
വടകര ∙ പനിക്കാലമായതോടെ ജില്ലാ ആശുപത്രിയിൽ രോഗികളുടെ വൻ തിരക്ക്. തിരക്കു കാരണം ഒപി കൗണ്ടർ മുതൽ ഡോക്ടറുടെ പരിശോധനാ മുറി വരെ നിന്നു തിരിയാൻ ഇടമില്ലാത്ത വിധം രോഗികളും കൂടെ വന്നവരുമാണ്.
ഇരിപ്പിടം കുറവായതു കൊണ്ടു രോഗികളിൽ ഭൂരിഭാഗവും നിൽക്കണം. കഴിഞ്ഞ 2 ദിവസമായി തിരക്കു കാരണം ജീവനക്കാരും ബുദ്ധിമുട്ടിലാണ്.2 ദിവസമായി ഒപി കൗണ്ടറിൽ ടിക്കറ്റ് ഫുൾ ആയി.
1600 പേരാണ് എത്തിയത്. ഇതിനു ശേഷം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയവർ 400 എണ്ണം വരും.
ഇത്രയും രോഗികളെ നോക്കാൻ ആവശ്യമായ ഡോക്ടർമാരോ ജീവനക്കാരോ ആശുപത്രിയിൽ ഇല്ല.
ജില്ലാ പദവി കിട്ടിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ 5 ഡോക്ടർമാർ വേണ്ട സ്ഥാനത്ത് 2 പേരാണുള്ളത്.
ഉച്ചയ്ക്ക് ശേഷം അത്യാഹിത വിഭാഗത്തിൽ അപകട കേസുകൾ വന്നാൽ ഡോക്ടരുടെ ശുശ്രൂഷ കഴിഞ്ഞു വരുന്നതു വരെ ഏറിയ പങ്കും പനി ബാധിതർ കാത്തു നിൽക്കണം.
പകർച്ചപ്പനി, ഡെങ്കി, മഞ്ഞപ്പിത്തം എന്നിവ വർധിച്ചതോടെ ലാബിലും തിരക്കാണ്.
ഇവിടെയും 2 ജീവനക്കാരുടെ കുറവുണ്ട്. ഒട്ടു മിക്ക മരുന്നുകളും ഉണ്ടെങ്കിലും ടോക്കൺ പ്രകാരമുള്ള മരുന്നു വിതരണം കഴിയുമ്പോൾ രാത്രിയാകും.
ജില്ലാ പദവി കിട്ടിയിട്ടും അതിനു വേണ്ട ഡോക്ടർമാരെ ഇവിടേക്ക് അനുവദിച്ചിട്ടില്ല.
73 ഡോക്ടർമാർ വേണ്ട സ്ഥാനത്തു പകുതി പേരാണുള്ളത്.
സ്ഥലം മാറി പോകുന്നവർ പകരം ആൾ വരുന്നതിനു മുൻപേ സ്ഥലം വിടുന്നതു കൊണ്ട് ഡോക്ടർമാരുടെ കുറവ് മിക്കപ്പോഴുമുണ്ട്.
ദുരിതം അനുഭവിച്ച് നഴ്സുമാർ
വടകര ∙ ജില്ലാ ആശുപത്രിയിൽ ജോലി ഭാരത്താൽ വലഞ്ഞ് നഴ്സുമാർ. 6 ഒഴിവുകളാണ് നികത്താനുള്ളത്.
വിവരം ഡിഎംഒയെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടി ഇല്ല. പഠിച്ചു പുറത്തിറങ്ങുന്നവരെ താൽക്കാലികമായി നിയമിക്കാറുണ്ടെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ അതിനും നടപടിയില്ല.
41 നഴ്സുമാരെയാണ് നിയമിച്ചതെങ്കിലും 35 പേർ മാത്രമേ ഡ്യൂട്ടിയിലുള്ളൂ.അതിൽ തന്നെ 2 പേർ പ്രസവ അവധിയിലുമാണ്. ഡ്യൂട്ടി സമയം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞാലും പോകാൻ കഴിയാത്ത സ്ഥിതിയാണ്.
രാവിലെ മെഡിസിൻ വാർഡിൽ 2 പേർ ഡ്യൂട്ടിക്ക് ഉണ്ടാകും. എന്നാൽ, ഉച്ചയ്ക്ക് ശേഷവും രാത്രിയും ഒരാൾ വീതമാണ് ഡ്യൂട്ടി ചെയ്യുന്നത്.
ഓപ്പറേഷൻ ആരംഭിച്ചതോടെ പോസ്റ്റ് ഓപ്പറേഷൻ വാർഡ് സജീവമാണ്. രണ്ടു ഭാഗമായാണ് വാർഡ് സജ്ജീകരിച്ചിട്ടുള്ളത്.
ഓടി എത്താൻ കഴിയാത്ത സ്ഥിതിയാണ്. താൽക്കാലിക നഴ്സുമാരെ നിയമിച്ചെങ്കിലും ജോലി ഭാരം കുറയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]