
കോഴിക്കോട്∙ കഴിഞ്ഞദിവസം ഇടിഞ്ഞുവീണ ഗവ. മെഡിക്കൽ കോളജ് വളപ്പിലെ ഡെന്റൽ കോളജ് മതിലിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി പൊളിക്കാനുള്ള നടപടി തുടങ്ങി.
പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി ചെയ്യുന്നത്. ഇന്നലെ മണ്ണെടുത്ത് മാറ്റി പൊളിക്കൽ തുടങ്ങി. അപകടാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞദിവസം തന്നെ മതിൽ പൊളിച്ചു നിർമിക്കുന്നതിനായി ടേപ്പ് കെട്ടിയിരുന്നു.
അതിനിടെയാണ് മതിൽ ഇടിഞ്ഞുവീണതെന്ന് പിഡബ്ല്യുഡി എഇ പറഞ്ഞു. പൊളിഞ്ഞ ഭാഗം മുതൽ പുനർനിർമിക്കാനാണ് തീരുമാനം. മതിലിന്റെ താഴെ ഭാഗം കരിങ്കല്ലും മുകൾ ഭാഗം ചെങ്കല്ലും ഉപയോഗിച്ചാണ് നിർമിച്ചത്.
മതിലിന്റെ ഉൾഭാഗത്ത് മെഡിക്കൽ കോളജിലെ പഴയ ഇൻസിനറേറ്ററിൽ നിന്നു തള്ളിയ മാലിന്യവും മറ്റ് ഖരമാലിന്യവും തള്ളിയിരുന്നു.
അതിനു മുകളിൽ മണ്ണിട്ട് നിറച്ചതോടെ മതിലിന് വശങ്ങളിൽ നിന്നുള്ള മർദം വർധിച്ചു. ഇതോടെ എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന നിലയിലായി.
കഴിഞ്ഞവർഷം കരാറെടുത്തവർ പിൻമാറിയതോടെ പുനർനിർമാണം നീളുകയായിരുന്നു. എത്രയും പെട്ടെന്ന് മതിൽ പൊളിച്ച് നിർമിച്ചില്ലെങ്കിൽ അപകടം സംഭവിക്കാമെന്ന് പിഡബ്ല്യുഡിയെ അറിയിച്ചിരുന്നതായി മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.
കാരന്തൂർ റോഡിൽ സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിന്റെ പുറത്തുള്ള മതിൽ വിണ്ടുകീറിയ നിലയിലാണ്.
ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലമാണ്. തൊട്ടടുത്തുള്ള നെഞ്ചുരോഗാശുപത്രിയുടെ മതിലും ഇടിഞ്ഞു കല്ലും മണ്ണും റോഡിലേക്ക് വീണുകിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി.
മതിലിനോടു ചേർന്നുള്ള തണൽമരം വീണാൽ മതിൽ പൂർണമായും തകർന്ന് റോഡിലേക്ക് വീഴും.
പിന്നിലുണ്ട് ചതി
കോഴിക്കോട്∙ ജില്ലയിൽ പൊതു ഇടങ്ങളിൽ ഇടിഞ്ഞുവീഴാൻ കാത്തുനിൽക്കുന്ന മതിലുകൾ അനവധിയാണ്. ഇവിടങ്ങളിൽ അറ്റകുറ്റപ്പണി നടത്താതെ, ഒരു ദുരന്തം ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നത് എന്തിനാണെന്ന ആശങ്കയിലാണ് നാട്ടുകാർ
∙ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി, മുൻസിഫ് കോടതി, പോക്സോ കോടതി എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വലതു വശത്തെ ചുറ്റുമതിലിനിടയിൽ വിള്ളലുണ്ട്. പാഴ്മരം വളർന്നതോടെ മതിൽ തുരന്നു വിള്ളലുണ്ടായി.
ബാർ അസോസിയേഷൻ കെട്ടിടം പണിതു കൊണ്ടിരിക്കുന്ന ഭാഗത്താണ് ഈ അപകടാവസ്ഥ. എംഇടി കോളജ്, പബ്ലിക് സ്കൂൾ, ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വൈദ്യുതി ഓഫിസിലേക്കുമുള്ള റോഡിലാണ് ഈ ദുസ്ഥിതി.
∙ കോടതി കെട്ടിടത്തിന്റെ ഇടതു വശത്ത് കൂറ്റൻ തണൽ മരം താഴേക്കു പതിക്കാൻ പരുവത്തിൽ ചുറ്റു മതിലിനോട് ചേർന്നു കിടക്കുന്നു.
പഞ്ചായത്ത് വക ശുചിമുറി, മാലിന്യം സൂക്ഷിക്കുന്ന എംആർഎഫ് എന്നിവയെല്ലാം ഇവിടെയാണ്. കോടതിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്.
മതിലും മരങ്ങളും അപകടാവസ്ഥയിലാണെങ്കിലും ആരും ഗൗനിക്കുന്നില്ല. ∙ വടകര പുത്തൂർ എച്ച്എസ്എസിന്റെ മതിലും അപകടത്തിലായി.
അപകട ഭീഷണിയെ തുടർന്ന് വഴി അടച്ചിട്ടു.
കെ.കെ.രമ എംഎൽഎ, കലക്ടർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]