
കോഴിക്കോട്∙ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇതു തെളിയിക്കാനാണു പൊലീസിന്റെ ആദ്യ ശ്രമം.
2024 മാർച്ച് 20ന് ഗവ.മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗം പരിസരത്തു നിന്നു പ്രതികൾ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പണം തിരികെ വാങ്ങാനാണ് ആദ്യം ശ്രമിച്ചതെന്നു നേരത്തെ അറസ്റ്റ് ചെയ്ത പ്രതികൾ പൊലീസിനു മൊഴി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം രണ്ടാം ദിവസം കോഴിക്കോട്ട് എത്തി. പ്രതിമാസ വാടകയ്ക്കു കാർ വാങ്ങാൻ പ്രതികൾ ഹേമചന്ദ്രനോട് ആവശ്യപ്പെട്ടു.
തുടർന്നു കൊയിലാണ്ടി ഭാഗത്തേക്കു പോയി.
അവിടത്തെ സുഹൃത്തിൽ നിന്ന് കാർ ഹേമചന്ദ്രന്റെ പേരിൽ വാടകയ്ക്ക് എടുത്തു. അതു വയനാട്ടിൽ എത്തിച്ചു മറ്റൊരാൾക്കു പണയം നൽകി പണം ഈടാക്കാനായിരുന്നു പ്രതി നൗഷാദിന്റെയും സംഘത്തിന്റെയും പദ്ധതി.
കാറിന്റെ ബാധ്യത ഹേമചന്ദ്രനിലാക്കി പണം വാങ്ങിയെടുക്കുകയായിരുന്നു ലക്ഷ്യം. കാർ വാടകയ്ക്ക് എടുത്ത ശേഷം വാഹനത്തിൽ ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ എത്തി.
ഇതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ ബലം പ്രയോഗിച്ചു ഹേമചന്ദ്രനെ ഒപ്പിടീച്ചതായും നേരത്തെ പിടിയിലായ പ്രതികൾ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു.
ഈ പദ്ധതി പൊളിഞ്ഞതോടെയാണു സംഘം ഹേമചന്ദ്രനെ വയനാട്ടിലേക്ക് കൊണ്ടു പോയത്.അറസ്റ്റിലായ നൗഷാദിനെ കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ചു തെളിവെടുക്കും.
ഒപ്പം കരാർ ഉണ്ടാക്കുന്നതിനു രേഖകൾ നിർമിച്ച സ്ഥലങ്ങളിലും എത്തിക്കും. തുടർന്നാണു ബത്തേരിയിലെ കൊല്ലപ്പെട്ട
വീട്ടിലും മൃതദേഹം കുഴിച്ചുമൂടിയ ചേരമ്പാടി വനത്തിലും തെളിവെടുപ്പിന് എത്തിക്കുക. സാമ്പത്തിക തർക്കത്തെ തുടർന്ന് ഹേമചന്ദ്രനെ കൊലപ്പെടുത്തി വനത്തിൽ കുഴിച്ചു മൂടിയെന്നാണ് പൊലീസിന്റെ നിഗമനം.
ഇയാൾ 20 ലക്ഷം രൂപ പലർക്കായി നൽകാനുണ്ടായിരുന്നു.
കേസിൽ 2 സ്ത്രീകൾ കൂടി പിടിയിലാകുമെന്നും ബത്തേരി സ്വദേശിയായ മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുക്കുമെന്നും സൂചനയുണ്ട്. അന്വേഷണത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ കെ.കെ.ആഗേഷിനൊപ്പം സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, മെഡിക്കൽ കോളജ് എസ്ഐ മുരളീധരൻ, സീനിയർ സിപിഒമാരായ വിനോദ് രമിനാസ്, വിജേഷ് എരഞ്ഞിക്കൽ, ജിതിൻ എന്നിവരും പങ്കെടുത്തു.
ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന് ആവർത്തിച്ച് പ്രതി
കോഴിക്കോട് ∙ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരുവിൽ നിന്നു അറസ്റ്റ് ചെയ്ത സുൽത്താൻ ബത്തേരി പഴുപ്പത്തൂർ സ്വദേശി പുല്ലമ്പി വീട്ടിൽ നൗഷാദ് (33) നെ 5 ദിവസത്തേക്ക് അന്വേഷണ സംഘം കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി.
പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി നേരത്തെ വിദേശത്തു നിന്നു വിഡിയോയിൽ വെളിപ്പെടുത്തിയത് ആവർത്തിക്കുകയായിരുന്നു. ഹേമചന്ദ്രൻ ജീവനൊടുക്കിയതാണെന്നും മറ്റു വഴിയില്ലാത്തതിനാൽ മൃതദേഹം കാട്ടിലെത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്നുമാണ് നൗഷാദ് അന്വേഷണ സംഘത്തിനു മുന്നിലും പറഞ്ഞത്. നിരവധി പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ട്.
മൈസൂരു സ്വദേശിയിൽ നിന്ന് ഇതു വാങ്ങി നൽകാമെന്നു കാട്ടി ബത്തേരിയിൽ ഹേമചന്ദ്രൻ ആവശ്യപ്പെട്ടതു പ്രകാരമാണ് വീട് താമസത്തിനായി നൽകിയതെന്നും നൗഷാദ് ആവർത്തിച്ചു.
തുടർന്ന് ഇവിടെ വച്ച് ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു. സൃഹൃത്തുക്കളുമൊത്ത് കാട്ടിൽ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് നൗഷാദിന്റെ വാദം. അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഏക പൊലീസ് ‘ഇൻട്രൊഗേഷൻ മുറിയിൽ’ എത്തിച്ചു ചോദ്യം ചെയ്യൽ തുടരുകയാണ്.
പ്രതിയെ ഇന്ന് കൊയിലാണ്ടി, താമരശ്ശേരി, ബാലുശ്ശേരി, മെഡിക്കൽ കോളജ് ആശുപത്രി പരിസരം എന്നിവിടങ്ങളിലും പിന്നീട് വയനാട്ടിലും തമിഴ്നാട് ചേരമ്പാടിയിലും തെളിവെടുപ്പിനായി കൊണ്ടു പോകും.
കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതികൾ തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും അന്വേഷണ സംഘത്തിന്റെ പക്കലുള്ളതായാണ് വിവരം. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിലും മർദനമേറ്റ് ശ്വാസംമുട്ടിയാണ് ഹേമചന്ദ്രന്റെ മരണം എന്നായിരുന്നു കണ്ടെത്തൽ.പ്രതി ചൊവ്വാഴ്ച വിദേശത്തു നിന്നു മടങ്ങി വരവേ ബെംഗളൂരു വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു.
തിരിച്ചറിയാതിരിക്കാൻ മുടിയും മീശയും ഒഴിവാക്കിയിരുന്നു. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]