന്നു ജനകീയ സമിതി ചൂണ്ടിക്കാട്ടി. അനധികൃത കല്ലിടലും മറ്റ് ഇടപെടലുകളും ജനങ്ങൾ ചെറുത്തു തോൽപിച്ചതാണ്. പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിശക്തമായ പ്രതിരോധം തീർക്കുമെന്നും സമിതി ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്.
രാജീവൻ എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

