കോഴിക്കോട് ∙ ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പൊലീസ് ശക്തമായ നടപടി തുടരുന്നു. കല്ലായി ചക്കുംകടവ് സ്വദേശി ചക്കാലക്കൽ വീട്ടിൽ മുഹമ്മദ് അൻസാരി (32) ലഹരി വിൽപനയിലൂടെ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടാണ് മാറാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ലാലു കണ്ടുകെട്ടിയത്.
ഇത് അംഗീകാരത്തിനായി ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് (സേഫ്മ) അയച്ചുകൊടുത്തു. ഓഗസ്റ്റിൽ മത്തോട്ടം കുത്തുകല്ല് റോഡിൽ കനാലിനു സമീപം മാറാട് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും 2.510 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലാവുകയായിരുന്നു.
ഇയാൾ ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ കൊണ്ട് വന്ന് ചില്ലറ വിൽപന നടത്തി വരികയായിരുന്നുവെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി. പ്രധാനമായും ഇതരസംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ലഹരി വിൽപന നടത്തിയത്.
മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി ആഡംബര ജീവിതം നയിച്ചത് ലഹരി വിൽപനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു. നിലവിൽ പ്രതി കാപ്പ ചുമത്തപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്.
ഈ കേസിന്റെ അന്വേഷണത്തിൽ പ്രതിയുടെ സ്വത്ത് വിവരങ്ങളും പൊലീസ് അന്വേഷിച്ചിരുന്നു. അനധികൃതമായി സമ്പാദിച്ചതാണെന്നു കണ്ടെത്തിയാൽ ലഹരിക്കടത്തു സംഘങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സഹായികളുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്.
ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പൊലീസ് നടപ്പാക്കിവരുന്നത്. ലഹരിക്കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ലഹരി കച്ചവടക്കാരായ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർനടപടികൾ മറ്റു സംസ്ഥാനങ്ങളിലെ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ.പവിത്രൻ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]