ചേവായൂർ.∙ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ അവകാശികളില്ലാതെ 13 മൃതദേഹങ്ങൾ രണ്ടു മാസത്തിലധികമായി സംസ്കാരം കാത്തുകിടക്കുന്നു.
നിലവിൽ മോർച്ചറിയിലെ 2 യൂണിറ്റുകളിലായി (കോൾഡ് റൂം) 36 മൃതദേഹങ്ങൾ സൂക്ഷിച്ചുവയ്ക്കാനാണു സൗകര്യമുള്ളത്. എന്നാൽ ഒരു യൂണിറ്റിന്റെ മോട്ടറും മറ്റും കേടായതിനെ തുടർന്ന് നവീകരണ പ്രവൃത്തി നടന്നുവരുന്നതിനാൽ പരമാവധി 18 മൃതദേഹങ്ങൾ സൂക്ഷിക്കാനേ കഴിയൂ.
ദിവസം ശരാശരി 12 മൃതദേഹങ്ങൾ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് എത്തുന്നുണ്ട്.
പോസ്റ്റ്മോർട്ടം ചെയ്യാൻ സാധിക്കാതെ വരുന്ന മൃതദേഹങ്ങൾ കോൾഡ് റൂമിലേക്ക് മാറ്റേണ്ടി വരുമ്പോൾ മോർച്ചറിയിൽ സ്ഥലപരിമിതിയുണ്ടാകുന്നു. തുടർന്ന് നവീകരണ പ്രവൃത്തി നടക്കുന്ന കോൾഡ് റൂമിലേക്കും താൽക്കാലികമായി മൃതദേഹങ്ങൾ മാറ്റി സൂക്ഷിക്കേണ്ടി വരുന്നു.
അനാട്ടമി ചട്ടമനുസരിച്ച്, മരിച്ച് 72 മണിക്കൂറിനുള്ളിൽ മാന്യമായ സംസ്കാരം നടത്തണം. മരിച്ചവരുടെ ബന്ധുക്കൾ എത്തുന്നില്ലെങ്കിൽ മൃതദേഹത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട
പൊലീസിനുമാണ്. പൊലീസ് അതത് പ്രദേശത്ത് അന്വേഷിച്ച് ബന്ധുക്കളെ കണ്ടെത്തിയില്ലെങ്കിൽ മറ്റു മെഡിക്കോ ലീഗൽ പ്രശ്നങ്ങളില്ലെങ്കിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകണം. എൻഒസി കിട്ടാൻ താമസം നേരിടുന്നതാണ് മൃതദേഹങ്ങൾ അനിശ്ചിതമായി കാത്തുകിടക്കേണ്ട
അവസ്ഥയ്ക്കു കാരണം.
ചേവായൂർ, വെള്ളിമാട്കുന്ന്, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലെ ഉദയം ഹോമുകളിൽ നിന്നെത്തുന്ന മൃതദേഹങ്ങൾ വെള്ളയിൽ, ചേവായൂർ, എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നവയാണ്. ഇതിൽ ചേവായൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് 5, വെളളയിൽ 5, എലത്തൂർ 1 എന്നിങ്ങനെയാണ് അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ കണക്ക്.
ഈ സ്റ്റേഷനുകളിൽ നിന്ന് എൻഒസി കിട്ടിയാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർക്കാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കേണ്ട
ചുമതല. ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് കൃത്യമായി നൽകുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.
രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താനുള്ള സാധ്യത കോടതി നിർദേശിച്ചെങ്കിലും അതിനാവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ ആരംഭിച്ചിട്ടില്ല.
പകൽ പോലും ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയിൽ രാത്രിയുടെ കാര്യം പരിഗണിക്കാനാവില്ലെന്ന് അധികൃതർ പറയുന്നു. മാത്രമല്ല, ഇപ്പോൾ താൽക്കാലിക നിയമനത്തിനു പോലും ആളെക്കിട്ടാത്ത അവസ്ഥയുമാണ്.
2 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മോർച്ചറി കോംപ്ലക്സ് സ്ഥാപിക്കാൻ വർഷങ്ങൾക്ക് മുൻപ് സമർപ്പിച്ച റിപ്പോർട്ടും ഫയലിൽ തന്നെ. ഈയിടെ അന്തരിച്ച ഡോ.ഷെർലി വാസു ഫൊറൻസിക് വിഭാഗം മേധാവിയായിരിക്കെയാണ് മോർച്ചറി നവീകരണത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.
ബന്ധുക്കൾ മറന്ന ഭരതനെ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ മരിച്ച ചേളന്നൂർ വള്ളുവപ്ര മീത്തൽ ഭരതന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയില്ല. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
ഏറെക്കാലമായി കുടുംബവുമായി ബന്ധമില്ലാതെ കടവരാന്തകളിലും മറ്റുമായി കഴിഞ്ഞിരുന്ന ഭരതൻ, പിന്നീട് ചേവായൂർ ഉദയം ഹോമിലായിരുന്നു താമസിച്ചിരുന്നത്.
അസുഖബാധിതനായതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഭരതന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്താത്ത വിവരം ഉദയം ഹോമിൽ നിന്നു ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു.
ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ അവർ തയാറായില്ലെന്നു പ്രസിഡന്റ് പറഞ്ഞു. തുടർന്ന് ചേവായൂർ പൊലീസിൽ നിന്നു നൽകിയ കത്തു പ്രകാരം മൃതദേഹം പഞ്ചായത്ത് പ്രസിഡന്റു ഏറ്റുവാങ്ങി.
‘യൂണിറ്റി പാലത്ത്’ സൗജന്യമായി ആംബുലൻസ് വിട്ടു നൽകി. തുടർന്ന് പ്രസിഡന്റ് പി.പി.നൗഷീർ, സ്ഥിരം സമിതി അധ്യക്ഷൻ പി.സുരേഷ് കുമാർ, ആർആർടി വൊളന്റിയർമാരായ ഇ.അശ്വിൻ, പി.എം.അനസ്, മഹേഷ് ഒളോപ്പാറ, 12–ാം വാർഡ് വികസന സമിതി കൺവീനർ കെ.കെ.അനൂപ് കുമാർ എന്നിവർ ചേർന്ന് മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിലെത്തിച്ചു സംസ്കരിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]