
കോഴിക്കോട് ∙ 17 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണു സഹോദരിമാരായ എൻ.പി.രജനിയും രമണിയും രതിബയും.
ഹിന്ദു പെൺമക്കൾക്കു പൂർവികസ്വത്തിൽ തുല്യാവകാശമുണ്ടെന്ന ഹൈക്കോടതി വിധിയിലേക്കു നയിച്ച അപ്പീൽ നൽകിയതു കോഴിക്കോട് വളയനാട് ജാനുപ്രഭയിൽ എൻ.പി.രജനി, കരുവിശ്ശേരി അഭിലാഷിൽ എൻ.പി.രമണി, കാരപ്പറമ്പ് തടമ്പാട്ടുതാഴം ബബിത നിവാസിൽ രതിബ, മറ്റൊരു സഹോദരി ചെറുകുളം ശ്രേയസ്സിലെ പരേതയായ എൻ.പി.രാജേശ്വരി എന്നിവർ ചേർന്നാണ്.
സഹോദരൻ കക്കോടി മക്കടയിലെ എൻ.പി.പ്രബീഷിനെതിരെ നൽകിയ കേസിലാണു ഹൈക്കോടതി വിധി. ചെറുകുളം ഒറ്റത്തെങ്ങിലെ 2 ഏക്കറിലധികമുള്ള കുടുംബസ്വത്തിനെ ചൊല്ലിയായിരുന്നു തർക്കം.
പിതാവ് ചന്തു നൽകിയ ഒസ്യത്ത് പ്രകാരം സഹോദരൻ പ്രബീഷിനാണു കുടുംബ സ്വത്തിൽ ഏറിയ പങ്കെന്നും ഒസ്യത്തു റദ്ദാക്കി കുടുംബ സ്വത്തിൽ തുല്യാവകാശം നൽകണമെന്നും ആവശ്യപ്പെട്ടാണു രജനിയും സഹോദരിമാരും 2009ൽ ആദ്യമായി കോടതിയെ സമീപിച്ചത്. കീഴ്ക്കോടതികൾ ഹർജി തള്ളിയതോടെയാണ് അഡ്വ.എസ്.നിർമൽ വഴി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ഒസ്യത്ത് ഉണ്ടെന്ന് അറിഞ്ഞ ശേഷം, പ്രബീഷുമായി ചർച്ച നടത്തിയിരുന്നുവെന്നും ഒസ്യത്തു പ്രകാരം മാത്രമേ സ്വത്ത് ഭാഗിക്കാൻ പറ്റൂവെന്നും പ്രബീഷ് തറപ്പിച്ചു പറഞ്ഞതോടെയാണു കോടതിയെ സമീപിച്ചതെന്നും രമണിയുടെ മകൻ അഭിലാഷ് പറഞ്ഞു.
വിധിയിൽ സന്തോഷമുണ്ടെന്നു രജനിയും രമണിയും രതിബയും പറഞ്ഞു. രജനി ഹെഡ്മിസ്ട്രസായി വിരമിച്ചു.
രമണിയും രതിബയും വീട്ടമ്മമാരാണ്. രാജേശ്വരി 2018ൽ മരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]