കോഴിക്കോട് ∙ ഒരു രൂപയ്ക്ക് ഒരു ലീറ്റർ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി യാഥാർഥ്യമാക്കി മൂടാടി ഗ്രാമ പഞ്ചായത്ത്. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്തിലെ നന്തിയിൽ ‘വാട്ടർ എടിഎം’ സ്ഥാപിച്ചാണ് പുതിയ ചുവടുവയ്പ്.
ഒരു രൂപ നാണയമിട്ടാൽ ഒരു ലീറ്റർ തണുത്ത വെള്ളവും സാധാരണ വെള്ളവും ഇതിൽനിന്ന് ലഭിക്കും. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഷീൻ സ്ഥാപിച്ചത്. ശുദ്ധീകരിച്ച വെള്ളമാണ് ഇതിലൂടെ ലഭിക്കുക.
5,000 ലീറ്റർ ശേഷിയുള്ള ടാങ്കിൽ വെള്ളം ഒഴിയുന്നതിനനുസരിച്ച് സംഭരിക്കപ്പെടും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ഭാഗമായാണ് വാട്ടർ എടിഎം സ്ഥാപിച്ചത്.
മെഷീനിലേക്കെത്തുന്ന വെള്ളം ശുദ്ധീകരിക്കാൻ നൂതന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടന്നുവരുന്നുണ്ട്.
ആളുകൾ വാട്ടർ മെഷീൻ ഉപയോഗിക്കുന്നതോടെ മിനറൽ വാട്ടർ പ്ലാസ്റ്റിക് കുപ്പികളുടെ സംസ്കരണ പ്രശ്നത്തിനും പരിഹാരമാകും.
പ്ലാസ്റ്റിക് മാലിന്യം പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് സൗകര്യപ്രദവും തുച്ഛമായ നിരക്കിലും ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]