
പെരുവണ്ണാമൂഴി റോഡ് തകർന്നു; വിനോദ സഞ്ചാരികളുടെ യാത്ര ദുരിതമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുവണ്ണാമൂഴി∙ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിലെ റോഡ് തകർന്നതോടെ വിനോദ സഞ്ചാരികളുടെ യാത്ര ദുരിതമായി. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവേശന കവാടം മുതൽ വർക് ഷോപ്പ് ജംക്ഷൻ വരെയുള്ള മേഖലയാണ് ടാറിങ് തകർന്നത്. ജലജീവൻ പദ്ധതിക്ക് പൈപ്പിടാൻ വെട്ടിപ്പൊളിച്ച് ഒന്നര മാസം മുൻപ് പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ ഭാഗമായി അടിയന്തരമായി നടത്തിയ റീടാറിങ്ങാണു ഇപ്പോൾ തകർന്നത്. പ്രവേശന കവാടത്തിൽ മെറ്റൽ ഉൾപ്പെടെ കുത്തിയൊഴുകി വൻ ഗർത്തം രൂപപ്പെട്ടു.
ജലസേചന വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. കുഴിയുള്ള ഭാഗത്ത് ഓവുചാലിലേക്ക് വെള്ളമൊഴുക്കി വിട്ടിരിക്കുകയാണ്. റോഡിൽ ഉറവയുള്ളതും പ്രശ്നമാണ്.ഈ റോഡിൽ 4 ഭാഗങ്ങളിൽ പാത നശിച്ചിട്ടുണ്ട്. ജലജീവൻ പൈപ്പിട്ട് കൃത്യമായി മണ്ണിട്ടു മൂടാതെ പെട്ടെന്ന് ചെയ്ത പ്രവൃത്തിയാണ് റോഡ് തകരാൻ കാരണമെന്ന് ജനങ്ങൾ പറയുന്നു. പൊൻമലപ്പാറ, അണ്ണക്കുട്ടൻചാൽ മേഖലയിലെ ഒട്ടേറെ കുടുംബങ്ങൾ യാത്രയ്ക്ക് ആശ്രയിക്കുന്ന പാതയാണിത്. പെരുവണ്ണാമൂഴിയിൽ നിന്നും ചക്കിട്ടപാറ എത്താനുള്ള ബൈപാസ് റോഡിൽ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ റോഡ് ടാറിങ്ങാണ് തകർന്നത്.