കോഴിക്കോട് ∙ ‘കോടതിമുറിയിലെ വാദിക്കും പ്രതിക്കും ഇടയിൽ മരിച്ചവന്റെ നാക്കാണ് ഫൊറൻസിക് സർജൻ. താൻ എങ്ങനെ മരിച്ചു എന്ന് ലോകത്തെ അറിയിക്കാനുള്ള ഏക വഴി–’ 34 വർഷം നീണ്ട
തന്റെ ദൗത്യത്തെ ഡോ.ഷെർലി വാസു വാക്കുകളിലേക്ക് ചുരുക്കിയത് ഇങ്ങനെയായിരുന്നു.മാറാട് കലാപത്തിലെ ഇരകൾ… പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ… മുത്തങ്ങ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ആദിവാസികളുടെ മൃതദേഹങ്ങൾ… ഗോവിന്ദച്ചാമിയുടെ വൈകൃതങ്ങളിൽ കൊല്ലപ്പെട്ട
പെൺകുട്ടി.. ‘ഞാൻ ഗന്ധർവൻ ’ സിനിമയുടെ പ്രചാരണത്തിനിടെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംവിധായകൻ പത്മരാജൻ… ഇങ്ങനെ ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലൂടെ പുറത്തു വന്ന യാഥാർഥ്യങ്ങൾ എത്രയെത്ര!
മരണാനന്തര ദൗത്യം എന്നതിനപ്പുറം പോസ്റ്റ്മോർട്ടം ഒട്ടേറെ സാമൂഹികസുരക്ഷാ ദൗത്യങ്ങൾ നിറവേറ്റുന്നതായി ഷെർലി വാസു എഴുതിയ ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിൽ പറയുന്നു. തലശ്ശേരിക്കടുത്ത് കതിരൂർ ഗ്രാമത്തിലെ കലാപം ഒഴിവാക്കിയതാണ് ഡോക്ടർ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
രാഷ്ട്രീയ വൈരാഗ്യം മൂലം മനുഷ്യക്കശാപ്പ് നിത്യസംഭവമായ നാട്ടിൽ വെട്ടിന്റെ രീതിക്കു പോലും രാഷ്ട്രീയം ഉണ്ടായിരുന്നു. ഒരു ഓണക്കാലത്ത് പരസ്പരധാരണയുടെ പേരിൽ രണ്ട് പാർട്ടികളും അടി നിർത്തി.പുതിയ സൗഹൃദം ആഘോഷിക്കാൻ രണ്ടു കൂട്ടരും ചേർന്ന് മദ്യസൽക്കാരം നടത്തി.
ലഹരിയുടെ പാരമ്യത്തിൽ കൂട്ടത്തിലൊരാൾ അടുത്തു കണ്ട
കിണറ്റിലേക്കെടുത്തു ചാടിയെന്ന് ഒരു പക്ഷം. വൈരാഗ്യം തീർക്കാൻ കിണറ്റിലേക്കെറിഞ്ഞതാണെന്ന് എതിർപക്ഷം.
ഗ്രാമം വീണ്ടും കലാപം മുന്നിൽ കണ്ടു. പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കാർഡിയോമയോപ്പതി ആണ് മരണകാരണം എന്നു വ്യക്തമായി.
ഹൃദയപേശികൾക്കു വീക്കവും ബലക്കുറവും ഹൃദയതാളഭ്രംശവും എന്ന തകരാറുള്ളയാളായിരുന്നു പരേതൻ. മദ്യത്തിന്റെ സാന്നിധ്യത്തിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റി മസ്തിഷ്ക രക്തപ്രവാഹത്തിനു ഭംഗം വന്നതു വഴി താൽക്കാലിക ഉന്മാദാവസ്ഥ പിടിപെട്ടാണ് കിണറ്റിലേക്ക് എടുത്തു ചാടിയതെന്ന് ഡോക്ടർ വിധിയെഴുതി.
കൊലപാതകമെന്ന തെറ്റിദ്ധാരണയുടെ പേരിൽ സംഭവിച്ചേക്കാവുന്ന വലിയ കലാപമാണ് അന്ന് വഴിമാറിപ്പോയത്.
പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചതും മാലയുടെയും വാച്ചിന്റെയും ശേഷിപ്പുകൾ നോക്കി ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതും വേദനയോടെയാണ് നോക്കി നിന്നത്. എഴുത്തുകാരനും സംവിധായകനുമായ പി.പത്മരാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു വന്ന് ടേബിളിൽ കിടത്തിയത് നടന്മാരായ നിതീഷ് ഭരദ്വാജും എം.ജി.സോമനും ചേർന്നാണ്.
നിതീഷിനെ കാണാനുള്ള നഴ്സിങ് വിദ്യാർഥിനികളുടെ തിക്കിത്തിരക്ക് ഒഴിവാക്കി, പോസ്റ്റ്മോർട്ടം ആരംഭിച്ചു.
പ്രശാന്ത ഭാവത്തിൽ നിദ്രയിലെന്നവണ്ണം പത്മരാജൻ കിടക്കുമ്പോൾ സോമൻ കലങ്ങിയ കണ്ണുകളുമായി പുറത്തു നിൽക്കുകയായിരുന്നു. ‘ഡോക്ടർക്കും എന്നെപ്പോലെ ആ കാഴ്ച കാണാൻ പറ്റുന്നില്ല അല്ലേ’ എന്ന് സോമൻ തന്നോടു ചോദിച്ചത് ഷെർലി വാസു ഓർക്കുന്നുണ്ട്.
ഗോവിന്ദച്ചാമി പ്രതിയായ കേസിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് തെളിവുണ്ടെന്ന് വ്യക്തമായി കണ്ടെത്തിയത് ഷെർലി വാസുവാണ്. ശരീരത്തിൽ നിന്നു ലഭിച്ച രണ്ടു ബീജ സാംപിളുകളും പരിശോധിച്ച് ഗോവിന്ദച്ചാമിയുടേതാണെന്ന കണ്ടെത്തലും നടത്തിയത് ഈ റിപ്പോർട്ടിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]