
പിച്ചച്ചിരട്ട എന്ന പേരുദോഷം മാറി, ചിരട്ടയ്ക്ക് പ്രതാപ കാലം; കയറ്റുമതി കൂടി, വില കുതിച്ചുയരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവമ്പാടി ∙ പിച്ചച്ചിരട്ട എന്ന പേരുദോഷം മാറി ചിരട്ടയുടെ പ്രതാപ കാലം എത്തി. ഒരു രൂപയായിരുന്ന ചിരട്ടവില ഇപ്പോൾ കിലോയ്ക്ക് 33 രൂപ വരെയായി. ചിരട്ടകൾ അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നു ഇതുവരെ ചെയ്തിരുന്നതെങ്കിൽ, ചിരട്ട അന്വേഷിച്ച് വാഹനവുമായി ഇപ്പോൾ ഗ്രാമങ്ങൾ തോറും ആളുകൾ എത്തുന്ന സ്ഥിതിയാണ്. നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ അധിക വരുമാനവുമായി.
തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമാണ് ചിരട്ട കൂടുതലായി കയറ്റുമതി ചെയ്യുന്നത്. വലിയ ലോറികളുമായി ചിരട്ട വ്യാപാരികൾ മലയോര മേഖലയിൽ എത്തുന്നുണ്ട്. കരി എടുക്കാനും ഓയിൽ എടുക്കാനുമാണ് ചിരട്ട കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചിരട്ടയുടെ ഉപയോഗം മറ്റ് പല മേഖലകളിലേക്കും വ്യാപിച്ചെന്ന് വ്യാപാരികൾ പറയുന്നു.
ചൈന, ഇറ്റലി, ജർമനി, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ചിരട്ടക്കരി ഇപ്പോൾ കയറ്റി അയയ്ക്കുന്നുണ്ട്. ഇതിനുള്ള വലിയ വ്യവസായ ശാലകൾ തമിഴ്നാട്ടിലും കർണാടകയിലും ഉണ്ടെന്ന് സംഭരണ ഏജൻസികൾ പറയുന്നു. വെള്ളം ശുദ്ധീകരണത്തിനും സൗന്ദര്യ വർധന വസ്തുക്കൾ നിർമിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നു. തിരുവമ്പാടി മാർക്കറ്റിങ് സൊസൈറ്റിയുടെ കോക്കനട്ട് കോംപ്ലക്സിൽ നിന്ന് ശരാശരി 3 ടൺ ചിരട്ട മാസം തോറും കയറ്റിപ്പോകുന്നുണ്ട്. നേരത്തേ ഇവിടെ നിന്ന് ചിരട്ട ഓയിൽ ഉൽപാദിപ്പിച്ചിരുന്നു.
ഉയർന്ന ആഗിരണശക്തി ഉള്ളതിനാൽ വായു ശുദ്ധീകരണത്തിനും ജലശുദ്ധീകരണത്തിനും ചിരട്ടയിൽ നിന്നും നിർമിക്കുന്ന ഉത്തേജിത കരി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രധാനമായും ഏഷ്യയിലും മിഡിൽ ഈസ്റ്റിലും പ്യൂരിഫയർ നിർമാതാക്കൾ ചിരട്ടക്കരിയെയാണ് കൂടുതലും ആശ്രയിക്കുന്നത്. ചിരട്ടക്കരി കൂടുതൽ സമയം കത്തിനിൽക്കും എന്നതും അമിതമായി പുക പുറപ്പെടുവിക്കുന്നില്ല എന്നതും കൂടുതൽ ചൂട് നൽകുന്നു എന്നതും മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വ്യവസായങ്ങളിൽ ചിരട്ടക്കരിയുടെ പ്രാധാന്യം വർധിപ്പിച്ചു. ഇതിനുപുറമേ സുസ്ഥിരതയ്ക്ക് പ്രാധാന്യം ഏറിയത് മൂലം ചിരട്ടയിൽ നിന്നും നിർമിക്കപ്പെടുന്ന സ്പൂണുകൾ, ബൗളുകൾ, ജ്വല്ലറികൾ എന്നിവയ്ക്കും ആഗോളതലത്തിൽ പ്രചാരം വർധിച്ചതും ചിരട്ട കയറ്റുമതി വർധിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്നാണ്.
ഇനി വിൽക്കാനായി കിലോക്കണക്കിന് ചിരട്ടകൾ ഇല്ലാത്ത സാഹചര്യമാണെങ്കിലും അവ വെറുതെ കളയേണ്ടതില്ല. വ്യത്യസ്ത വീട്ടാവശ്യങ്ങൾക്കായി ചിരട്ട ഉപയോഗിക്കാം. ഉദാഹരണത്തിന് കിണറ്റിലെ ജലം ശുദ്ധീകരിക്കാൻ ഒന്നോ രണ്ടോ ചിരട്ട കത്തിച്ച് കിണറ്റിൽ ഇടാം. ചിരട്ടക്കരി ഉപയോഗിച്ച് ഓട്ടുപാത്രങ്ങളും പിച്ചളപാത്രങ്ങളും തേച്ചുകഴുകിയാൽ അവ പുതുപുത്തൻപോലെ തിളങ്ങും. വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ തുറന്ന പാത്രത്തിൽ ചിരട്ടക്കരി സൂക്ഷിച്ചുവയ്ക്കാം. ദുർഗന്ധങ്ങൾ വലിച്ചെടുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.