വടകര∙ നഗരമധ്യത്തിലെ ബേക്കറിക്ക് തീപിടിച്ചു. കടയിലെ ജീവനക്കാരുടെയും അഗ്നിരക്ഷാ സേനയുടെയും ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.
സമീപത്ത് ആളുകൾ താമസിക്കുന്ന ലോഡ്ജും കടകളും പ്രവർത്തിക്കുന്നുണ്ട്. തിരക്കേറിയ എടോടി റെയിൽവേ സ്റ്റേഷൻ റോഡിലെ മുഗൾ റസിഡൻസി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ കഫേയ്ക്ക് ആണ് ഇന്നലെ വൈകിട്ട് 6ന് തീപിടിച്ചത്. ബേക്കറിയിലെ അപ്പ കൂടുമായി ബന്ധിപ്പിച്ച പുകക്കുഴലിലാണ് തീ കണ്ടത്.
കടയിൽ ജോലി ചെയ്യുന്നവരാണ് തീ ആദ്യം കണ്ടത്. സമീപത്ത് മറ്റൊരു ബേക്കറിയും കെട്ടിടത്തിന് മുകളിൽ ലോഡ്ജും പ്രവർത്തിക്കുന്നതിനാൽ 3 നിലകൾക്ക് മുകളിലേക്ക് പോകുന്ന പുകക്കുഴലിന് മുകളിലൂടെ കെട്ടിടത്തിലെ ടാങ്കിലെ വെള്ളം ചീറ്റി തീ കെടുത്തുകയായിരുന്നു.
ഇതിനിടെ കെട്ടിടം മുഴുവൻ പുക പടർന്നത് പരിഭ്രാന്തി പരത്തി. അഗ്നി രക്ഷാസേനയുടെ 2 യൂണിറ്റ് സ്ഥലത്ത് എത്തി ബേക്കറിയ്ക്ക് ഉള്ളിൽ വെള്ളം അടിച്ചും പുകക്കുഴലിലെ അവശേഷിക്കുന്ന തീ പൂർണമായും കെടുത്തി. ബേക്കറിയിൽ ഉണ്ടായിരുന്ന പലഹാരങ്ങളും മറ്റും പുക ഉയർന്നപ്പോൾ തന്നെ മാറ്റി.
വിവരം അറിഞ്ഞ് നാട്ടുകാർ ഓടികൂടി രക്ഷാപ്രവർത്തനം നടത്തി. റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും ഉള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചു വിട്ടു.
എടോടിയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.കോട്ടപ്പള്ളി എളവന മൂസയുടെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി.
ചിപ്സുകളും മറ്റും നിർമിക്കുന്നതിന് പുറമേ ചയക്കടയും പ്രവർത്തിച്ചിരുന്നു. പുക കുഴലും അതിന് ഉള്ളിലെ ഫാനും മറ്റും തകർന്നു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മൂസ പറഞ്ഞു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ആർ.ദീപക്കിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.പി.ബിജു, എം.ടി.റാഷിദ്, ടി.ഷിജേഷ്, മനോജ് കിഴക്കേക്കര, കെ.എം.വിജേഷ്, ഒ.കെ.അമൽ രാജ്, വി.കെ.ബിനീഷ്, പി.അഗീഷ്, ഡ്രൈവർമാരായ കെ.സുബൈർ, കെ.സന്തോഷ്, ഹോം ഗാർഡുമാരായ കെ.സത്യൻ, സി.ഹരിഹരൻ എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]