കോഴിക്കോട് ∙ സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ചുരുളൻ വള്ളങ്ങളുടെ മത്സരങ്ങൾ ഫറോക്കിൽ ചാലിയാറിൽ ഞായറാഴ്ച നടക്കും. ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിൽ നടക്കുന്ന മത്സരത്തിൽ 14 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.
ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരങ്ങൾ. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും.
അഞ്ച് ഹീറ്റ്സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലും (ഫസ്റ്റ് ലൂസേഴ്സ്, ലൂസേഴ്സ്, ഫൈനൽ) നടക്കും. വൈകിട്ട് അഞ്ചിന് സമ്മാനദാനം.
മത്സരങ്ങൾ മന്ത്രി പി.എ.
മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് അധ്യക്ഷനാകുന്ന ചടങ്ങിൽ എം.കെ.രാഘവൻ എംപി, കോഴിക്കോട് മേയർ ബീനാ ഫിലിപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, കെടിഐഎൽ ചെയർമാൻ എസ്.കെ.സജിഷ്, മുൻ എംഎൽഎ വി.കെ.സി.
മമ്മദ് കോയ എന്നിവർ പങ്കെടുക്കും.
മലബാറിലെ സിബിഎൽ മത്സരങ്ങൾ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ധർമടത്ത് നടന്ന മത്സരത്തിലെ ജനപങ്കാളിത്തമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഓരോ സീസണിലും പുതിയ ടൂറിസം സാധ്യതകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് ടൂറിസം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വള്ളംകളി സീസണിൽ കേരളം സന്ദർശിക്കുന്ന ആഭ്യന്തര, വിദേശ സഞ്ചാരികൾക്ക് ഏതു ജില്ലയിലും അത് കാണാൻ കഴിയാവുന്ന രീതിയിലേക്ക് സിബിഎല്ലിനെ വളർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എകെജി പോടോത്തുരുത്തി എ ടീം, എകെജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാർ കാര്യകോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എകെജി മയിച്ച, വയൽക്കര വെങ്ങാട്ട്, വിബിസി കുറ്റിവയൽ (ഫൈറ്റിങ് സ്റ്റാർ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാം തുരുത്തി എ ടീം, പാലിച്ചോൻ അച്ചാം തുരുത്തി ബി ടീം, അഴിക്കോടൻ അച്ചാം തുരുത്തി, ഇഎംഎസ് മുഴക്കീൽ, നവേദയ മംഗലശേരി, ധർമടം ബോട്ട് ക്ലബ് എന്നിവയാണ് ഫറോക്കിൽ മാറ്റുരയ്ക്കുന്നത്.
വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും നടക്കും. പങ്കെടുക്കുന്ന വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ് ലഭിക്കുന്നത്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അൻപതിനായിരം രൂപ എന്നിങ്ങനെ ലഭിക്കും. ധർമടത്തിനും ബേപ്പൂരിനും പുറമേ കാസർകോട് ചെറുവത്തൂരിലും (19.10.2025), സിബിഎൽ മത്സരങ്ങൾ നടത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]