
കുന്ദമംഗലം ∙ ശുചിമുറി മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ എസ്കോർട്ട് വാഹനം കൊണ്ട് പൊലീസ് ജീപ്പ് ഇടിച്ചു തകർത്ത സംഭവത്തിൽ പ്രതികളായ വെസ്റ്റ് ഹിൽ ശാന്തി നഗർ വിനോദ് കുമാർ (37), സുബീഷ് (40), രാജു (31), ഹർഷാദ് (25) എന്നിവരെ കുന്ദമംഗലം പൊലീസ് പിടികൂടി. മാലിന്യം തള്ളിയ ടാങ്കറും എസ്കോർട്ടായി വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
തിങ്കളാഴ്ച പുലർച്ചെ പടനിലം ജംക്ഷന് സമീപം പാറക്കടവിൽ ചുവന്ന കളറിലുള്ള ടാങ്കർ ലോറിയിൽ ശുചിമുറി മാലിന്യം കൊണ്ടുവന്ന് പുഴയിലേക്ക് തള്ളിയ ശേഷം, ടാങ്കർ ലോറി കുന്ദമംഗലം ഭാഗത്തേക്ക് ഓടിച്ചു വരുന്നതായി പൊലീസിനു രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പടനിലം ജംക്ഷനിൽ വച്ച് കുന്ദമംഗലം പൊലീസ് ടാങ്കർ ലോറിക്കു കൈ കാണിച്ചെങ്കിലും നിർത്താതെ പോയി.
തുടർന്ന് കുന്ദമംഗലം പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരമറിയിച്ചതിനെ തുടർന്ന് ആരാമ്പ്രത്തുവച്ച് കൺട്രോൾ റൂമിലെ പൊലീസുകാർ കൈ കാണിച്ചെങ്കിലും ലോറി നിർത്തിയില്ല.
ഒടുവിൽ പൈമ്പാലിശ്ശേരി ഭാഗത്ത് വച്ച് ലോറിയെ പിന്തുടർന്ന് വന്ന കൺട്രോൾ റൂം വാഹനത്തെയും പൊലീസ് ജീപ്പിനെയും ടാങ്കർ ലോറിക്ക് എസ്കോർട്ട് ആയി വന്ന കാർ കൊണ്ട് ഇടിപ്പിച്ചു നാശനഷ്ടം വരുത്തുകയും ടാങ്കർ ലോറിയെ പിന്തുടരാൻ അനുവദിക്കാതെ പൊലീസ് വാഹനത്തെ ബ്ലോക്ക് ചെയ്യുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ എസ്ഐ ഉമ്മർ, സിപിഒ മുഹമ്മദ് ഷമീർ, ഹോം ഗാർഡ് ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]