കോഴിക്കോട്∙ കോർപറേഷൻ കൗൺസിൽ യോഗത്തിലും വ്യക്തി ആക്ഷേപം. യുഡിഎഫ് അംഗത്തെ മാലിന്യം എന്നു വിളിച്ചു.
ബഹളം കാരണം യോഗം നിർത്തിവച്ചു, ഖേദപ്രകടനത്തിനും കൗൺസിൽ ഹാൾ വേദിയായി. ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണു കോൺഗ്രസ് അംഗം എസ്.കെ.അബൂബക്കറിനെ സിപിഎം കൗൺസിൽ പാർട്ടി നേതാവ് ഒ.സദാശിവൻ മാലിന്യം എന്നു വിളിച്ചത്.
മാലിന്യസംസ്കരണ ഉപാധികൾ വിതരണം ചെയ്യുന്നതല്ലാതെ അതെല്ലാം കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്നു വിലയിരുത്തണമെന്നു കോൺഗ്രസ് അംഗം എസ്.കെ.അബൂബക്കർ ആവശ്യപ്പെട്ടു.
സിപിഎം അംഗം ഒ.സദാശിവൻ ‘ഈ മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലെ ?’ എന്നു എസ്.കെ.അബൂബക്കറിന്റെ സീറ്റിനു നേരെ തിരിഞ്ഞു ചോദിച്ചു. അതുകേട്ടു എൽഡിഎഫ് അംഗങ്ങളിൽ ചിലർ ചിരിച്ചെങ്കിലും കോൺഗ്രസ് അംഗം എം.സി.സുധാമണി സദാശിവൻ വ്യക്തി ആക്ഷേപം നടത്തിയെന്നാരോപിച്ചു.
സദാശിവന്റെ പ്രയോഗത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് അംഗങ്ങൾ ബഹളം വച്ചു. അതിനെ എതിർത്ത് എൽഡിഎഫ് അംഗങ്ങളും ബഹളം തുടങ്ങി.
കെ.മൊയ്തീൻ കോയ, എസ്.കെ.അബൂബക്കർ, കെ.സി.ശോഭിത തുടങ്ങിയവരുടെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ മേയർ ബീന ഫിലിപ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് എന്നിവരുടെ സീറ്റിന് അടുത്തേക്കു നീങ്ങി.
അവരെ എതിർക്കാൻ എൽഡിഎഫ് അംഗങ്ങളും എത്തി. ഈ മാലിന്യം എന്നതു കൊണ്ടു ഈ ശബ്ദമാലിന്യം എന്നാണു സദാശിവൻ ഉദ്ദേശിച്ചതെന്നു മേയർ പറഞ്ഞു.
താൻ എസ്.കെ.അബൂബക്കറിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ശബ്ദമാലിന്യത്തെപ്പറ്റിയാണു പറഞ്ഞതെന്നും വിശദീകരിക്കാൻ സദാശിവൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
11.05നു മേയർ യോഗം നിർത്തി വച്ചു ചേംബറിലേക്കു മടങ്ങി. അവിടെ വച്ചു കൗൺസിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി.
10 മിനിറ്റ് കഴിഞ്ഞു യോഗം പുനരാരംഭിച്ചു. സദാശിവൻ ഖേദപ്രകടനം നടത്തി.
എസ്.കെ.യ്ക്കു തെറ്റിധാരണ ഉണ്ടായതാണ്. അദ്ദേഹത്തിനു വേദനയുണ്ടായെങ്കിൽ ഖേദിക്കുന്നു എന്നു പറഞ്ഞു സദാശിവൻ അവസാനിപ്പിച്ചു.
കോർപറേഷൻ സ്റ്റേഡിയം നടത്തിപ്പ് കെഎഫ്എയ്ക്ക്
കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിന്റെ പരിപാലനവും ഉപയോഗവും കേരള ഫുട്ബാൾ അസോസിയേഷനു (കെഎഫ്എ) നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
സ്റ്റേഡിയം ഉപയോഗിക്കുന്നതിനു കെഎഫ്എയിൽ നിന്നു 3 ലക്ഷം രൂപയും അതിനുള്ള ജിഎസ്ടിയും വാർഷിക ഫീസ് ഈടാക്കും. ചാംപ്യൻഷിപ്പുകൾ നടക്കുമ്പോൾ ഓരോ ദിവസത്തിനും 25,000 രൂപ വീതം കെഎഫ്എയിൽ നിന്ന് ഈടാക്കും.
കെഎഫ്എയും ജില്ലാ ഫുട്ബാൾ അസോസിയേഷനും നേരിട്ടു നടത്തുന്ന പരിപാടികളെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗോകുലം എഫ്സിക്ക് പുറമേ മറ്റൊരു ടീമിന് ഐ ലീഗിൽ അവസരം ലഭിക്കുകയും അവർ ആവശ്യപ്പെടുകയും ചെയ്താൽ ആ ടീമിനും സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാൻ നൽകും.
ഫുട്ബോൾ മത്സരങ്ങൾ അല്ലാത്ത പരിപാടികൾ നടത്താൻ മുൻകൂട്ടി അനുമതി വാങ്ങണം. ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന ടീമിൽ നിന്നു യൂസർ ഫീസ് 25000 രൂപ കെഎഫ്എ വാങ്ങി കോർപറേഷനിൽ അടയ്ക്കണം.
∙ മോട്ടർ ബൈക്ക് റേസിങ് ഷോ –ഇന്ത്യൻ സൂപ്പർ ക്രോസ് റേസിങ് ലീഗ് മോട്ടർ ക്രോസ് റേസസിനു സ്റ്റേഡിയം നൽകാൻ തീരുമാനിച്ചു. ഡിസംബർ 20, 21 തീയതികളിലാണു മത്സരം.
ഇതിനായി ഡിസംബർ 15 മുതൽ 31 വരെ സ്റ്റേഡിയം അനുവദിക്കും. മൈതാനത്തിനു കേടുപാട് സംഭവിക്കാതിരിക്കാൻ സജ്ജീകരണം നടത്തും.
മാനദണ്ഡങ്ങൾ പാലിക്കുന്നില്ല
“മാനദണ്ഡങ്ങൾ പാലിക്കാതെ അടിയന്തര കൗൺസിൽ യോഗം വിളിക്കുന്നതു ശ്രദ്ധ ക്ഷണിക്കൽ, അടിയന്തര പ്രമേയം തുടങ്ങിയവ അവതരിപ്പിക്കാനുള്ള അവസരം ഇല്ലാതാക്കുന്നു.”
നവ്യ ഹരിദാസ്. ബിജെപി അംഗം
മുൻകൂർ അനുമതി ആവശ്യം
“പലതിലും കൗൺസിലിന്റെ മുൻകൂർ അനുമതി ആവശ്യമുള്ളതിനാലാണ് അടിയന്തര യോഗം വിളിക്കേണ്ടി വരുന്നത്.
മുൻകൂർ അനുമതി ഉണ്ടായിട്ടും അതിന്മേൽ അട ഇരിക്കുന്ന ഉദ്യോഗസ്ഥരുണ്ട്.”
മേയർ ബീന ഫിലിപ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]