
ഒളവണ്ണ∙ പന്നിയങ്കര ഒളവണ്ണ ദേശീയപാത കൊടൽ നടക്കാവ് വരെ റോഡ് വീതി 18 മീറ്ററിലാക്കി നിർമിക്കുന്നതിന് സർവേ കല്ലുകൾ സ്ഥാപിച്ച് നമ്പർ ഇട്ടു. തുടർ നടപടികൾ ആരംഭിച്ചു.
2024 മാർച്ചിലാണ് സർക്കാർ ഈ റോഡിന് ഭരണാനുമതി നൽകിയത്. 18 മീറ്റർ വീതിയിലാണ് റോഡ് വരുന്നത്. ഇത് സംബന്ധിച്ച് ഒരു വിവരവും അറിഞ്ഞിട്ടില്ലെന്നാണ് സ്ഥല ഉടമകൾ പറയുന്നത്. റോഡിന് ഭരണാനുമതി നൽകിയ ശേഷവും പഞ്ചായത്ത് കെട്ടിട
പ്ലാൻ അനുവദിച്ചതായാണ് ഉടമസ്ഥർ പരാതിപ്പെടുന്നത്.
നിലവിലുള്ള ആറ് മീറ്റർ വീതിയുള്ള റോഡിന്റെ രണ്ട് വശവും മൂന്ന് മീറ്റർ വീതം ഒഴിവാക്കി 12 മീറ്റർ റോഡ് കണക്കാക്കിയാണ് പ്ലാൻ അനുവദിച്ചിരുന്നത്. അനുവദിച്ച പ്ലാൻ പ്രകാരം നിർമിച്ച വീടുകളും, നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടുകളും പൂർണമായി നഷ്ടപ്പെടുന്ന രീതിയിലാണ് ഇപ്പോൾ സർവേ കല്ല് സ്ഥാപിച്ചിരിക്കുന്നത്.
ഒളവണ്ണ പഞ്ചായത്തിലെ പൂളക്കടവ് പാലം മുതൽ കൊടൽ നടക്കാവ് വരെ 36 പേർക്കാണ് വീടുകൾ നഷ്ടപ്പെടുന്നത്. പുറമേ മുപ്പതോളം കടകളും തൊഴിൽ സ്ഥാപനങ്ങളും നഷ്ടപ്പെടും.
രണ്ടു മാസം മുമ്പ് ഗൃഹപ്രവേശം നടത്തിയവരും തീയതി തീരുമാനിച്ചവരും ഉൾപ്പെടെയുള്ള വീട്ടുടമകളുടെ സ്വപ്നമാണ് പൊലിയുന്നത്. ഭൂമിയും, വീടും നഷ്ടപ്പെടുന്നവരുടെ പരാതികൾ കേൾക്കുമെന്നും അർഹമായ നഷ്ടപരിഹാരംലഭ്യമാക്കി ജനങ്ങളുടെ പ്രയാസം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും ജനപ്രതിനിധികൾ ഉറപ്പു നൽകുന്നുണ്ട്.കേരള റോഡ്സ് ഫണ്ട് ബോർഡിന്റെ നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വീതി കൂട്ടുന്ന റോഡിന് പന്തീരാങ്കാവ് ദേശീയ പാതയോട് ചേർന്ന് കൊടൽ നടക്കാവ് വരെ സർവേ കല്ലുകൾ നാട്ടി നമ്പർ ഇട്ടു കഴിഞ്ഞു.
അബ്ബാസിന്റെ വീട് വീണ്ടും പോകും, റോഡിനായി
പന്തീരാങ്കാവ്∙ ഒരു റോഡിനു വേണ്ടി വീടും സ്ഥലവും പോയപ്പോൾ കഷ്ടപ്പെട്ട് മറ്റൊരിടത്ത് വീടുവച്ചു.
നാലു മാസം മുൻപ് ഇവിടെ താമസം തുടങ്ങുമ്പോൾ അരമ്പച്ചാലിൽ അബ്ബാസ് മനസ്സിൽ പോലും കരുതിയിരുന്നില്ല, ഈ വീടും മറ്റൊരു റോഡിന് ഇരയാകുമെന്ന്! പെരുമണ്ണ വള്ളിക്കുന്ന് അരമ്പച്ചാലിൽ അബ്ബാസിനാണ് ഈ ദുർഗതി.
പാലക്കാട്–കോഴിക്കോട് ഹരിത ദേശീയപാത വരുന്നതിനാൽ അബ്ബാസിന്റെ വീടും, സ്ഥലവും അക്വയർ ചെയ്തു. അരമ്പച്ചാൽ വീട് ഒഴിഞ്ഞു.
ഒളവണ്ണ കൂഞ്ഞാമൂലയിൽ വീട് നിർമിച്ചു.
നാല് മാസം മുമ്പ് വീട്ടിൽ താമസമാക്കി. ഈ വീട് ഉള്ള സ്ഥലത്തൂടെ റോഡ് പോകുന്ന വിധമാണ് പന്നിയങ്കര –ഒളവണ്ണ റോഡ് സർവേ ഇപ്പോൾ നടത്തിയത്. സഹോദരി റുഹൈമത്തിന്റെ ചാത്തോത്തറ റോഡിന് സമീപ സ്ഥലത്താണ് അബ്ബാസ് വീട് വച്ചത്.
37 ലക്ഷം രൂപ കടം വാങ്ങിയാണ് നിർമാണം നടത്തിയതെന്നു അബ്ബാസ് പറഞ്ഞു. ആറ് മീറ്റർ വിട്ടാണ് അബ്ബാസ് വീട് നിർമിച്ചത്.
മുഖ്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവർക്കും പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]