
കടലുണ്ടി∙ കടലുണ്ടിക്കടവ് അഴിമുഖത്തെ മണൽത്തിട്ട നീക്കം ചെയ്യാത്തത് കടലുണ്ടിപ്പുഴയിൽ ഒഴുക്കിന് തടസ്സമാകുന്നു.
നദിയിൽ ഒഴുകിയെത്തിയ മണൽ കടലുണ്ടിക്കടവ് പാലം പരിസരത്തും പക്ഷിസങ്കേതത്തിന്റെ ചുറ്റുമായി വ്യാപകതോതിൽ അടിഞ്ഞുകൂടി. ഇതു നദിയിലെ ഒഴുക്കിനു പുറമേ കടലിൽ നിന്നുള്ള വേലിയേറ്റ വേലിയിറക്ക പ്രതിഭാസത്തെയും ബാധിച്ചു.
അഴിമുഖത്ത് ക്രമാതീതമായി മണൽത്തിട്ട വ്യാപിച്ചതിനാൽ പുഴയുടെ ആവാസവ്യവസ്ഥ താളം തെറ്റി.
വീതിയേറിയ കടലുണ്ടിപ്പുഴ അഴിമുഖത്ത് എത്തുമ്പോൾ ചെറുതായി രൂപാന്തരപ്പെട്ടു.
ശരിയായ ഒഴുക്ക് ഇല്ലാത്തതു നദിയിൽ മാലിന്യം അടിയാൻ കാരണമാകുന്നു. മാത്രമല്ല ഇനിയൊരു പ്രളയം വന്നാൽ വെള്ളം ഉൾക്കൊള്ളാനാകാതെ നദി കര കവിഞ്ഞൊഴുകുമെന്ന ഭീതി ഉയർന്നു.
മണൽ അടിഞ്ഞത് കമ്യൂണിറ്റി റിസർവിൽ ജൈവവൈവിധ്യ ശോഷണത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയർന്നു. ശ്വസന വേരുകളിൽ മണൽ മുടി കണ്ടലുകൾ നശിക്കുന്ന സ്ഥിതിയായി.
കമ്യൂണിറ്റി റിസർവിൽ ദേശാടനക്കിളികളുടെ തീറ്റപ്പാടത്തും മണൽ വ്യാപിച്ചു കിടക്കുകയാണ്.
2014നു ശേഷം പുഴയിൽ നിന്നു മണൽ വാരിയിട്ടില്ല. നേരത്തേ കടലുണ്ടിക്കടവ്, മാട്ടുമ്മൽതോട്, ഐറ്റുവളപ്പ്, കോട്ടക്കടവ്, മുക്കത്ത്കടവ്, മുരുകല്ലിങ്ങൽ എന്നീ കടവുകൾ കേന്ദ്രീകരിച്ച് കടലുണ്ടി പഞ്ചായത്തിൽ മണൽ വാരിയിരുന്നു.
അക്കാലത്ത് നദിക്ക് ആഴവും നല്ല ഒഴുക്കുമുണ്ടായി. മണലെടുപ്പ് നിലച്ചതോടെ പുഴയുടെ ആവാസവ്യവസ്ഥ പാടേ തകർന്നു.
ക്രമാതീതമായി മണൽ അടിഞ്ഞതു കാരണം കടലുണ്ടിപ്പുഴയിൽ മത്സ്യലഭ്യത വളരെ കുറഞ്ഞു. കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബോട്ട് സർവീസിനും ഇതു തടസ്സമാണ്.
വേലിയിറക്ക സമയങ്ങളിൽ വിനോദസഞ്ചാരികൾക്ക് തോണി യാത്ര സാധ്യമല്ലാത്ത നിലയുണ്ട്.
മണൽത്തിട്ട നീക്കാൻ നിർദേശം 2019ൽ
2019ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം(സിഎംഎ ഫ്ആർഐ) കടലുണ്ടിപ്പുഴയിൽ നടത്തിയ പഠനത്തിൽ കടലുണ്ടിക്കടവ് അഴിമുഖത്ത് 18.81 ഹെക്ടറിൽ മണൽത്തിട്ട
രൂപപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇവ നീക്കം ചെയ്യണമെന്നു ശുപാർശ ചെയ്തു സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനും കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിക്കും സിഎംഎഫ്ആർഐ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും സമയബന്ധിതമായി നടപടിയുണ്ടായില്ല.
വർഷം തോറും മഴക്കാലത്ത് അഴിമുഖത്ത് വലിയ തോതിൽ മണൽ അടിഞ്ഞുകൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
ഇനിയും വരാത്ത പഠന റിപ്പോർട്ട്
കടലുണ്ടിക്കടവ് അഴിമുഖത്തെ മണൽ നീക്കം ചെയ്യുന്നതു സംബന്ധിച്ച് വിദഗ്ധപഠനം നടത്താൻ ദേശീയ ജൈവവൈവിധ്യ അതോറിറ്റി പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു.ഇതുപ്രകാരം പഞ്ചായത്ത്, സിഎംഎഫ്ആർഐ, ഫിഷറീസ്, ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി എന്നിവർ പ്രാഥമിക ചർച്ച നടത്തിയിരുന്നു. ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വള്ളിക്കുന്ന് പഞ്ചായത്ത് ഡിഎംസിയെ കൂടി ഉൾപ്പെടുത്തി സിഎംഎഫ്ആർഐ, ഹാർബർ എൻജിനീയറിങ്, മൈനിങ് ആൻഡ് ജിയോളജി, റോഡ്സ് ആൻഡ് ബ്രിജസ്, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിദഗ്ധ സമിതി പ്രാഥമിക പരിശോധന നടത്തിയിരുന്നെങ്കിലും റിപ്പോർട്ട് വൈകുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]