സൂചിക്കടയിൽ പോലും സൂചി വിൽക്കാനറിയാം കോഴിക്കോട് മലാപ്പറമ്പുകാരനായ ആനന്ദ് ആർ. കൃഷ്ണന്.
ആഗോള കംപ്യൂട്ടർ മേഖലയെ കയ്യിലിട്ട് അമ്മാനമാടുന്ന മൈക്രോസോഫ്റ്റിലെ ജീവനക്കാർ പോലും ഉപയോഗിക്കുന്ന പവർപോയിന്റ് പ്ലഗിനുകളും ടൂൾ കിറ്റുകളും നിർമിക്കുന്ന ഒരു കമ്പനി കോഴിക്കോട്ട് ഗവ. സൈബർ പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.
അതിന്റെ പേരാണ് സാപ്ലിങ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.
കോർപറേറ്റ് ജോലിക്കൊപ്പം അധികവരുമാനത്തിനായി തുടങ്ങിയ ഫ്രീലാൻസ് ജോലി പിന്നീട് പ്രധാന ജോലിയായി മാറ്റിയ കഥയാണ് ആനന്ദിന്റേത്. പ്ലാന്ററായ പിതാവിന് തേയിലത്തോട്ടമായിരുന്നെങ്കിൽ താൻ നട്ടുനനച്ചു വളർത്തിയ കമ്പനിക്ക് ആനന്ദ് നൽകിയ പേര് തൈ എന്ന് അർഥം വരുന്ന സാപ്ലിങ് ക്രിയേഷൻസ് എന്നായിരുന്നു.
ഒരു തൈയിൽ നിന്ന് ഒരു തോട്ടം തയാറാക്കുന്നതുപോലെ തന്നെ വളരെ കഷ്ടപ്പെട്ടാണ് സാപ്ലിങിന്റെ വളർച്ചയിലേക്കുള്ള വഴികൾ ആനന്ദ് വെട്ടിയൊരുക്കിയത്.
2018ൽ ഹൈലൈറ്റ് ബിസിനസ് പാർക്കിൽ സാപ്ലിങ്ങിന് ആനന്ദ് തുടക്കം കുറിക്കുമ്പോൾ ഭാര്യയും ഐടി എൻജിനീയറുമായ എസ്. അനുവും സുഹൃത്ത് കെ.ഇ.
വിനോദും അടക്കം മൂന്നു ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ഇന്ന് 35 ജീവനക്കാരും 90 രാജ്യങ്ങളിലായി അഞ്ചുലക്ഷത്തിലേറെ ഉപയോക്താക്കളും സാപ്ലിങ്ങിനുണ്ട്.
2011ലാണ് ആനന്ദ് എംഎ ഫൈൻ ആർട്സ് പൂർത്തിയാക്കി ചെന്നൈയിലെ കോഗ്നിസെന്റിൽ യൂസർ എക്സ്പീരിയൻസ് ഡിസൈനറായി ജോലിക്കു ചേർന്നത്.
മൂന്നു വർഷത്തെ ജോലിക്കു ശേഷം, ബെംഗളൂരൂവിൽ മ്യുസിഗ്മ എന്നൊരു അനലിറ്റിക്കൽ കമ്പനിയിലേക്കു മാറി. 2013ൽ ജോലിക്കു പുറമേ ഫ്രീലാൻസായി രണ്ടു സുഹൃത്തുക്കൾക്കൊപ്പം വെബ് പേജ് ഡിസൈനിങ്ങിന് ഒരു കമ്പനിക്ക് തുടക്കമിട്ടു.
എന്നാൽ അതു പരാജയമായി.
കോർപറേറ്റ് കമ്പനിയിലെ യുഎക്സ് ഡിസൈനിങ് ജോലി തുടർന്ന ആനന്ദ് തന്റെ ജോലിയിൽ നേരിട്ടിരുന്ന ചില പ്രശ്നങ്ങൾക്കു പരിഹാരമായി ഒരു ടൂൾ നിർമിച്ചു. അത് വെബ് ഡിസൈനർമാരും ഡവലപ്പർമാരും ഉപയോഗിക്കുന്ന എൻവാക്ടോ ഗ്രാഫിക് റിവർ എന്ന മാർക്കറ്റ് പ്ലേസ് വെബ് സൈറ്റിൽ വിൽക്കാൻ ശ്രമിച്ചു.
ആദ്യത്തെ മൂന്നെണ്ണവും നിരസിക്കപ്പെട്ടു.
എന്നാൽ നാലാമത്തേത് സ്വീകരിക്കപ്പെട്ടു. അതിൽ നിന്നു ചെറുതായി വരുമാനവും ലഭിച്ചുതുടങ്ങി.
എൻവാക്ടോയിലെ ആനന്ദിന്റെ വർക്ക് കണ്ട് ഇഷ്ടപ്പെട്ട് യുകെയിൽ നിന്നൊരു കസ്റ്റമർ സ്ഥിരമായി ജോലികൾ ഏൽപിക്കാൻ തുടങ്ങി. ഒപ്പം എൻവാക്ടോയിൽ പോസ്റ്ററുകൾ പോസ്റ്റ് ചെയ്യുന്നതു തുടരുകയും ചെയ്തു.
അതിനിടെ എൻവാക്ടോയിൽ പവർ പോയിന്റ് പ്രസന്റേഷൻ ടെംപ്ലേറ്റുകളാണ് ഏറ്റവും കൂടുതൽ വിൽക്കുന്നതെന്ന് ആനന്ദ് മനസ്സിലാക്കി. 2014-15 വർഷമായപ്പോഴേക്കും പ്രസന്റേഷൻ ടെംപ്ലേറ്റുകൾ വഴി നല്ല വരുമാനം വന്നു തുടങ്ങി.
അതോടെ തന്റെ പ്രോഡക്ട് മാർക്കറ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ സ്വന്തമായി വെബ്സൈറ്റ് നിർമിച്ച് അതിലൂടെയും വിൽപന തുടർന്നു.
പ്രസന്റേഷൻസിന് അതിൽ കൂടുതൽ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, പോസ്റ്റർ നിർമാണത്തേക്കാൾ കൂടുതൽ പ്രസന്റേഷനിൽ ശ്രദ്ധിക്കാൻ തുടങ്ങി. അതിനായി സ്ലൈഡ് ബാസാർ എന്ന പേരിൽ ഒരു എക്സ്ക്ലൂസീവ് വെബ്സൈറ്റ് നിർമിച്ചു.
അത് വൻ വിജയമായി. അതിനു പിന്നാലെ പ്രസന്റേഷൻ ടെംപ്ലേറ്റുകൾ പവർ പോയിന്റിൽ തന്നെ ലഭിക്കുന്ന പ്ലഗ് ഇൻ വികസിപ്പിച്ചു.
അത് പവർ പോയിന്റിൽ തന്നെ ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചതോടെ ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയർന്നു.
സേവനം എക്സലിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ ഗൂഗിൾ സ്ലൈഡ്സിനും കാൻവയ്ക്കും എല്ലാം ഇന്ന് സാപ്ലിങ് ക്രിയേഷൻസ് സേവനം നൽകുന്നുണ്ട്.
ഇന്ന് ഇത്തരം സേവനങ്ങൾ നൽകുന്ന കമ്പനികളിൽ ലോകത്ത് ഏഴാം സ്ഥാനമുണ്ട് സാപ്ലിങ് ക്രിയേഷൻസിന്. ലോകത്തെ മുൻനിരയിലുള്ള 500 ഫോർച്യൂൺ കമ്പനികളിൽ 30 എണ്ണവും സാപ്ലിങ് ക്രിയേഷൻസിന്റെ ഉപയോക്താക്കളാണ്.
ടീച്ചർമാർക്കും വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന സ്ലൈഡ് കിറ്റ്, വിദ്യാർഥികൾക്കും ജെൻസി തലമുറയ്ക്കും സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന സ്ലൈഡ് ഷെഫ് ഫ്രീ തുടങ്ങി ഒട്ടേറെ ആപ്ലിക്കേഷനുകൾ സാപ്ലിങ് ക്രിയേഷൻസിന്റേതായിട്ടുണ്ട്.
ഒരു ലക്ഷം പ്രസന്റേഷൻ ടെംപ്ലേറ്റുകളാണ് സാപ്ലിങ്ങിന്റേതായി ഇന്നു വിപണിയിലുള്ളത്. വളർച്ചയുടെ പുതിയ ഘട്ടത്തിൽ എഐ ഉപയോഗപ്പെടുത്തി സ്ലൈഡുകൾ തയാറാക്കാനുള്ള ടൂളുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സാപ്ലിങ് ക്രിയേഷൻസ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

