കോഴിക്കോട്∙ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയെ പേരാമ്പ്രയിൽ പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ അർധരാത്രി യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം ഇരമ്പി. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച് യുഡിഎഫ് നേതാക്കളുടെ സമയോചിത ഇടപെടലിനെ തുടർന്നാണു വലിയ സംഘർഷത്തിലേക്കു മാറാതിരുന്നത്. ഡിസിസി ഓഫിസ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിച്ചതു മുതൽ രോഷാകുലരായ പ്രവർത്തകർ നഗരത്തിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന പൊലീസിനു നേരെ നിരന്തരം പാഞ്ഞടുത്തു.
മാർച്ച് ക്രിസ്ത്യൻ കോളജ് ജംക്ഷനിൽ എത്തിയപ്പോൾ, പ്രകടനത്തിന് അകമ്പടി പോയ പൊലീസുകാർക്കെതിരെയും പ്രവർത്തകർ നീങ്ങി. മുതിർന്ന നേതാക്കൾ ഏറെ പരിശ്രമിച്ചാണു പ്രവർത്തകരെ നിയന്ത്രിച്ചത്.
മാർച്ച് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിലെത്തിയപ്പോൾ ഗെയ്റ്റിനു മുൻപിൽ പ്രതിരോധം തീർത്ത പൊലീസുകാരെ തള്ളിമാറ്റി ഓഫിസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു.
ഏതാണ്ട് അരമണിക്കൂറോളം അവിടെ പ്രവർത്തകരും പൊലീസും മുഖാമുഖം നിന്നു. പൊലീസിനെ വെല്ലുവിളിച്ചുള്ള മുദ്രാവാക്യങ്ങളുമായാണ് യുഡിഎഫ് പ്രവർത്തകർ കമ്മിഷണർ ഓഫിസിനു മുൻപിൽ നിലയുറപ്പിച്ചത്.
കമ്മിഷണർ ഓഫിസിനു മുൻപിലെ റോഡ് ഉപരോധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. തുടർന്ന്, ഇതു വഴിയുള്ള ഗതാഗതം പൊലീസ് പാവമണി റോഡ് വഴി തിരിച്ചു വിട്ടു.
മാർച്ച് ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ശബരിമലയിലെ സ്വർണം മോഷണത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഷാഫി പറമ്പിൽ എംപിയെ പൊലീസ് ആക്രമിച്ചതെന്നും ഇതു കൊണ്ടൊന്നും യുഡിഎഫ് സമരത്തിൽനിന്നു പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എൻഎസ്യു ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത്, ആർ.ഷാഹിൻ, ഷാജർ അറാഫത്ത്, ലീഗ് നേതാക്കളായ എൻ.സി.അബൂബക്കർ, എ.സഫ്റി എന്നിവർ മാർച്ചിനു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]