വടകര∙ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി ഇഴയുന്നതും ഗതാഗതയോഗ്യമല്ലാത്ത സർവീസ് റോഡും കാരണം നഗരത്തിലെ വ്യാപാര മേഖലയിൽ വൻ പ്രതിസന്ധി. ഈ ഓണക്കാലത്തു പോലും നഗരത്തിലെ പല കടകളിലും പ്രതീക്ഷിച്ച കച്ചവടം നടന്നില്ല.
നഗരത്തിലേക്കു വരാനുള്ള പ്രയാസം കാരണം മറ്റിടങ്ങളിലേക്കു പോകുകയാണ് ഉപയോക്താക്കൾ. മലബാറിൽ പ്രസിദ്ധമായ വടകരയിലെ കൊപ്ര – മലഞ്ചരക്ക് വ്യാപാര മേഖലയിലും മാന്ദ്യമാണ്.
ദേശീയ പാതയോരത്തെ ഒട്ടേറെ കടകൾ കച്ചവടം നിർത്തി. ബാക്കി പലരും പകരം കടമുറി അന്വേഷിക്കുന്നു.
തകർന്ന സർവീസ് റോഡിലൂടെ ഗതാഗതം ബുദ്ധിമുട്ടാണ്.
നല്ല സർവീസ് റോഡ് പണിയണമെന്ന ആവശ്യം പോലും ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും പരിഗണിക്കുന്നില്ല. പല ഭാഗത്തെയും കവലകൾ അടച്ചിട്ടിരിക്കുന്നു.
ഇവിടങ്ങളിൽ അര കിലോമീറ്റർ ദൂരം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടാണ്.
സർവീസ് റോഡിനു വീതി കുറവാണ്. ഇത് കാരണം പലപ്പോഴും കുഴിയിൽ വീഴുന്ന വാഹനങ്ങൾ കാരണം പിന്നാലെ കുരുക്കാകും.
പാതയുടെ ഓരത്ത് ഓവുചാലും മുകളിൽ നടപ്പാതയുമുണ്ട്. റോഡിന് വീതി കുറവായത് കാരണം വാഹനം ഇതിൽ കയറി പോകുമ്പോൾ സ്ലാബ് പൊട്ടും.
ഇതും കുരുക്കിനു കാരണമാകുന്നു. മഴ മാറിയാൽ പൊടി ശല്യം രൂക്ഷമാണ്.
നഗരത്തിലെ പല സ്ഥാപനങ്ങളും സമീപ പ്രദേശങ്ങളിലേക്കു മാറ്റി.
ദേശീയപാതയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരും വടകരയിൽനിന്നു മാറി. പാതയോരത്ത് പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫി ഹൗസ് പുതിയ സ്ഥലത്തേക്ക് മാറുകയാണ്.
ബാങ്കുകൾ, വാഹന ഷോറൂമുകൾ തുടങ്ങിയവയെല്ലാം മറ്റിടങ്ങളിലേക്കു മാറി. കൊപ്ര മാർക്കറ്റിലേക്ക് വരാനുള്ള ബുദ്ധിമുട്ട് കാരണം പ്രാദേശികമായി തുടങ്ങിയ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണു പലരും.
ഇത് കാരണം അടയ്ക്കാത്തെരു, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിലെ കൊപ്ര മാർക്കറ്റിൽ കച്ചവടം കുറഞ്ഞു.
ദേശീയപാത വഴി പോകേണ്ട സ്ഥലങ്ങളിലേക്കു മിക്ക ഓട്ടോറിക്ഷകളും ഓട്ടം പോകുന്നില്ല.
ഓട്ടോ കുഴിയിൽ വീണ് തകരാറിലാകുന്നതാണു കാരണം. കുഴി കാരണം വൈകിയെത്തുന്ന ബസുകൾക്ക് ട്രിപ് നഷ്ടപ്പെടുന്നതും റിപ്പയർ വർധിച്ചതും കാരണം ബസ് ഉടമകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമരം തൽക്കാലം മാറ്റിവച്ചിരുന്നു.
ഇതിനു മുൻപ് തൊഴിലാളികൾ നടത്തിയ സമരം സർവീസ് റോഡ് മികച്ച രീതിയിൽ പുതുക്കി പണിയാമെന്ന ഉറപ്പ് ലഭിച്ചപ്പോൾ പിൻ വലിച്ചതാണ്. എന്നാൽ, ഇപ്പോൾ നടത്തിയ അറ്റകുറ്റപ്പണി രണ്ടു മഴ പോലും അതിജീവിക്കാത്ത തരത്തിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]