
കോഴിക്കോട്∙ കലക്ടറേറ്റ് റവന്യു വിഭാഗത്തിൽ, കാലാവധി തികയും മുൻപേ ടൈപ്പിസ്റ്റ് ജീവനക്കാർക്ക് ക്ലാർക്കായി നിയമനം നൽകിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി ഭരണ മുന്നണിയിലെ സർവീസ് സംഘടനയും രംഗത്ത്. നിയമനത്തിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് വന്നു 3 ദിവസം പിന്നിട്ടിട്ടും മൗനം പാലിച്ച ജോയിന്റ് കൗൺസിൽ, നിയമനത്തിനു പിന്നിൽ സാമ്പത്തിക ഇടപാടു നടന്നതായി ആരോപണം ഉയർന്നതോടെയാണ് ഇന്നലെ കലക്ടറുടെയും എഡിഎമ്മിന്റെയും ഓഫിസ് വരാന്തയിൽ ബോർഡ് സ്ഥാപിച്ചത്.
പിഎസ്സി നിയമനം അട്ടിമറിക്കാൻ ശ്രമിച്ച് നിയമവിരുദ്ധ തസ്തിക മാറ്റം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടത്.
പുതുതായി ടൈപ്പിസ്റ്റായി നിയമനം ലഭിച്ചവർ ഏറെയും ജോയിന്റ് കൗൺസിൽ അംഗങ്ങളെന്ന സൂചന ലഭിച്ചതോടെയാണു പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ദിവസം എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ എഡിഎം ഓഫിസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.
റാങ്ക് ലിസ്റ്റ് നിലനിൽക്കെ കലക്ടറേറ്റിലെ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ 5 ടൈപ്പിസ്റ്റുകൾക്ക് ക്ലാർക്കായി മാറ്റം നൽകുകയും ഈ ഒഴിവിൽ പുതുതായി 5 ടൈപ്പിസ്റ്റ് നിയമനം നടത്തിയതും ചില ഉദ്യോഗസ്ഥരുടെ താൽപര്യത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു.
നിലവിൽ 5 വർഷം പൂർത്തീകരിച്ച ശേഷമേ മാറ്റം നടക്കാവൂ എന്ന ചട്ടം ലംഘിച്ചാണ് നിയമനം. ഫയൽ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥനിൽ നിന്നു വീഴ്ച വന്നതാണോ എന്നു പരിശോധിക്കാൻ റവന്യു വിഭാഗം ശ്രമിച്ചെങ്കിലും ജീവനക്കാരൻ അവധിയിൽ പ്രവേശിച്ചു.
പ്രാഥമിക പരിശോധനയിൽ കഴിഞ്ഞ 9 വർഷത്തിനിടെ 82 പേർ ഇത്തരത്തിൽ കാലാവധി പൂർത്തിയാകും മുൻപ് വിവിധ വകുപ്പിൽ തസ്തിക മാറ്റം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പലരും ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട്, വില്ലേജ് ഓഫിസർ തസ്തികകളിൽ വരെ എത്തിയതായും പറയുന്നുണ്ട്.
റാങ്ക് ഹോൾഡേഴ്സിന്റെ പരാതിയിൽ ജില്ലയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കഴിഞ്ഞ 31ന് വിവാദ തസ്തിക ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ട്രൈബ്യൂണലിന്റെ പ്രാഥമിക റിപ്പോർട്ടിൽ തുടരന്വേഷണവും പരാതിക്കാരെയും റവന്യു ഉദ്യോഗസ്ഥരെയും കേട്ട് അന്തിമ റിപ്പോർട്ട് പുറത്തു വന്നാലേ തുടർ നടപടികളുണ്ടാകൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]