കോഴിക്കോട്∙ വർഗീയതയ്ക്ക് എതിരെ പ്രതികരിച്ചും യുഡിഎഫിനെയും കടന്നാക്രമിച്ചും വികസനക്കുതിപ്പുകൾ എണ്ണിപ്പറഞ്ഞും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻമേഖല വികസനമുന്നേറ്റ ജാഥ ജില്ലയിൽ രണ്ടാംദിവസത്തെ പര്യടനം പൂർത്തിയാക്കി. പേരാമ്പ്ര മാർക്കറ്റ് പരിസരം, കല്ലാച്ചി, ആയഞ്ചേരി എന്നിവിടങ്ങളിലൂടെ വടകര കോട്ടപ്പറമ്പ് മൈതാനത്താണു ജാഥയുടെ ഇന്നലത്തെ പര്യടനം സമാപിച്ചത്.ഇന്നലെ രാവിലെ വട്ടോളി ബസാറിൽ പ്രദേശത്തെ പ്രമുഖ വ്യക്തികളുമായുള്ള ചർച്ചയോടെയാണ് രണ്ടാംദിവസത്തെ പര്യടനം തുടങ്ങിയത്. ജമാഅത്തൈ ഇസ്ലാമിയെ കൂടെ നിർത്താനുള്ള യുഡിഎഫിന്റെ ശ്രമം കേരളത്തെ വർഗീതയിൽ മുക്കിക്കൊല്ലാനുള്ള നീക്കമാണെന്നു ജില്ലയിലെ മൂന്നു സ്വീകരണ വേദികളിലും എം.വി.ഗോവിന്ദൻ ആവർത്തിച്ചു പറഞ്ഞു.
കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നു പണ്ട് യുഡിഎഫ് ആരോപിച്ചതാണ്.
ഇപ്പോഴും ആ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്നു വി.ഡി.സതീശൻ പറയണമെന്നും ജാഥയ്ക്കു പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു. കള്ളങ്ങൾ മാത്രം പറയുന്ന പ്രതിപക്ഷ നേതാവാണ് കേരളത്തിനുള്ളത്.
കേരളത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് സർട്ടിഫിക്കറ്റ് നൽകിയത് സതീശൻ മാത്രമാണ്. അയ്യപ്പന്റെ സ്വർണം കട്ടത് സഖാക്കളാണ് എന്ന് വാദം പൊളിയാൻ പോകുകയാണ്. ഇപ്പോൾ എസ്ഐടി അടൂർ പ്രകാശിനെയും ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും ഗോവിന്ദൻ പറഞ്ഞു.
പേരാമ്പ്രയിൽ ടി.പി.രാമകൃഷ്ണൻ എംഎൽഎയും നാദാപുരത്ത് ഇ.കെ.വിജയൻ എംഎൽഎയും അധ്യക്ഷത വഹിച്ചു.
ഷാഫി പറമ്പിലിനെപ്പോലുള്ള ചില വർഗീയ വാദികൾ കോൺഗ്രസിലുണ്ടെന്നാണ് വടകരയിൽ എം.വി.ഗോവിന്ദൻ ആരോപിച്ചത്. കോൺഗ്രസും ലീഗും ജമാഅത്തൈ ഇസ്ലാമിക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുത്തെന്നും ആരോപിച്ചു.
ഇത്തരം കൂട്ടുകെട്ടിന്റെ കോ ഓർഡിനേറ്ററാണ് വി.ഡി.സതീശനെന്നും ഗോവിന്ദൻ ആരോപിച്ചു. സി.ഭാസ്കരൻ അധ്യക്ഷനായിരുന്നു. വടക്കൻ മേഖലാ മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടനത്തിന്റെ മൂന്നാംദിവസമായ ഇന്ന് രാവിലെ 8.30നു വടകരയിൽ പൗരപ്രമുഖരെ കാണും.
തുടർന്ന് കൊയിലാണ്ടി, ചേളന്നൂർ, കുന്നമംഗലം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകിട്ട് 5ന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

