
രാമനാട്ടുകര∙ ദേശീയപാതയിൽ സേവാമന്ദിരം പരിസരത്ത് നിർമാണം പൂർത്തിയാക്കാത്ത സർവീസ് റോഡിൽ ഗതാഗതം ദുഷ്കരം. ആറുവരിപ്പാതയുടെ പടിഞ്ഞാറു ഭാഗത്ത് 10 മീറ്റർ ദൂരത്തിൽ റോഡും ഓടയും പാതിവഴിയിലാണ്. സുരക്ഷയ്ക്കായി റോഡിനു നടുവിൽ കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചതിനാൽ സർവീസ് റോഡിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ പറ്റില്ല.
ഓട പൂർത്തിയാക്കാത്തതിനാൽ പ്രദേശത്ത് മഴവെള്ളം പരന്നൊഴുകുന്ന സ്ഥിതി.
പാതി മാത്രമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ യാത്രാദുരിതം ഏറി.
ആറുവരിപ്പാത നിർമാണ ഘട്ടത്തിൽ, ദേശീയപാതയുടെ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് പ്രദേശത്തെ 13 കൈവശക്കാർക്കു താലൂക്ക് സർവേയർ നോട്ടിസ് നൽകിയിരുന്നു. പിന്നീട് കലക്ടറുടെ നിർദേശ പ്രകാരം വ്യക്തികളുടെ സ്ഥലത്തെ മതിൽ, മരം എന്നിവ പൊളിച്ചു നീക്കുകയും ചെയ്തു. ഇതിനെതിരെ പരിസരവാസി എൻ.ടി.പ്രദീപ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.
കോടതി നിർദേശത്തെ തുടർന്ന് ജില്ലാ സർവേ സൂപ്രണ്ട് വീണ്ടും ഭൂമി അളന്നു തിട്ടപ്പെടുത്തിയപ്പോൾ പ്രദീപിന്റെ 14 സ്ക്വയർ മീറ്റർ സ്ഥലം ദേശീയപാത അതോറിറ്റി കയ്യേറിയെന്നും ദേശീയപാതയുടെ ഒരു സ്ക്വയർ മീറ്റർ ഭൂമി പ്രദീപിന്റെ കൈവശമുണ്ടെന്നും കണ്ടെത്തി. അതോടെ ഇവിടത്തെ ഓടയുടെയും സർവീസ് റോഡിന്റെ പൂർത്തീകരണം മുടങ്ങി.
ഇനി സർവീസ് റോഡും ഓടയും പൂർത്തിയാക്കാൻ പ്രദീപിന്റെ ഭൂമി സർക്കാർ ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറണം.
ഈ നടപടികൾ നീളുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇതിനിടെ സമീപത്തെ 2 ഭൂവുടമകൾ കൂടി കോടതിയെ സമീപിക്കുകയും പരിശോധിച്ചതിൽ ഇരുവരുടെയും അൽപം സ്ഥലം ദേശീയപാത അതോറിറ്റി കയ്യേറിയതായി കണ്ടെത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. കേസിൽപെട്ട ഭാഗത്തെ സർവീസ് റോഡിന്റെയും ഓടയുടെയും നിർമാണം എന്നു പൂർത്തീകരിക്കുമെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]