
പൊലീസുകാരെ വെട്ടി; ആക്രമിച്ചത് കാർ മോഷണക്കേസ് പ്രതിയും മാതാവും ചേർന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുക്കം ∙ വയനാട് ജില്ലയിലെ കാർ മോഷണക്കേസിലെ പ്രതിയെ പിടിക്കാനെത്തിയ രണ്ടു പൊലീസുകാരെ പ്രതിയും മാതാവും ചേർന്നു വെട്ടിപ്പരുക്കേൽപിച്ചു. വയനാട് എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒമാരായ വൈത്തിരി പെരിന്തട്ട നൗഫൽ (38), ഷാലു എന്നിവരെയാണ് പ്രതി വലിയപറമ്പ് മുരിങ്ങംപറ്റ തടായി കോളനിക്ക് സമീപം താമസിക്കുന്ന അർഷദ്, മാതാവ് കദീജ എന്നിവർ ചേർന്ന് വെട്ടിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം.
നൗഫലിന് കൈക്കും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഷാലുവിനു കൈമുട്ടിൽ പരുക്കേറ്റു. ഇരുവരെയും ആദ്യം കെഎംസിടി മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നംഗ സംഘമായിരുന്നു പ്രതിയെ പിടിക്കാൻ എത്തിയിരുന്നത്. സീനിയർ സിപിഒ വിപിൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ അർഷദിനെ നാട്ടുകാരും പൊലീസും ചേർന്നു പിടികൂടുകയായിരുന്നു.
ഈ മാസം 4 ന് വയനാട് ജില്ലയിൽ നിന്നു കാർ മോഷണം പോയതുമായി ബന്ധപ്പെട്ട് സിസിടിവി പരിശോധന നടത്തി പ്രതിയെ തിരിച്ചറിഞ്ഞായിരുന്നു പൊലീസ് വലിയപറമ്പ് ഭാഗത്ത് എത്തിയത്. മോഷണം പോയ കാർ ഇവിടെ നിന്നു കണ്ടെടുക്കുകയും വീട്ടിൽ നിന്ന് അർഷദിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ആക്രമണം.
ആദ്യം മിക്സി ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കദീജ പിന്നീട് കത്തികൊണ്ടു വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അർഷദിന്റെ സഹോദരൻ ഹഫ്സലിനെ തിരുവമ്പാടി പൊലീസ് എംഡിഎംഎയുമായി പിടികൂടിയിരുന്നു. മുക്കം എസ്ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സജിൻ, വൈശാഖ്, സീനിയർ സിപിഒമാരായ ഷറഫുദ്ദീൻ, വിപിൻലാൽ, അനീഫ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.