ബേപ്പൂർ ∙ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് സംബന്ധിച്ച നടപടിക്രമം നീളുന്നതിനാൽ തുറമുഖത്തെ കപ്പൽച്ചാൽ ആഴംകൂട്ടൽ പ്രവൃത്തിയിലെ അനിശ്ചിതത്വം നീങ്ങുന്നില്ല. മാരിടൈം ബോർഡ് വകയിരുത്തിയ 11.80 കോടി രൂപയുടെ പദ്ധതിയിൽ 2023 മേയ് 11നു തുടങ്ങിയ ഡ്രജിങ് ഇതുവരെ പൂർത്തിയാക്കാനായില്ല.
തുറമുഖത്തിനു കോടികളുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാർ ബേപ്പൂരിൽ അടിയന്തരമായി നടപ്പാക്കേണ്ട ഡ്രജിങ് പ്രവൃത്തിയിൽ ഇടപെടുന്നില്ലെന്ന ആക്ഷേപം ഉയർന്നു.
തുറമുഖത്ത് ഡ്രജിങ് നടത്തുന്നതിനിടെ അടിത്തട്ടിൽ ചെങ്കൽപാറ കണ്ടതിനെ തുടർന്നു 2023 ഒക്ടോബറിലാണ് പ്രവൃത്തി നിർത്തിവച്ചത്.
കപ്പൽച്ചാലിൽ നദിയുടെ അടിത്തട്ടിലെ ചെങ്കൽപാറ നീക്കം ചെയ്യുന്നതിന് പരിസ്ഥിതി ആഘാതപഠനം ആവശ്യമാണെന്നായിരുന്നു വിദഗ്ധാഭിപ്രായം. ഇതിനു 2024 ഡിസംബറിൽ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ സർക്കാർ ചുമതലപ്പെടുത്തി.
നിലവിൽ 3.5 മീറ്റർ ആഴമുള്ള കപ്പൽച്ചാൽ 8 മീറ്ററാക്കി ആഴം കൂട്ടിയാൽ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതങ്ങൾ സംബന്ധിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ വിദഗ്ധസംഘമാണു പഠനം നടത്തുന്നത്.
പ്രകൃതിയിലെ മാറ്റം, പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ, ജൈവ വൈവിധ്യം, നദിയുടെ ഒഴുക്ക് എന്നിവയെല്ലാം പഠന വിധേയമാക്കിയ കരട് റിപ്പോർട്ട് സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിക്ക് (എസ്ഇഐഎഎ) സമർപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് എസ്ഇഐഎഎയുടെ ടേംസ് ഓഫ് റഫറൻസ് ഈയിടെയാണ് ലഭിച്ചത്.
അന്തിമ പഠന റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ തുടർ നടപടികളുമായി മുന്നോട്ടു പോകാനാകൂ. മാരിടൈം ബോർഡ് നടത്തിയ പഠന റിപ്പോർട്ട് പ്രകാരം കപ്പൽച്ചാലിലെ മുഴുവൻ ചെങ്കൽപാറകളും നീക്കി ആഴം കൂട്ടാൻ ഹാർബർ എൻജിനീയറിങ് വകുപ്പ് 82.80 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നു.
പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് പ്രകാരം പുതിയ എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ തുക ഇനിയും വർധിക്കുമെന്നാണു കണക്കുകൂട്ടൽ.
കേന്ദ്രാവിഷ്കൃത സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടത്താനാണ് മാരിടൈം ബോർഡ് ലക്ഷ്യമിടുന്നത്. അതേസമയം, ബേപ്പൂർ തുറമുഖത്തിന് പുതുതായി മന്ത്രിസഭ അംഗീകാരം നൽകിയ പൊതുസ്വകാര്യ പങ്കാളിത്ത വികസന പദ്ധതി നടപ്പാക്കുമ്പോൾ അതുവഴി ഡ്രജിങ് നടത്താനാകുമോ എന്ന കാര്യവും മാരിടൈം ബോർഡ് പരിഗണിക്കുന്നുണ്ട്.
തുറമുഖത്തെ 160 മീറ്റർ നീളമുള്ള പുതിയ വാർഫും 154 മീറ്ററുള്ള പഴയ വാർഫും ആഴം കൂട്ടുന്നതിനൊപ്പം കപ്പൽച്ചാലും അഴിമുഖവും ഉൾപ്പെടെ സമഗ്രമായി ഡ്രജിങ് നടത്തേണ്ടതുണ്ട്. കപ്പൽച്ചാലിലെ പാറക്കെട്ടുകൾ പൂർണമായും പൊട്ടിച്ചു നീക്കി ആഴം കൂട്ടിയാൽ മാത്രമേ ബേപ്പൂരിലേക്ക് വലിയ കപ്പലുകൾ അടുപ്പിക്കാനാകൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

