കോഴിക്കോട് ∙ മാനാഞ്ചിറ എൽഐസി പ്രധാന ഗേറ്റ് മുതൽ വൈക്കം മുഹമ്മദ് ബഷീർ റോഡ് ജംക്ഷനു സമീപം വരെ വിരിക്കാനുള്ള പൂട്ടുകട്ടകൾ ഇറക്കി തുടങ്ങി. ഷൊർണൂരിൽനിന്നു പൂട്ടുകട്ടകൾ എത്തിച്ചത്.
ബുധനാഴ്ച ഇതു വിരിക്കുന്ന പ്രവൃത്തി ആരംഭിക്കും. പൂട്ടുകട്ടകൾ വിരിക്കുന്നതിനു നവംബർ 5 മുതൽ റോഡിലെ ടാറിങ് ഉൾപ്പെടെ ഇളക്കിമാറ്റുന്ന പ്രവൃത്തി തുടങ്ങിയിരുന്നു.
ടാറിങ്ങും മണ്ണുമെല്ലാം പട്ടാളപ്പള്ളിക്കു സമീപം റോഡിലേക്കു മാറ്റിയിട്ടു. ടാറിങ് ഇളക്കിയെടുത്ത ഭാഗത്ത് കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ഉയർത്തി നിരപ്പാക്കി.
ഇതിനു മുകളിലാണ് 1,700 സ്ക്വയർ മീറ്ററിൽ പൂട്ടുകട്ടകൾ വിരിക്കുന്നത്.
പൂട്ടുകട്ടകൾ വിരിക്കുന്ന ഭാഗത്തോടു ചേർന്ന് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും നടക്കും. പൂട്ടുകട്ടകൾ വിരിക്കുന്നത് 5 ദിവസത്തിനകം പൂർത്തിയാകുമെങ്കിലും കോൺക്രീറ്റിനു ശേഷം മൂന്നാഴ്ചയ്ക്കു ശേഷമേ വലിയ വാഹനങ്ങൾ ഇതിലെ പോകാൻ കഴിയൂ എന്നാണു ബന്ധപ്പെട്ടവർ പറയുന്നത്.
ക്രിസ്മസിനു മുന്നോടിയായി ചെറിയ വാഹനങ്ങൾ കടത്തിവിടാനാകുമെന്നു പ്രവൃത്തി നടത്തുന്നവരും പറഞ്ഞു.
പണി നീളുന്നതിൽ ആശങ്കയോടെ വ്യാപാരികൾ
∙ പൂട്ടുകട്ട വിരിക്കുന്നതിനോടു അനുബന്ധിച്ച പ്രവൃത്തി തുടങ്ങിയിട്ടു ഒരു മാസം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിനാൽ കച്ചവടത്തെ ബാധിച്ചതായി പല വ്യാപാരികളും പറഞ്ഞു.
ക്രിസ്മസ് പുതുവത്സരാഘോഷത്തിനു മുന്നോടിയായി പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ അതു കച്ചവടത്തെ ബാധിക്കുമോയെന്ന ആശങ്കയാണ് അവർ പങ്കുവയ്ക്കുന്നത്. റോഡ് അടച്ചതിനാൽ യാത്രക്കാർ ഇവിടേക്കു വരാത്ത സാഹചര്യമാണ്.
പൂട്ടുകട്ട വിരിക്കുന്ന പ്രവൃത്തി ക്രിസ്മസ് പുതുവത്സരാഘോഷത്തിനു മുൻപു പൂർത്തിയാക്കി വ്യാപാരികൾക്കുള്ള ബുദ്ധിമുട്ടു പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽ കുമാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

