കോഴിക്കോട്∙ നഗരപരിധിയിൽ രാത്രി വൻ തീപിടിത്തം. 3 കടകൾ കത്തിനശിച്ചു.
ആളപായമില്ല. പന്നിയങ്കരയിൽനിന്നു ചക്കുംകടവിലേക്കുള്ള മേൽപാലത്തിനു താഴെ കുണ്ടൂർ നാരായണൻ റോഡിന് സമീപത്തെ കെട്ടിടത്തിലാണ് രാത്രി തീപിടിത്തമുണ്ടായത്.
ഇവിടെ പ്രവർത്തിച്ചിരുന്ന 3 കടകൾ പൂർണമായും കത്തിനശിച്ചു. കോയമോന്റെ ഉടമസ്ഥതയിലുള്ള ഫൊട്ടോ ഫ്രെയിമിങ് കട, ലാലുവിന്റെ ഉടമസ്ഥതയിലുള്ള തുന്നൽക്കട, തൊട്ടടുത്തുള്ള സ്കൂട്ടർ വർക് ഷോപ്പ് എന്നിവയാണ് നശിച്ചത്.
രാത്രി 8.50ന് ഫൊട്ടോ ഫ്രെയിമിങ് കടയിലാണ് ആദ്യം തീ കണ്ടത്.
ഷോർട് സർക്കീറ്റാണ് കാരണമെന്നാണ് സംശയം. തീ കണ്ടതോടെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം തുടങ്ങി. ഇതിനിടെ മറ്റു കടകളിലേക്കും തീ പടർന്നു. മീഞ്ചന്ത, ബീച്ച് അഗ്നിരക്ഷാനിലയങ്ങളിലെ 3 യൂണിറ്റ് എത്തിയതാണ് തീ നിയന്ത്രിച്ചത്.
ഇതിനിടെ രാത്രി നഗരത്തിൽ കമ്മിഷണർ ഓഫിസിലേക്കു നടന്ന സമരത്തെ തുടർന്ന് പൊലീസ് മാനാഞ്ചിറയിലെ റോഡ് ബാരിക്കേഡ് വച്ച് തടഞ്ഞത് തീയണയ്ക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിച്ചു. മാനാഞ്ചിറയിൽനിന്ന് വെള്ളം നിറച്ച അഗ്നിരക്ഷാ യൂണിറ്റുകൾ പാളയം കല്ലായി റോഡ് വഴി എളുപ്പത്തിൽ പന്നിയങ്കര മേൽപാലത്തിലേക്ക് എത്തുമായിരുന്നു.
എന്നാൽ കമ്മിഷണർ ഓഫിസിനു സമീപത്ത് മാനാഞ്ചിറ റോഡ് അടച്ചു.
ഇതോടെ വെള്ളം നിറച്ച വാഹനങ്ങൾ പാവമണി റോഡ് വഴി സ്റ്റേഡിയം ജംക്ഷനിലെത്തി ചിന്താവളപ്പ് ചുറ്റി പാളയത്ത് എത്തിയാണ് കല്ലായി റോഡിലേക്ക് കയറിയത്. രാത്രി പത്തോടെ തീ നിയന്ത്രണ വിധേയമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

