നാദാപുരം∙ ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്കു താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ വാങ്ങിയ സ്ഥലത്തു പണി പൂർത്തീകരിച്ച വീടുകളിൽ പലതിനും വൈദ്യുതി ലഭിച്ചില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഭീമമായ തുക അടയ്ക്കണമെന്നാണു കെഎസ്ഇബി നിലപാട്.
വൈദ്യുതത്തൂണിന്റെയും മറ്റുപകരണങ്ങളുടെയും വിലയാണിത്. ഏറെക്കാലമായി വാടക വീടുകളിൽ കഴിയുന്ന 8 വീട്ടുകാർ ഇതിനകം പുതിയ വീടുകളിലേക്ക് താമസം മാറ്റിയെങ്കിലും മണ്ണെണ്ണ വിളക്ക് ഉൾപ്പെടെയുള്ളവയാണ് ആശ്രയം.
ശനിയാഴ്ച വെഞ്ചരിപ്പ് നടക്കാനിരിക്കുന്ന പാലോലിൽ സന്തോഷിന്റെ കുടുംബത്തിനു പണിത വീട്ടിൽ വൈദ്യുതി ലഭിക്കാൻ ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കണമെന്നാണു നിർദേശം.
സന്തോഷിന്റെ പിതാവ് ജോസഫ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞു കിടക്കുകയാണ്. അമ്മ മേരി അർബുദത്തിനു പുറമേ, പക്ഷാഘാതത്തിനും ചികിത്സയിലാണ്.
വിലങ്ങാട്ടെ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽനിന്നു വാളാംതോട് ഭാഗത്താണു ദുരിത ബാധിതർക്കായി വീടുകൾ നിർമിച്ചതും നിർമാണം പുരോഗമിക്കുന്നതും.
ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഉരുൾപൊട്ടലിൽ നഷ്ടമായവരാണ് ഇവരിൽ ഏറെപ്പേരും. ബാങ്കുകളിൽനിന്നു കൃഷി ആവശ്യത്തിനും മറ്റും വായ്പ എടുത്തവർ അടക്കം ഇക്കൂട്ടത്തിലുണ്ട്.
വയനാടിനു സമാനമായ സഹായങ്ങൾ വിലങ്ങാട്ടും സർക്കാർ പ്രഖ്യാപിച്ചതാണെങ്കിലും കടങ്ങൾ സർക്കാർ ഏറ്റെടുക്കുന്നത് അടക്കമുള്ള നടപടി ഇതു വരെ പൂർത്തിയായിട്ടില്ല. കണക്ഷൻ ലഭിക്കാൻ 80,000 രൂപ മുതൽ അടയ്ക്കാനുള്ള വീട്ടുകാരുമുണ്ട്. വിലങ്ങാടിനായി പ്രത്യേക പദ്ധതി വൈദ്യുതി ബോർഡിനു മുൻപാകെ ഇല്ലാത്തതിനാൽ പണം അടയ്ക്കണമെന്നാണ് കെഎസ്ഇബി നിലപാട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

