
ഇന്ത്യൻ ആർമിയെ അപമാനിച്ചെന്ന് ആരോപണം: കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം, മാർച്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കക്കോടി ∙ ഇന്ത്യൻ ജനതയെയും ഇന്ത്യൻ ആർമിയെയും അപമാനിക്കുന്ന രീതിയിൽ ഫെയ്സ് ബുക് പോസ്റ്റിട്ട കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 2 തവണ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ആഷിഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗുലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അറോട്ടിൽ കിഷോർ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, പഞ്ചായത്ത് അംഗം ഇ.എം.ഗിരീഷ് കുമാർ, എൻ.പി.ബിജേഷ്, വിപിൻ കിരാലൂർ എന്നിവർ പ്രസംഗിച്ചു.
മാർച്ച് നടത്തിയതിനും റോഡ് ഉപരോധിച്ചതിനും 10 പേർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചേവായൂർ പൊലീസിൽ പരാതി നൽകി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും എൻഐയ്ക്കും പരാതി നൽകിയതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അറോട്ടിൽ കിഷോർ പറഞ്ഞു. രാജ്യവിരുദ്ധ പരാമർശം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ഇന്നു രാവിലെ 10 മുതൽ ഉപവസിക്കും. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും.
പരാതിയിൽ നിയമോപദേശം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ചേവായൂർ പൊലീസ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. റൂറൽ ജില്ലാ വൈസ് പ്രസിഡന്റ് സി.പി.സതീഷ് ഉദ്ഘാടനം ചെയ്തു. ഷീബയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണർക്കും ചേവായൂർ പോലീസിലും പരാതി നൽകിയതായി സി.പി.സതീഷ് പറഞ്ഞു. റൂറൽ ജില്ല വൈസ് പ്രസിഡന്റ് ബിന്ദു ചാലിൽ, എലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി പി ഷിജുല, സെക്രട്ടറി പി.ടി.ബിനീഷ്, ഏരിയ പ്രസിഡന്റ് വി.പി.സുധീർ, ജയരാജൻ ചെറുകുളം എന്നിവർ പ്രസംഗിച്ചു.
കെ.പി.ഷീബ ഖേദം പ്രകടിപ്പിച്ചു
പോസ്റ്റ് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നു തിരിച്ചറിയുന്നതിനാൽ ഖേദം പ്രകടിപ്പിക്കുന്നതായി കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു. പഹൽഗാമിൽ പാക്കിസ്ഥാൻ പിന്തുണയിൽ ഭീകരർ നടത്തിയത് ഏകപക്ഷീയമായ ആക്രമണമായിരുന്നു. ഇതിലെ ദുഃഖവും പ്രതിഷേധവും സൂചിപ്പിച്ച് ഏപ്രിൽ 23ന് പോസ്റ്റിട്ടിരുന്നു. ഭീകരവാദികളുടെ ഒളിത്താവളങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ നടപടി അഭിമാനവും സ്വാഗതാർഹവുമാണ്.
എന്നാൽ യുദ്ധസാധ്യതയുണ്ടാകുമോ എന്ന ഭയത്താലും യുദ്ധം നടന്നാൽ അതിർത്തിയിൽ താമസിക്കുന്ന ഇരു ഭാഗത്തു നിന്നുമുള്ള സാധാരണ മനുഷ്യർ അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ സംബന്ധിച്ച് ചിന്തിച്ചാണ് ആ പോസ്റ്റിട്ടത്. സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടിനൊപ്പം തന്നെയാണ് തന്റെ നിലപാടെന്നും ഷീബ ഫെയ്സ് ബുക് കുറിപ്പിൽ പറയുന്നു.