ഫറോക്ക്∙ ആധുനിക സൗകര്യങ്ങളോടെ സൗന്ദര്യവൽക്കരിച്ച ഫറോക്ക് റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നടപ്പാക്കിയ ആദ്യഘട്ട
പ്രവൃത്തികൾ പൂർത്തിയായ സ്റ്റേഷൻ ഒരാഴ്ചയ്ക്കകം പൂർണതോതിൽ തുറന്നു കൊടുക്കും. അടുത്ത മാസം പകുതിയോടെ ഔപചാരിക ഉദ്ഘാടനം നടത്താനാണ് റെയിൽവേ നീക്കം. അമൃത് ഭാരത് പദ്ധതിയിൽ രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച 10.68 കോടി രൂപ ചെലവിട്ടാണ് സ്റ്റേഷന്റെ മുഖഛായ മാറ്റിയത്.
2023ൽ തുടങ്ങിയ നവീകരണ പ്രവൃത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെയും ഒരുക്കിയിട്ടുണ്ട്.
വികസനത്തിന്റെ കൂകിപ്പായൽ അവസാന ലാപ്പിൽ എത്തിയെങ്കിലും സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചാൽ മാത്രമേ ഇവയെല്ലാം യാത്രക്കാർക്ക് പ്രയോജനകരമാകൂ. കോഴിക്കോട് വിമാനത്താവളം, കാലിക്കറ്റ് സർവകലാശാല, ബേപ്പൂർ തുറമുഖം, കിൻഫ്ര നോളജ് പാർക്ക്, ഫാറൂഖ് കോളജ് എന്നിവയ്ക്കു സമീപത്തെ സ്റ്റേഷൻ എന്ന പരിഗണനയിലാണ് അമൃത് ഭാരത് പദ്ധതിയിൽ ഫറോക്ക് ഉൾപ്പെടുത്തിയത്.
ഫറോക്കിനെ എയർപോർട്ട് സ്റ്റേഷനാക്കി പദവി ഉയർത്തണമെന്നത് ഉൾപ്പെടെ യാത്രക്കാരുടെ ഒട്ടേറെ ആവശ്യങ്ങൾ ഇനിയും അധികൃതർക്കു മുൻപിലുണ്ട്.
ഉച്ചയ്ക്ക് ഷൊർണൂർ ഭാഗത്തേക്കു ട്രെയിനില്ല
ഉച്ചയ്ക്ക് 1.53ന് മംഗളൂരു–കോയമ്പത്തൂർ പാസഞ്ചർ കടന്നു പോയാൽ പിന്നെ മൂന്നര മണിക്കൂർ നേരം ഫറോക്കിൽ നിന്നു ഷൊർണൂർ ഭാഗത്തേക്ക് ട്രെയിനില്ല. വൈകിട്ട് 5.30നുള്ള കണ്ണൂർ–ഷൊർണൂർ സ്പെഷൽ പാസഞ്ചറാണ് ആകെ ആശ്വാസം.
രാത്രി 10.45നുള്ള മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസിനു ശേഷം പിന്നെ രാവിലെ 5.35ന് മാത്രമേ ഷൊർണൂർ ഭാഗത്തേക്ക് യാത്ര സാധ്യമാകൂ. കോഴിക്കോട് ഭാഗത്തേക്കും ഫറോക്കിൽ നിന്നു രാത്രി യാത്രയ്ക്ക് മാർഗമില്ല. രാത്രി 10.23നുള്ള ഷൊർണൂർ–കോഴിക്കോട് പാസഞ്ചറിന് ശേഷം പിന്നെ പുലർച്ചെ 4.15നുള്ള മലബാർ എക്സ്പ്രസ് വരണം.
ചൊവ്വാഴ്ച മാത്രം രാത്രി 11.55ന് ഗാന്ധിധാം വീക്ക്ലി എക്സ്പ്രസുണ്ട്.
എറണാകുളത്ത് നിന്നു ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്പ്രസിനു സ്റ്റോപ് ഉണ്ടെങ്കിലും തിരിച്ചു വരുമ്പോൾ ഈ ട്രെയിൻ ഇവിടെ നിർത്തില്ല. മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിനും തിരിച്ചുവരുമ്പോൾ സ്റ്റോപ്പില്ല.
ഇതു യാത്രക്കാർക്ക് വലിയ പ്രയാസമാണ്. എല്ലാ ഞായറാഴ്ചയും മംഗളൂരുവിൽ നിന്നു പുതുച്ചേരിയിലേക്കു പോകുന്ന പുതുച്ചേരി എക്സ്പ്രസിനും ചൊവ്വ, വെള്ളി ദിവസങ്ങളിലെ എറണാകുളം–പുണെ എക്സ്പ്രസിനും ഫറോക്കിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും സജീവമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]