ചേളന്നൂർ∙ പെരുമ്പൊയിൽ താഴത്തു വട്ടോളി തറവാടിന്റെ പൂമുഖത്തിരുന്നു ചേളന്നൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കെ.കവിത പറഞ്ഞു: ‘ഞാൻ പഞ്ചായത്ത് അംഗമായതു മുതൽ മകൻ ആവശ്യപ്പെടുന്നതാണു പ്രദേശത്തൊരു മൈതാനം വേണമെന്നത്. അവന്റെ ആഗ്രഹം പൂർണമായി നടത്തിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല.’ 3 തവണ തുടർച്ചയായി പെരുമ്പൊയിൽ വാർഡ് പ്രതിനിധിയായ കവിത ഇത്തവണ മത്സരിക്കുന്നില്ല.
തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു താഴത്തു വട്ടോളി തറവാട്ടിൽ മലയാള മനോരമ നടത്തിയ ‘കുടുംബത്തിലോട്ട്’ ചർച്ചയിൽ, കവിതയ്ക്കു പുറമേ പങ്കെടുത്ത, വിരമിച്ച പൊലീസുകാരനായ പി.പി.അബ്ദുൽ സലാം, കെ.കെ.സുധീർകുമാർ, വി.പി.മോഹനൻ, ഭാര്യ കെ.ചന്ദ്രിക, കെട്ടിട നിർമാണ തൊഴിലാളി ചെമ്പയിൽ ശശി, പി.കെ.കവിതയുടെ മകൻ ജുബിൻ ശങ്കർ എന്നിവരെല്ലാം ഒറ്റക്കെട്ടായി ഉന്നയിച്ചത് ഒരാവശ്യമായിരുന്നു: ശുദ്ധജല ക്ഷാമത്തിന് ഉടനടി പരിഹാരം വേണം.
പരിഹാരമാകാതെ ശുദ്ധജല ക്ഷാമം
‘പഞ്ചായത്തിലെ നൂറിലധികം വീടുകളിൽ ശുദ്ധജല ക്ഷാമമുണ്ട്.
ഇതു പഞ്ചായത്തിന്റെ കൃത്യവിലോപമാണ്. പലയിടങ്ങളിലും പൈപ്പ് ഇട്ടിട്ടില്ല.’ ചർച്ചയ്ക്കു തുടക്കമിട്ട
പി.പി.അബ്ദുൽ സലാം പഞ്ചായത്തിനെതിരെ കുറ്റപത്രവുമായി തുടങ്ങി. ‘ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ട് പഞ്ചായത്തിൽ ഉപയോഗിച്ചിട്ടില്ല.
നേട്ടങ്ങളെന്നു പറയുന്നതെല്ലാം സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചു ചെയ്തവയാണ്.’ അബ്ദുൽ സലാം പറഞ്ഞു. കവിത കൗണ്ടറുമായെത്തി. ‘ബ്ലോക്ക് പഞ്ചായത്തിൽ നിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിൽ നിന്ന് ഒന്നും ലഭിച്ചിട്ടില്ല. പിന്നെ, സ്വന്തമായി ഫണ്ട് ഇല്ലാത്ത ഗ്രാമപഞ്ചായത്തുകൾക്കു സംസ്ഥാന സർക്കാർ തന്നെയല്ലേ പണം നൽകേണ്ടത്? ശുദ്ധജല പ്രശ്നത്തിനു പരിഹാരത്തിനു ശ്രമിക്കാത്തതല്ല.
ശുദ്ധജല പദ്ധതിക്കു സ്വന്തം ഭൂമി പഞ്ചായത്തിനു വിട്ടുകൊടുത്തയാളാണു ഞാൻ.
വിതരണ പൈപ്ലൈൻ ഇടാൻ 13 സ്ഥലത്തു കോഴിക്കോട് – ബാലുശ്ശേരി റോഡ് മുറിക്കണം. ഇതിനുള്ള അനുമതി ലഭിക്കാൻ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നിൽ സമരം നടത്തിയിട്ടുണ്ട്.
റോഡ് മുറിച്ച്, പൈപ്പിട്ട ശേഷം റീ ടാർ ചെയ്യുന്നതിന് 9.19 ലക്ഷം രൂപ മരാമത്തു വകുപ്പിൽ കെട്ടിവച്ചിട്ടുണ്ട്.
കേരള റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ (റിക്ക്) നിന്ന് അനുമതി വാങ്ങണമെന്നാണ് ഇപ്പോൾ മരാമത്ത് വകുപ്പ് പറയുന്നത്.’ അബ്ദുൽ സലാം വിട്ടില്ല. ‘അനുമതിക്കു വേണ്ടി റിക്കിന് പഞ്ചായത്ത് അപേക്ഷ നൽകിയിട്ടില്ല.
’ കവിത: ‘റിക്കിൽ നിന്ന് അനുമതി വാങ്ങിത്തരേണ്ടതു സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എ.കെ.ശശീന്ദ്രനാണ്.’ ക്ഷേമ പെൻഷൻ കൂട്ടിയതും വിതരണം ചെയ്യുന്നതും വനിതകൾക്കുള്ള പെൻഷനും വോട്ടാകുമെന്ന് അബ്ദുൽ സലാം പ്രതീക്ഷ പ്രകടിപ്പിച്ചപ്പോൾ, ക്ഷേമ പെൻഷൻ വിതരണം വൈകിയ സമയത്ത്, മരുന്നു വാങ്ങാൻ പണമില്ലാത്ത കുടുംബങ്ങളുടെ കണ്ണീരു കണ്ടതാണെന്നും പ്രതിഷേധം നേരിട്ട് അനുഭവിച്ചതാണെന്നുമായിരുന്നു കവിതയുടെ തിരിച്ചടി.
കരകയറാനൊരു വഴി
ശുദ്ധജലത്തിൽ നിന്നു കരകയറാനെന്നോണം,കെ.കെ.സുധീർകുമാർ നിരത്തിയത് ഇരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രം, ലാബ്, ഓപ്പൺ ജിം, വനിതകൾക്കു മാത്രമായുള്ള ജിം തുടങ്ങിയ നേട്ടങ്ങൾ. കോഴിക്കോട് – ബാലുശ്ശേരി റോഡ് വികസനം വൈകുന്നതിൽ സുധീർകുമാർ ആശങ്ക പ്രകടിപ്പിച്ചു. പുനത്തിൽതാഴം മൈതാനം നവീകരിച്ചില്ലെന്ന് അബ്ദുൽ സലാം പറഞ്ഞപ്പോൾ, കൂടുതൽ മൈതാനങ്ങൾ നാട്ടിൽ വേണമെന്ന അഭിപ്രായമായിരുന്നു കവിതയുടേത്.
കവിതയുടെ മകനും സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമായ ജുബിൻ ശങ്കറിനാകട്ടെ, മൈതാനങ്ങളും കൂടുതൽ കായിക വികസന സംവിധാനങ്ങളും വേണമെന്നാണ് ആഗ്രഹം. യുവാക്കൾക്കു കൂടുതൽ പഠന സൗകര്യവും തൊഴിലും വേണം.
തൊഴിൽ മേളകൾ നടത്തണം.’ ജുബിൻ പറഞ്ഞു.
ക്ഷേമ പെൻഷനുകളുടെ മാനദണ്ഡത്തിൽ ഇളവു വേണം
ക്ഷേമ പെൻഷനുകളുടെ മാനദണ്ഡങ്ങളിൽ, കുടുംബ സാഹചര്യത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നു വി.പി.മോഹനനും കെ.ചന്ദ്രികയും ചെമ്പയിൽ ശശിയും ആവശ്യപ്പെട്ടു. കവിതയും അബ്ദുൽ സലാമും ഇതിനെ പിന്തുണച്ചു.
‘കാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യുന്നവർക്കുമൊക്കെ വീട്ടിൽ എസി അത്യാവശ്യമാണ്. ഇതു പരിഗണിക്കാതെയാണു ക്ഷേമ പെൻഷനുകളുടെ മാനദണ്ഡം നിശ്ചയിക്കുന്നത്.’ പൊതുശ്മശാനം വേണമെന്ന ആവശ്യവും മോഹനൻ ഉന്നയിച്ചു.
ശബരിമല സ്വർണപ്പാളി മോഷണം
ശബരിമലയിലെ സ്വർണപ്പാളി മോഷണം പഞ്ചായത്തിൽ ചർച്ചാ വിഷയമാണെന്നാണു സുധീർകുമാറിന്റെ അഭിപ്രായം.
അബ്ദുൽ സലാമും മോഹനനും ശശിയും പക്ഷേ, അതിനോടു യോജിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിന്റെ കേസ് സ്ത്രീകൾക്കിടയിൽ ചർച്ചയാകുമെന്ന് അബ്ദുൽ സലാം പറഞ്ഞപ്പോൾ, ബാക്കിയുള്ളവരെല്ലാം വിയോജിച്ചു.
ആവശ്യങ്ങളേറെ
മൈതാനങ്ങൾ, ശുദ്ധജല വിതരണത്തിനു പൊതു ടാപ്പുകൾ, പൊതു ശുചിമുറികൾ, പഞ്ചായത്തിനു പുതിയ കെട്ടിടം തുടങ്ങിയ പൊതുവായ ആവശ്യങ്ങൾ എല്ലാവരും ഉന്നയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

