
കോഴിക്കോട്∙ 7 വർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട്ട് തിരിച്ചെത്തിയ ഐഎഫ്എഫ്കെ മേഖലാ മേള ആദ്യ ദിനം തന്നെ സൂപ്പർഹിറ്റായി മാറിയത് ജനകീയപങ്കാളിത്തം കൊണ്ട്. കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിൽ ആദ്യ ദിനം പ്രദർശിപ്പിച്ച സിനിമകളെല്ലാം നിറഞ്ഞ സദസ്സിലാണ് നടന്നത്.
രാവിലെ 9.30ന് 3 തിയറ്ററുകളിലും സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങി.
മറയ്ക്കാനാകാത്ത ശൂന്യതയായി ചെലവൂർ വേണു
കോഴിക്കോട്∙ വീണ്ടുമൊരു രാജ്യാന്തര ചലച്ചിത്ര മേള കോഴിക്കോട്ട് എത്തുമ്പോൾ ചെലവൂർ വേണു സൃഷ്ടിച്ച ആ ശൂന്യതയാണ് ചലച്ചിത്ര പ്രവർത്തകരെ സങ്കടത്തിലാഴ്ത്തുന്നത്. സിനിമ കാണാൻ വന്ന ആസ്വാദകരും സിനിമാ സാങ്കേതിക പ്രവർത്തകരും ചലച്ചിത്ര സൊസൈറ്റി പ്രവർത്തകരുമടക്കം എല്ലാവർക്കും പറയാനുണ്ടായിരുന്നത് ‘‘വേണുവേട്ടൻ ഇത്തവണ ഇല്ലല്ലോ..’’ എന്ന സങ്കടമാണ്.
ഉദ്ഘാടന പ്രസംഗത്തിലും അധ്യക്ഷ പ്രസംഗത്തിലും ആമുഖ പ്രസംഗത്തിലും ചെലവൂർ വേണുവിന്റെ ചലച്ചിത്ര പ്രവർത്തനം പരാമർശിക്കപ്പെട്ടു.
1994ൽ ഐഎഫ്എഫ്കെക്ക് സംസ്ഥാനത്ത് തുടക്കമിട്ടത് കോഴിക്കോട്ടാണ്. ആദ്യമേള സംഘടിപ്പിച്ചതു മുതൽ എല്ലാ മേളയിലും സജീവസാന്നിധ്യമായിരുന്നു ചെലവൂർ വേണുവെന്ന് ഉദ്ഘാടകനും സംവിധായകനുമായ സയീദ് മിർസ പറഞ്ഞു.
മലബാറിൽ ചലച്ചിത്ര സാക്ഷരതയുണ്ടാക്കാൻ ചെലവൂർ വേണുവാണ് സ്വന്തം ജീവിതം സമർപ്പിച്ചതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ പറഞ്ഞു. മുഖ്യാതിഥിയായി എത്തിയ തോട്ടത്തിൽ രവീന്ദ്രനും ചെലവൂർ വേണുവിന്റെ വേർപാടിനെ കുറിച്ച് ദുഃഖത്തോടെയാണ് ഓർത്തത്. ചെലവൂർ വേണുവിന്റെ പേരിലുള്ള സംവാദവേദിയിലാണ് ഇന്നു മുതൽ ഓപ്പൺഫോറം നടക്കുന്നത്.
പിന്തുണയുമായി ട്രാൻമുദ്ര ഫിലിം സൊസൈറ്റി
കോഴിക്കോട്∙ ആർഐഎഫ്എഫ്കെയുടെ വേദിയിൽ പിന്തുണയുമായി ലോകത്തിലെ ആദ്യ ട്രാൻസ് കമ്യൂണിറ്റി ഫിലിം സൊസൈറ്റിയായ ട്രാൻമുദ്ര ഫിലിം സൊസൈറ്റിയും. ട്രാൻസ് മുദ്ര ഫിലിം സൊസൈറ്റി സെക്രട്ടറി ജെ.നസ്രിയ, സോണിയ ബൈജു വയനാട്, ഫായിസ, അനു, സോണി, സോണിയ കോഴിക്കോട് എന്നിവരാണ് എത്തിയത്. ചലച്ചിത്ര അക്കാദമി കോഴിക്കോട് മേഖല കോഓഡിനേറ്റർ നവീന വിജയന്റെ നേതൃത്വത്തിലാണ് ഫിലിം സൊസൈറ്റി തുടങ്ങിയത്.
അഭിനേത്രി എൽസി സുകുമാരൻ, മലബാർ ദേവസ്വം ബോർഡ് അംഗം പ്രജീഷ് തിരുത്തിയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റി കൂട്ടായ്മയുടെയും റോട്ടറി ക്ലബ്ബിന്റെയും പിന്തുണയോടെ കോഴിക്കോട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടായ്മ.
ഓപ്പൺ ഫോറത്തിന് ഇന്നു തുടക്കം
കോഴിക്കോട്∙ മേഖല ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിന് ഇന്നു തുടക്കമാകും.
കൈരളി തിയറ്റർ അങ്കണത്തിൽ ഒരുക്കിയ ഷാജി എൻ. കരുൺ- ചെലവൂർ വേണു പവിലിയനിൽ വൈകിട്ട് 5 മുതൽ 6 വരെ ഓപ്പൺ ഫോറം നടക്കും.
ഇന്നു വൈകിട്ട് 5ന് സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്യും.‘ഫിലിം പോളിസി റിഫോംസ്: നാളെയുടെ സിനിമയ്ക്ക് പുതിയ നിയമങ്ങൾ’ ഓപ്പൺ ഫോറത്തിൽ മാധ്യമ പ്രവർത്തകൻ കെ.എ.ജോണി വിഷയം അവതരിപ്പിക്കും.
മലയാളികൾ ചരിത്രത്തിൽനിന്ന് പാഠം ഉൾക്കൊള്ളുന്നു : സയിദ് മിർസ
കോഴിക്കോട്∙ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (ഐഎഫ്എഫ്കെ) മേഖല പതിപ്പായ ആർഐഎഫ്എഫ്കെസംവിധായകനും കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയിദ് മിർസ ഉദ്ഘാടനം ചെയ്തു. അർധസത്യങ്ങളിൽനിന്ന് സിനിമയെന്ന പേരിൽ മാലിന്യക്കൂമ്പാരം ഉണ്ടാക്കുകയാണ് വലതുപക്ഷ ഫാഷിസ്റ്റ് സിനിമാ പ്രവർത്തകരെന്ന് സയിദ് മിർസ പറഞ്ഞു.
ചരിത്രത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നതു കൊണ്ടാണ് മലയാളികൾ സംസ്കാരമുള്ള ജനസമൂഹമായതെന്നും സയിദ് മിർസ പറഞ്ഞു.
മേയർ ബീന ഫിലിപ് അധ്യക്ഷയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.
ഷാങ്ഹായ് ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ നടി മീനാക്ഷി ജയൻ പുസ്തകം ഏറ്റുവാങ്ങി. ഡൗൺ സിൻഡ്രോമിനെ തോൽപിച്ച് ‘സിതാരേ സമീൻപർ’ സിനിമയിൽ അമീർഖാനൊടൊപ്പം അഭിനയിച്ച് ശ്രദ്ധേയനായ ഗോപീകൃഷ്ണൻ വർമയെ ആദരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ, കുക്കു പരമേശ്വരൻ, നടൻമാരായ സുധീഷ്, സന്തോഷ് കീഴാറ്റൂർ, സംവിധായകനും അക്കാദമി അംഗവുമായ സോഹൻ സീനുലാൽ, അക്കാദമി സെക്രട്ടറി സി.അജോയ്, ചലച്ചിത്ര വികസന കോർപറേഷൻ എംഡി വി.എസ്.പ്രിയദർശനൻ, സംഘാടകസമിതി കൺവീനർമാരായ കെ.ടി.ശേഖർ, കെ.ജെ.തോമസ്, ഫെസ്റ്റിവൽ ഡപ്യൂട്ടി ഡയറക്ടർ എച്ച്.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിലെ 3 സ്ക്രീനുകളിലായി നടക്കുന്ന മേള 11ന് സമാപിക്കും.
മേളയിൽ ഇന്ന് ∙ കൈരളി
9.30 ഇൻ ദ് ലാന്റ് ഓഫ് ബ്രദേഴ്സ്
11.30 അങ്കമ്മാൾ
2.30 പാത്ത്
6.15 വിക്ടോറിയ
8.00 ഷാഹിദ്
∙ ശ്രീ
9.15 ലാ കോസിന
11.15 കാമദേവൻ നക്ഷത്രം കണ്ടു
2.15 ഗേൾ ഫ്രണ്ട്സ്
6.15 ബ്ലാക്ക് ഡോഗ്
8.15 മിസെറികോർഡിയ
∙ കോറണേഷൻ
9.15 സൈമാസ് സോങ്
11.15 റിപ്റ്റൈഡ്
3.00 ടോക്സിക്
6.00 ദ പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ഓന്റ്
8.15 വില്ലേജ് റോക്ക് സ്റ്റാർസ് 2
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]