കോഴിക്കോട്∙ വോട്ടിങ് യന്ത്രങ്ങളിലെ ബാലറ്റിൽ ചിഹ്നം ചെറുതാക്കിയെന്ന് പരാതി. നടക്കാവ് സ്കൂളിലെ വോട്ടിങ് യന്ത്രം കമ്മിഷനിങ് 20 മിനിറ്റോളം നിർത്തിവച്ചു.
തുടർന്നു കലക്ടറെത്തി പരിശോധന നടത്തിയപ്പോൾ ചിഹ്നം ചെറുതാണെന്നു കണ്ടെത്തി. കോടതിയെ സമീപിക്കാൻ നിർദേശം നൽകി.
തിരഞ്ഞെടുപ്പിനു മുന്നോടിയായി കോർപറേഷനിലെ വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യുന്ന പ്രവൃത്തികൾ നടക്കാവ് ഗവ.ഗേൾസ് എച്ച്എസ്എസിലാണു നടത്തിയത്. യുഡിഎഫിലെ മുസ്ലിം ലീഗിന്റെ ഔദ്യോഗിക ചിഹ്നമായ ‘ഏണി’ ബാലറ്റിൽ വളരെ ചെറുതായി ഉൾപ്പെടുത്തിയെന്നാണു പരാതി ഉയർന്നത്.
58ാം വാർഡ് മുഖദാറിലെ യുഡിഎഫിന്റെ ചീഫ് ഏജന്റ് ഫൈസൽ പള്ളിക്കണ്ടിയാണു പരാതി ഉന്നയിച്ചത്. ഇതോടെ 20 മിനിറ്റോളം നടപടി നിർത്തിവച്ചു.
തുടർന്ന് വരണാധികാരിക്കു പരാതി നൽകി. ഇതോടെ കലക്ടർ സ്നേഹിൽകുമാർ സിങ് എത്തി പരിശോധന നടത്തുകയും ചിഹ്നങ്ങൾ ഒരേ അളവിലാണെന്നു പറയുകയും ചെയ്തു.
പക്ഷേ, എല്ലാ ചിഹ്നങ്ങളുടെയും അളവ് എടുക്കണമെന്ന് ആവശ്യപ്പെട്ടു.
തുടർന്നു കലക്ടറുടെ നേതൃത്വത്തിൽ അളവെടുത്തപ്പോൾ ഏണി ചിഹ്നത്തിന്റെ അളവ് ചെറുതാണെന്നു കണ്ടെത്തി. ഇതു സംഭവിക്കാനുള്ള കാരണം അന്വേഷിക്കുമെന്ന് കലക്ടർ യുഡിഎഫ് പ്രതിനിധികളോട് പറഞ്ഞു.
എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തിലെത്തിയതിനാൽ നടപടി നിർത്തിവച്ചു ചിഹ്നം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും കലക്ടർ പറഞ്ഞു. പരാതിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും കലക്ടർ പറഞ്ഞു.
പയ്യാനക്കൽ വാർഡിൽ 2 ചിഹ്നങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നു പരാതി
കോർപറേഷനിലെ പയ്യാനക്കൽ വാർഡിൽ 2 ചിഹ്നങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നു പരാതി ഉയർന്നു.
ഇവിടെ ലീഗ് സ്ഥാനാർഥിക്ക് ഏണിയാണ് ചിഹ്നം. അപര സ്ഥാനാർഥിയുടെ ചിഹ്നം ക്രിക്കറ്റ് ബാറ്റാണ്.
ബാലറ്റിൽ ഏണിയുമായി സാമ്യം തോന്നുന്ന തരത്തിൽ ക്രിക്കറ്റ് ബാറ്റ് ചെരിച്ചുവച്ചതായാണ് പരാതി നൽകിയത്. സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഔദ്യോഗിക ചിഹ്നങ്ങളോട് സാമ്യമുള്ള ചിഹ്നങ്ങൾ നൽകരുതെന്ന നിർദേശമുണ്ടായിരിക്കെയാണ് അപര സ്ഥാനാർഥിക്ക് ക്രിക്കറ്റ് ബാറ്റ് അനുവദിച്ചത്.
ഇതിനെതിരെ പയ്യാനക്കൽ വാർഡ് യുഡിഎഫ് ചീഫ് ഏജന്റ് മുഹമ്മദ് മദനി വരണാധികാരിക്കു പരാതി നൽകി. നടപടി നിർത്തിവയ്ക്കാനാവില്ലെന്ന് അറിയിച്ചതിനാൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയും യുഡിഎഫ് ജില്ലാ കമ്മിറ്റിയും ചീഫ് ഇലക്ഷൻ കമ്മിഷനും പരാതി നൽകി.
തുടർനടപടികൾക്കു കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

