
മലവെള്ളപ്പാച്ചിലിലെ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും പരിഹാരമാകുന്നു; ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു
കോടഞ്ചേരി ∙ പഞ്ചായത്തിൽ ചാലിപ്പുഴയിൽ ചെമ്പുകടവ് പാലം, പറപ്പറ്റ പാലം എന്നിവയുടെ പണി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഓരോ മഴക്കാലത്തും ചാലിപ്പുഴയിൽ ഉണ്ടാകുന്ന മലവെള്ളപ്പാച്ചിലിൽ ചെമ്പുകടവ് അങ്ങാടിയിലെ കാലപ്പഴക്കം ചെന്ന, ഉയരം കുറഞ്ഞ ബണ്ട്പാലത്തിന്റെ മുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്.
പറപ്പറ്റയിൽ ചാലിപഴയിലെ കാലപ്പഴക്കം ചെന്ന പറപ്പറ്റ ബണ്ട് പാലത്തിന്റെ മുകളിലും മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നതും പതിവായിരുന്നു. അതിനു പരിഹാരമാകും.ചെമ്പുകടവിലും പറപ്പറ്റയിലും ഉയരം കുറഞ്ഞ ബണ്ട്പാലത്തിന്റെ മുകളിൽ വെള്ളം കയറുമ്പോൾ പാലത്തിനു സമീപത്തുള്ള ചെമ്പുകടവ് അക്കരെ അങ്ങാടിയിലും പറപ്പറ്റ പാലത്തിനു സമീപങ്ങളിലെ വീടുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടാകുന്നതും പതിവായിരുന്നു.
ഉയരം കൂടിയ പുതിയ മേജർ പാലങ്ങൾ വരുന്നതോടെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നത് ഇല്ലാതാകും. പറപ്പറ്റയിലെ പഴയ ബണ്ട്പാലം പൂർണമായും പൊളിച്ചു നീക്കിയാണ് പുതിയ പാലം പണിതിട്ടുള്ളത്. ചെമ്പുകടവ് അങ്ങാടിയിലെ ഉയരം കുറഞ്ഞ പഴയ ബണ്ട്പാലം പൊളിച്ചു നീക്കിയിട്ടില്ല. പഴയ ബണ്ട്പാലം പൂർണമായും പൊളിച്ചു മാറ്റിയാൽ മാത്രമേ ചെമ്പുകടവ് അങ്ങാടിയിലും സമീപത്തെ വീടുകളിലും മലവെള്ളപ്പാച്ചിലിൽ വെള്ളം കയറാത്ത അവസ്ഥയിലേക്ക് മാറാനാകൂ.
ചെമ്പുകടവിൽ ചാലിപുഴയ്ക്ക് അക്കരെ ഇക്കരെയുള്ള അങ്ങാടികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഉയരം കൂടിയ നടപ്പാലം നിലവിൽ പഴയ ബണ്ട് പാലം സ്ഥിതി ചെയ്യുന്നിടത്ത് പണിയണമെന്ന ആവശ്യവും ശക്തമാണ്. ചെമ്പുകടവ് അങ്ങാടിക്ക് മുകളിലായിട്ടാണ് എട്ട് കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് പുതിയ ബോസ്ട്രിക് ആർച്ച് മോഡൽ പാലം പണിതിട്ടുള്ളത്. 55 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉണ്ട് പാലത്തിന്.
പാലത്തിന്റെ ഒരറ്റത്ത് 120 മീറ്റർ നീളത്തിലും മറുഭാഗത്ത് 70 മീറ്റർ നീളത്തിലും അപ്രോച്ച് റോഡും പണിതിട്ടുണ്ട്. ചെമ്പുകടവ് പാലത്തിന്റെ പെയ്ന്റിങ് ജോലികൾ നടന്നു വരുന്നു.
ഏതാനും ദിവസത്തിനുള്ളിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിങ്ങും നടക്കും. പുഴയുടെ നടുവിൽ തൂണുകൾ നിർമിക്കാത്ത ആർച്ച് മോഡൽ പാലം സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാണ് സമ്മാനിക്കുന്നത്.
പാലത്തിൽ നിന്നു പുഴയിലേക്ക് ഇറങ്ങുന്നതിനു സ്റ്റെപ്പുകളും നിർമിച്ചിട്ടുണ്ട്.33 മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള പറപ്പറ്റ പാലത്തിന്റെ ഒരറ്റത്ത് 140 മീറ്ററും മറുഭാഗത്ത് 70 മീറ്റർ നീളത്തിലും ആണ് അപ്രോച്ച് റോഡ് പണിയുന്നത്. അപ്രോച്ച് റോഡിന്റെ ടാറിങ്ങും പാലത്തിന്റെ പെയിന്റിങ്ങും ഏതാനും ദിവസത്തിനുള്ളിൽ പൂർത്തിയാകും.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു മൂന്ന് കോടി രൂപ അനുവദിച്ചാണ് പറപ്പറ്റ പാലം പണിയുന്നത്. ഗ്രാമ വികസന വകുപ്പ് എൽഎസ്ജിഡി എൻജിനീയർ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പറപ്പറ്റ പാലം നിർമിച്ചത്. ചെമ്പുകടവ് പാലം 2021–ലാണ് നിർമാണം ആരംഭിച്ചത്.
അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം വിട്ടു കിട്ടാൻ വൈകിയതാണ് ചെമ്പുകടവ് പാലം പണി വൈകാൻ കാരണം. 2023–ലാണ് പറപ്പറ്റ പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
കോടഞ്ചേരി–ചെമ്പുകടവ്–നൂറാംതോട് അടിവാരം റോഡിലാണ് പുതിയ ചെമ്പുകടവ് പാലം.കോടഞ്ചേരി–അമ്പാട്ടുപടി ജംക്ഷൻ–പറപ്പറ്റ–ചെമ്പുകടവ് റോഡിലാണ് പുതിയ പറപ്പറ്റ പാലം സ്ഥിതി ചെയ്യുന്നത്. രണ്ട് പാലങ്ങളുടെയും നിർമാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]