പേരാമ്പ്ര∙ പേരാമ്പ്രയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം; സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ നേതാക്കൾക്ക് പരുക്കേറ്റതോടെ സംഘർഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഷാഫി പറമ്പിലിനെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് ഇന്ന് 9.30ന് ഐജി ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തുമെന്നു യുഡിഎഫ് ചെയർമാൻ കെ.
ബാലനാരായണൻ പറഞ്ഞു.
ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ നഗരത്തിലും പ്രകടനമായെത്തി. പേരാമ്പ്രയിൽ ഇന്നലെ കടകളും സർക്കാർ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.
ബാങ്കുകളും പ്രവർത്തിച്ചില്ല. പഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ എത്തിയ യുഡിഎഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റുമായി വാക്കേറ്റമായി.
പൊലീസ് എത്തിയാണ് പ്രവർത്തകരെ നീക്കി പ്രശ്നം അവസാനിപ്പിച്ചത്. നാല് യുഡിഎഫ് നേതാക്കൾക്ക് പരുക്കേറ്റു. പരുക്കേറ്റ രാജൻ മരുതേരി (58), രമേഷ് മഠത്തിൽ (52), ബഷീർ ചാലിൽ (42), ഷാജു പൊൻപറ (49) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് ഓഫിസിലെ സംഭവത്തിൽ പ്രസിഡന്റ് വി.കെ.പ്രമോദിനും പരുക്കു പറ്റി. പ്രമോദ് മെഡിക്കൽ കോളജിൽ ചികിത്സ തേടി.
പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് പേരാമ്പ്രയിൽ പ്രകടനം നടത്തി.
വൈകി തുടങ്ങിയ എൽഡിഎഫ് പ്രകടനം ബസ് സ്റ്റാൻഡിൽ അവസാനിപ്പിച്ച് യോഗവും നടത്തി പിരിഞ്ഞ ശേഷമാണ് യുഡിഎഫ് പ്രകടനം തുടങ്ങിയത്. ഈ പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുൻപ് പൊലീസ് തടഞ്ഞതാണ് പ്രശ്നത്തിലെത്തിയത്. എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും നേർക്കുനേർ എത്തിയതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയപ്പോഴാണ് ഷാഫി പറമ്പിൽ എംപിക്കു പരുക്കേറ്റത്. പൊലീസ് തന്നെ അടിച്ചതാണെന്ന് എംപി പേരാമ്പ്ര ഡിവൈഎസ്പി പി.സുനിൽ കുമാറിന് മൊഴി നൽകിയിട്ടുണ്ട്.
കെഎസ്യുവിന്റെ വിജയം തീപ്പൊരിയായി
കോഴിക്കോട്∙ 30 വർഷത്തിനു ശേഷം പേരാമ്പ്ര സികെജി ഗവ.കോളജിൽ ചെയർമാൻ അടക്കം 5 സീറ്റുകളിലേക്ക് കെഎസ്യു ജയിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.
15 സീറ്റിൽ എസ്എഫ്ഐയാണ് ജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം സംഘർഷത്തിലേക്ക് എത്തിയത് ഇങ്ങനെ:
∙ 9ന് വൈകിട്ട് 5.30ന് കോളജിൽ വോട്ടെണ്ണുന്നതിനിടെ ആദ്യ അടി പൊട്ടി.
∙ രാത്രി 7.30ന് എസ്എഫ്ഐ പ്രകടനം പേരാമ്പ്രയിൽ എത്തി. ∙ എട്ടുമണിക്ക് യുഡിഎസ്എഫ് പ്രകടനം തുടങ്ങി. ∙ 8.15ന് പേരാമ്പ്ര മാർക്കറ്റിൽ എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ റോഡിലേക്ക് കയറിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് സംഘർഷം. ∙ 9.30: സംഘർഷം കനത്തു.
പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇ.
ഷാഹി, എസ്.സുനന്ദ്, ആരർ.കെ.മുഹമ്മദ് തുടങ്ങിയവർക്ക് പരുക്കേറ്റു. തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ചു.
∙ ഇന്നലെ രാവിലെ 11: ഹർത്താൽ അനുകൂലികൾ നഗരത്തിലെ കടകളടപ്പിച്ചു ∙ 11.30 പഞ്ചായത്ത് ഓഫിസിലെത്തിയ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. പ്രസിഡന്റ് വി.കെ.
പ്രമോദിന് പരുക്കേറ്റു. പൊലീസെത്തി ∙ ഉച്ചയ്ക്ക് 12: യുഡിഎഫിന്റെ നാലു പ്രവർത്തകർക്കു മർദനമേറ്റു.
∙ 5ന് തുടങ്ങേണ്ട എൽഡിഎഫിന്റെ പ്രകടനം വൈകിട്ട് 5.45ന് തുടങ്ങി.
ബസ് സ്റ്റാൻഡിൽ പ്രതിഷേധയോഗം നടത്തി ∙ 6.00: യുഡിഎഫ് പ്രതിഷേധപ്രകടനം തുടങ്ങി. ∙ 6.15: യുഡിഎഫ് പ്രകടനം പേരാമ്പ്ര ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുൻപ് പൊലീസ് തടഞ്ഞു.
ബസ് സ്റ്റാൻഡിൽ എൽഡിഎഫ് പ്രവർത്തകരുമുണ്ടായിരുന്നു. ∙ 7.00 : സംഘർഷം മൂർഛിച്ചതോടെ ഷാഫി പറമ്പിൽ എംപിയും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും കെ.എം.അഭിജിത്തുമെത്തി. ∙ നേതാക്കൾ പ്രവർത്തകർക്കൊപ്പം പ്രകടനം തുടങ്ങി.
എൽഡിഎഫ് പ്രവർത്തകർ റോഡിലേക്കെത്തി ∙ രാത്രി 8.00: പൊലീസ് 2 ഭാഗത്തേക്കും കണ്ണീർവാതക പ്രയോഗം നടത്തി. ഡിവൈഎസ്പി സി.ഹരിപ്രസാദിനു പരുക്കേറ്റു.
∙ പൊലീസിന്റെ ലാത്തിച്ചാർജിനിടെ ഷാഫി പറമ്പിലിനും പ്രവർത്തകർക്കും പരുക്കേറ്റു. രാത്രി 9ന് ഷാഫി പറമ്പിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കോൺഗ്രസിന്റെ നേതൃക്യാംപ് മാറ്റി; പകരം പ്രതിഷേധം
കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരിങ്ങൽ സർഗാലയയിൽ ഇന്നും നാളെയും നടത്താനിരുന്ന കോൺഗ്രസിന്റെ നേതൃക്യാംപ് മാറ്റിവച്ചു.
ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്കു നേരെ നടന്ന അക്രമത്തിനെതിരെ പ്രതിഷേധം ഇതേ വേദിയിൽ നടക്കും. കെ.സി.വേണുഗോപാൽ എംപി നേതൃത്വം നൽകും.
കേരള കോൺഗ്രസ് പ്രതിഷേധിച്ചു
കോഴിക്കോട്∙ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളെ പൊലീസും സിപിഎം ഗുണ്ടകളും ചേർന്ന് ആക്രമിച്ച സംഭവത്തിൽ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
യുഡിഎഫ് നടത്തുന്ന ഡിഐജി ഓഫിസ് ധർണക്ക് പാർട്ടിയുടെ പൂർണ പിന്തുണയും പങ്കാളിത്തവും ഉണ്ടാകുമെന്നു ജില്ലാ പ്രസിഡന്റ് പി.എം.ജോർജ്, ജനറൽ സെക്രട്ടറി രാജീവ് തോമസ് എന്നിവർ പറഞ്ഞു.
മുഖ്യമന്ത്രി മറുപടി പറയണമെന്ന് ദീപ ദാസ്മുൻഷി
കോഴിക്കോട് ∙ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിക്കു നേരെയുണ്ടായ ക്രൂരമായ പൊലീസ് ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംപിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
ശബരിമലയിലെ സ്വർണമോഷണത്തിൽ പ്രതിക്കൂട്ടിലായ സംസ്ഥാന സർക്കാരും സിപിഎമ്മും അതിൽ നിന്നു ജനശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്തതെന്നും മുഖ്യമന്ത്രിയുടെ നിർദേശം പൊലീസ് നടപ്പാക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
എം.കെ.രാഘവൻ എംപി, കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് തുടങ്ങിയ നേതാക്കളും ആശുപത്രിയിൽ ഷാഫി പറമ്പിലിനെ സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]