
കോഴിക്കോട് ∙ നല്ലളം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, ബലാത്സംഗം എന്നിവ ഉൾപ്പെട്ട കേസിലെ രണ്ടാം പ്രതി അസം സ്വദേശി ലാൽചാൻ ഷെയ്ഖിനെ (53) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു.
ഈ കേസിലെ ഒന്നാം പ്രതി നസീദുൽ ഷേഖ് (21) നല്ലളം സ്റ്റേഷൻ പരിധിയിലെ ചെറുവണ്ണൂർ ശാരദാമന്ദിരം എന്ന സ്ഥലത്ത് വാടകക്ക് താമസിച്ചിരുന്ന ബംഗാൾ സ്വദേശിയായ 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് 2023 ഒക്ടോബറിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു. തുടർന്നു ലൈംഗികവൃത്തിക്കായി ഹരിയാനയിലുള്ള ഒന്നാം പ്രതിയുടെ പിതാവും ഈ കേസിലെ രണ്ടാം പ്രതിയുമായ ലാൽചാൻ ഷേഖിന് കൈമാറി.
ലാൽചാൻ ഷേഖ് 25,000 രൂപയ്ക്ക് ഹരിയാനയിലുള്ള മൂന്നാം പ്രതി സുശീൽ കുമാറിന് (35) ഈ പെൺകുട്ടിയെ വിറ്റു. തുടർന്ന് അവർ തന്റെ വീട്ടിൽ കൊണ്ടു പോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് കേസ്.
ഒന്നും മൂന്നും പ്രതികളായ നസീദുൽ ഷേഖ്, സുശീൽ കുമാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പെൺകുട്ടിയെ ലൈംഗികവൃത്തിക്കായി വിൽപന നടത്തിയ രണ്ടാം പ്രതിയെ അന്വേഷിച്ചു നല്ലളം പൊലീസ് ജൂണിൽ വീണ്ടും അസമിലേക്കു പുറപ്പെടുകയായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ പോയ പ്രതിയെ അന്വേഷിക്കുന്നതിനിടയിൽ പ്രതി കർണാടകയിൽ ഒളിവിൽ കഴിയുകയാണെന്ന രഹസ്യവിവരം ലഭിച്ചു. തുടർന്ന് കർണാടകയിൽ പ്രതി എത്താനും ജോലിചെയ്യാനും സാധ്യതയുള്ള എസ്റ്റേറ്റുകളും അവിടെ ജോലിചെയ്യുന്ന നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ രേഖകളും പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
ഓഫ് റോഡ് വാഹനങ്ങൾ മാത്രം പോകുന്ന ടൈഗർ റിസർവ് വനത്തോടു ചേർന്നുള്ള ചിക്മാംഗ്ളൂർ സിൻജിഗാനേഖാൻ കാപ്പി എസ്റ്റേറ്റിൽ അന്വേഷണ സംഘം എത്തുകയും അവിടെ നിന്നും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു. നല്ലളം ഇൻസ്പെക്ടർ കെ.സുമിത് കുമാർ, സബ് ഇൻസ്പെക്ടർമാരായ ശൈലേന്ദ്രൻ, സുനിൽ കുമാർ, എഎസ്ഐ രാജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ സഫീൻ, രഞ്ജിത്ത്, റിജു, സൈബർ സെൽ എസ്സിപിഒ വി.സ്കൈലേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒന്നാം പ്രതി നസീദുൽ ഷേഖ് അസമിലേക്ക് രക്ഷപ്പെടുകയും നല്ലളം പൊലീസ് അസമിലെത്തുകയും അസം പൊലീസിന്റെ സഹായത്തോടെ 2024 നവംബറിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
എന്നാൽ അസമിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ ബിഹാറിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്താറായപ്പോൾ പ്രതി അതിൽ നിന്ന് ചാടി രക്ഷപ്പെട്ടു. തുടർന്ന് ഈ വർഷം മേയിൽ അസമിൽ നിന്നുതന്നെ ഒന്നാം പ്രതിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]