
വിലങ്ങാട് പുനരുദ്ധാരണം: വിശദീകരണവുമായി കലക്ടർ; വിലക്കില്ല, നിയന്ത്രണങ്ങൾ മാത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാണിമേൽ∙ ഉരുൾ പൊട്ടലിൽ കോടികളുടെ നഷ്ടമുണ്ടായ വിലങ്ങാട്ടെ 9, 10, 11 വാർഡുകളിൽ നിർമാണ പ്രവൃത്തികൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും വിദഗ്ധരുടെ വിലയിരുത്തലിനെ തുടർന്ന് ചില നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയതെന്നും കലക്ടർ സ്നേഹിൽ കുമാർ സിങ്. ഈ വാർഡുകളിൽ നിർമാണം നടത്തുന്നവർ ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർക്ക് അപേക്ഷ നൽകണമെന്നും അവരുടെ പരിശോധനയിൽ നിർമാണം നടത്തുന്നതിനു പ്രശ്നമില്ലെന്നു വ്യക്തമായാൽ അനുമതി നൽകുമെന്നും കലക്ടർ അറിയിച്ചു.
വിലങ്ങാട്ടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ചേർന്ന അവലോകന യോഗത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നിർമാണ വിലക്കിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടിൽ കാര്യങ്ങൾ എളുപ്പത്തിൽ നീങ്ങിയെങ്കിലും ദുരന്തമുണ്ടായിട്ട് 10 മാസമായിട്ടും വിലങ്ങാടിന്റെ കാര്യത്തിൽ അവഗണന തുടരുന്നെന്ന പരാതിയെക്കുറിച്ചു ചോദിച്ചപ്പോൾ വയനാടിനു സമാനമായതല്ല വിലങ്ങാട്ടെ സ്ഥിതി എന്നായിരുന്നു കലക്ടറുടെ പ്രതികരണം. വിലങ്ങാടിന്റെ കാര്യത്തിൽ പരിശോധനകളും പഠനങ്ങളും ഇനിയും നടത്താനുണ്ടെന്നും ആർക്കും അർഹതപ്പെട്ട സഹായം ലഭിക്കാതെ പോകില്ലെന്നും കലക്ടർ അറിയിച്ചു.
ഇ.കെ.വിജയൻ എംഎൽഎയും മറ്റു ജനപ്രതിനിധികളും നിർമാണ വിലക്കിന്റെ കാര്യത്തിലും പുനരുദ്ധാരണം വൈകുന്നതിലുമുള്ള ആശങ്ക പങ്കുവച്ചു. മഴ തുടങ്ങാൻ ഇനി ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ. റോഡും പാലങ്ങളുമൊക്കെ ഇപ്പോഴും പഴയ പടിയിൽ തന്നെയാണുള്ളതെന്നിരിക്കെ മഴക്കാലം മറ്റൊരു ദുരിതത്തിന്റേതാകുമെന്ന ആശങ്ക യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ഉന്നയിച്ചപ്പോൾ നടപടി ത്വരിതപ്പെടുത്താമെന്നായിരുന്നു മറുപടി.
തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിക്കു പോലും വിലക്ക് ഏർപ്പെടുത്തിയതായും 250 തൊഴിലുറപ്പുകാർ ഇപ്പോൾ തൊഴിൽരഹിതരാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ പറഞ്ഞു. ഗ്രാമീണ റോഡുകളുടെയടക്കം പ്രവൃത്തി തുടങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും അവർ വിവരിച്ചു. വീടു നഷ്ടമായ 31 പേരുടെ പട്ടികയിൽ നിന്ന് ഒഴിവായ സ്കറിയ, ജോർജ് എന്നിവരുടെ കാര്യത്തിൽ സംഭവിച്ചത് സാങ്കേതികപ്പിഴവാണെന്നും ഇക്കാര്യം പരിശോധിച്ചു നടപടി എടുക്കാൻ നിർദേശം നൽകിയതായും കലക്ടർ പറഞ്ഞു.
പട്ടികയിലുണ്ട്; സഹായം കിട്ടിയില്ല
വാണിമേൽ∙ വിലങ്ങാട്ടെ ഉരുൾ പൊട്ടലിൽ വൻ നഷ്ടമുണ്ടാവുകയും കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് ഓടി രക്ഷപ്പെടുകയും ചെയ്ത അൻപതിലേറെ വീട്ടുകാർ അർഹതപ്പെട്ട സർക്കാർ സഹായം ലഭിച്ചില്ലെന്ന പരാതിയുമായി ഇന്നലെ വീണ്ടും കലക്ടർക്കും എംഎൽഎക്കും മുൻപിൽ എത്തി. ഉദ്യോഗസ്ഥർ തയാറാക്കിയ പട്ടികയിൽ ഇവരുണ്ട്. മന്ത്രിമാർ അടക്കമുള്ളവരും ചീഫ് സെക്രട്ടറി അടക്കമുള്ളവരും ഇവരുടെ ദുരിതം പലപ്പോഴായി കേട്ടതും കണ്ടതുമാണ്. എന്നിട്ടും എന്തുകൊണ്ട് അവഗണിക്കുന്നു എന്നായിരുന്നു ഇവരുടെ ചോദ്യം. യോഗങ്ങൾ പല തവണ ചേർന്നു. രേഖകൾ പലരും പല തവണ പരിശോധിച്ചു. വരാനിരിക്കുന്ന മഴക്കാലത്ത് എങ്ങോട്ടു പോകണമെന്നുള്ള ചോദ്യമുയർന്നപ്പോൾ എല്ലാവരുടെയും വിലാസവും ഫോൺ നമ്പറും ശേഖരിക്കുക എന്ന എളുപ്പ വഴിയാണ് അധികൃതർ സ്വീകരിച്ചത്.
ഇ.കെ.വിജയൻ എംഎൽഎ, കലക്ടർ സ്നേഹിൽകുമാർ സിങ്, പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, വൈസ് പ്രസിഡന്റ് സൽമാ രാജു, മെംബർമാരായ എം.കെ.മജീദ്, പി.ശാരദ, രാഷ്ട്രീയ നേതാക്കളായ പി.എ.ആന്റണി, ടി.പ്രദീപ്കുമാർ, എൻ.പി.വാസു, ജലീൽ ചാലക്കണ്ടി, എൻ.കെ.മൂസ, അഷ്റഫ് കൊറ്റാല, ജോണി മുല്ലക്കുന്നേൽ, കെ.ജെ.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.